ശബരിമല: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ തിരുനടയില്‍ അയ്യനെ തൊഴുതുനില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ഡി.പി.സിങ് ഔജലയ്ക്ക് വാക്കുകള്‍ മുറിഞ്ഞു. എങ്കിലും ആനന്ദക്കണ്ണീരിനിടയില്‍ അദ്ദേഹം പറഞ്ഞു- 'നന്ദിയുണ്ട് ഭഗവാനേ, രണ്ടാംജന്മം തന്നതിന്; അങ്ങയെ കണ്‍നിറയെകണ്ട് തൊഴാന്‍ കഴിഞ്ഞതിനും...'
ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന ഡി.പി.സിങ്ങിന് അയ്യപ്പദര്‍ശനം ആത്മാവോളം ചേര്‍ന്ന ആഗ്രഹമായതിനുപിന്നിലെ കഥ ഡിസംബര്‍ രണ്ടിന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. 1985 മേയ് 18-നായിരുന്നു അതിനാസ്പദമായ സംഭവം.
കൊച്ചി നാവികസേനയുടെ സമുദ്രനിരീക്ഷണവിമാനം പശ്ചിമഘട്ടത്തില്‍ കാണാതായി. അതു തിരയാന്‍ നിയോഗിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ഡി.പി.സിങ്. തേക്കടിയില്‍നിന്നാരംഭിച്ച, കാനനമേഖലയിലൂടെയുള്ള സാഹസികമായ തിരച്ചില്‍ ഒരു പകല്‍മുഴുവന്‍ തുടര്‍ന്നു. നേരമേറെ കഴിഞ്ഞപ്പോഴാണ് ഹെലികോപ്റ്ററില്‍ ഇന്ധനം കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഒരിടം കണ്ടെത്താനാകാതെ സിങ് വിഷമിച്ചു. ഒടുവില്‍ മലകള്‍ക്കിടയിലൂടെ തെളിഞ്ഞുവന്ന ഒരുമൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കി. 'ദാ, ഇവിടമാണത്...'-ശബരിമലയിലേക്ക് വരുംവഴി പമ്പ ബസ് സ്റ്റാന്‍ഡിനുമുന്നില്‍ കാര്‍ നിര്‍ത്തി ക്യാപ്റ്റന്‍ സിങ് പറഞ്ഞു.
അന്നിവിടെ ആകെ ഒരുകെട്ടിടമേ ഉണ്ടായിരുന്നുള്ളൂ. സീസണല്ലാത്തതിനാലാകണം ഒറ്റവാഹനംപോലും കണ്ടില്ല. ഒരുരാത്രിമുഴുവന്‍ അദ്ദേഹം അവിടെ കഴിച്ചുകൂട്ടി. തനിക്ക് അഭയംതന്നത് അയ്യപ്പനാണെന്ന് അന്നുമുതല്‍ സിങ് വിശ്വസിക്കുന്നു. ശബരിമല ദര്‍ശനത്തിനെത്തണമെന്നും അന്ന് നിശ്ചയിച്ചതാണ്. പമ്പ അദ്ദേഹം നടന്നുകണ്ടു.
ഏറെക്കാലം സഹപ്രവര്‍ത്തകനായിരുന്ന തിരുവനന്തപുരം സ്വദേശി കേണല്‍ ശ്രീനാഗേഷ് ബി.നായരുടെ വീട്ടില്‍നിന്നാണ് ക്യാപ്റ്റന്‍ സിങ്ങും ഭാര്യയും ചൊവ്വാഴ്ച ശബരിമലയിലെത്തിയത്. പഞ്ചാബ് സര്‍ക്കാരിന്റെ ചീഫ് പൈലറ്റായി വിരമിച്ച അദ്ദേഹം ചണ്ഡീഗഢിലാണ് താമസിക്കുന്നത്.
Content Highlights: captain sing visit sabarimala
Published: 18 Dec 2024, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented