ലിയ വായനക്കാരനൊന്നുമല്ല ഞാന്‍. ഇഷ്ടമുള്ളവ ഇഷ്ടംപോലെ വായിക്കുന്നൊരാള്‍. ഒരുവരിക്കവിതയില്‍ വേണമെങ്കില്‍ ഒരു ജന്മം മുഴുവന്‍ കഴിച്ചുകൂട്ടാമെന്നാണെന്റെ വിശ്വാസവും അനുഭവവും. പ്രിയപുസ്തകം കൈയില്‍വന്നാലും അതൊരു കാവ്യപുസ്തകമാണെങ്കില്‍, മെല്ലെമെല്ലെ അനുധ്യാനപൂര്‍വം ആസ്വദിക്കുന്നതാണെന്റെ ശീലം. 

To advertise here,

വായനയെന്നാല്‍ കൊടുംവിശപ്പുകൊണ്ടുള്ള തീറ്റയല്ല എനിക്ക്. ഓരോ തരിയും രുചിച്ചുകഴിക്കണം; ലുബ്ധനും കൊതിയനുമായ ഉറുമ്പിനെപ്പോലെ. അങ്ങനെ, ഈയിടെ, കൈയില്‍വന്ന മൂന്നു പുസ്തകങ്ങളെപ്പറ്റി പറയാം. 'ജപ്പാനിലെ മരണകവിതകള്‍' (Japanese Death Poems) എന്ന പുസ്തകമാണൊന്ന്. ലാല്‍ ദെദ്ദിന്റെയും മീര്‍ തകി മീറിന്റെയും കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളാണ് മറ്റു രണ്ടുപുസ്തകങ്ങള്‍. ജപ്പാനിലെ സെന്‍ഗുരുക്കന്മാരും ഹൈക്കുകവികളും അവരുടെ മരണത്തിനു തൊട്ടുമുമ്പ് അവസാനമെഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യത്തേത്. രോഗാവസ്ഥയിലോ ആസന്നമരണാവസ്ഥയിലോ പിന്നിട്ട ജീവിതത്തെയോ അതിന്റെ അന്തിമനിമിഷങ്ങളെയോ അവര്‍ മാരകമായൊരു മിന്നല്‍പ്പിണറിന്റെ വെളിച്ചത്തില്‍ കുറുക്കിയെഴുതിയവ. ചിലത് പ്രസന്നം, ജ്ഞാനനിര്‍ഭരം. ചിലത് മ്ലാനം, വറ്റാത്ത ജീവിതാസക്തിയാല്‍ വ്യഥാഭരിതം. മറ്റേതൊരു കവിതയുടെയും വായനപോലെയല്ല ഈ കവിതകളുടെ വായന. 

മരണവിദ്യാലയത്തില്‍നിന്ന് ജീവിതപാഠങ്ങളഭ്യസിക്കുന്നതുപോലെയാണവ. ജീവിതസാരമെന്തെന്നും മനുഷ്യാവസ്ഥയുടെ അര്‍ഥമെന്തെന്നും അവശേഷിക്കുന്ന ജീവിതമാത്രകള്‍ പോലെ അതിദുര്‍ല്ലഭമായ കാവ്യവരികളാല്‍ കാട്ടിത്തരുന്നു ഈ അന്തിമവാങ്മയങ്ങള്‍. മറ്റു രണ്ടു പുസ്തകങ്ങള്‍ക്കും ഇത്ര സവിശേഷമായ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലാല്‍ ദെദ് എന്ന ലല്ലേശ്വരി ഭക്തിപ്രസ്ഥാനകാലത്തെ അനന്യയായ ഇന്ത്യന്‍കവയിത്രി. ആത്മീയതയുടെ ശുദ്ധവും സര്‍വതന്ത്രസ്വതന്ത്രവും വിമോചകവുമായ വാങ്മയരൂപം. മീര്‍ തകി മീര്‍, ഉറുദു ഗസലിന്റെ വിഷാദഭരിതമായ വിലാപപല്ലവികള്‍ തീര്‍ത്ത മഹാനായ കവി. കണ്ണീരിന്റെ സൗന്ദര്യലഹരിയെന്തെന്ന് തന്റെ ഗേയകാവ്യങ്ങളിലൂടെ പാടിപ്പറഞ്ഞു കൊണ്ടിരിക്കുന്ന ഗസലിന്റെ ജീവാത്മാവ്. ഇത്രയുമാണെന്റെ വായനയുടെ വര്‍ത്തമാനം. വലിയ വായനക്കാരുടെ നിഴലില്‍ ജീവിക്കുന്ന വിനീതനായ ഒരക്ഷരാനുരാഗിയുടെ ഹൃദയസാക്ഷ്യം.