ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിച്ച് ഡിസംബര്‍ 14-ന് 29 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. ഈ സീസണില്‍ 29 ദിവസത്തെ ആകെ വരുമാനം 163.89 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നു. ഇത്തവണ 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്. ഇതില്‍വലിയപങ്ക് അരവണവില്പനയില്‍നിന്നുതന്നെ.

To advertise here,

ഇത്തവണ 82.68 കോടി രൂപയുടെ അരവണ വിറ്റു. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. അതായത് ഇത്തവണ ശബരിമലയില്‍ ആകെവരുമാനത്തില്‍ ഉണ്ടായ 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണവില്പനയില്‍നിന്നാണ്. കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ അധികമെത്തി. ഈ സീസണില്‍ 29 ദിവസംകൊണ്ട് ദര്‍ശനം നടത്തിയത് 22.67 ലക്ഷം ഭക്തരാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയംവരെ 18.17 ലക്ഷമായിരുന്നു ദര്‍ശനം നടത്തിയത്. ഇത്തവണ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്‍ശനത്തിനെത്തിയത്.

പത്രസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത് ആണ് കണക്കുകള്‍ വിശദീകരിച്ചത്. കഴിഞ്ഞ സീസണേക്കാള്‍ നാലരലക്ഷത്തിലേറെ ഭക്തര്‍ കൂടുതലായി എത്തിയിട്ടും പരാതികളൊന്നുമില്ലാതെ എല്ലാവര്‍ക്കും സുഖദര്‍ശനം നടത്താന്‍ കഴിഞ്ഞു എന്നത് ഇത്തവണത്തെ ക്രമീകരണങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. അരവണ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ സാധിച്ചത് വരുമാനവര്‍ധനയില്‍ പ്രധാനഘടകമായി. ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ 40 ലക്ഷം ടിന്‍ അരവണ കരുതല്‍ എന്ന നിലയില്‍ സ്റ്റോക്ക് ചെയ്തിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് സംവിധാനം വിജയകരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുളയില്‍നിന്ന് ഡിസംബര്‍ 22-ന് രാവിലെ ആറിനുപുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25-ന് വൈകീട്ട് അഞ്ചിന് സന്നിധാനത്ത് എത്തും. വൈകീട്ട് 6.30-ന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. പോലീസും ദേവസ്വം ബോര്‍ഡ് ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന കര്‍പ്പൂരാഴി ഡിസംബര്‍ 23-നും 24-നുമാണ്.