
കൊച്ചി: വീട്ടിലേക്കു കയറുമ്പോള്‍ പൂമുഖം മുതലേയുണ്ട് പുസ്തകങ്ങള്‍. സ്വീകരണമുറിയില്‍ ആരംഭിക്കുന്ന പുസ്തകനിര ഏതാണ്ടെല്ലാ മുറികളിലേക്കും പടര്‍ന്നിരിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴായിരത്തോളം പുസ്തകങ്ങള്‍. ഏറെയും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍. ഡോ. സുനില്‍ പി. ഇളയിടത്തിന്റെ വീട് ശരിക്കും ഒരു പുസ്തകവീടാണ്. ഉജ്ജ്വല പ്രഭാഷണങ്ങളിലൂടെ മലയാളിയുടെ അകം നിറയ്ക്കുന്ന സുനില്‍ അതിനായി സ്വന്തം അകം നിറയ്ക്കുന്നു ഈ പുസ്തകസഞ്ചയത്തില്‍ നിന്ന്.
സ്‌കൂള്‍ പഠനകാലം മുതല്‍ കോട്ടുവള്ളിയില്‍ വീടിനടുത്തുള്ള പീപ്പിള്‍സ് ലൈബ്രറിയായിരുന്നു വായനാകേന്ദ്രം. കോളേജ് കാലത്ത് വായന ഗൗരവതരമായി. എന്‍.എം. പിയേഴ്‌സന്റെ നിര്‍ദേശങ്ങളും അദ്ദേഹത്തിന്റെ പക്കല്‍നിന്ന് ലഭിച്ച ഗ്രന്ഥങ്ങളും വായന ക്രമപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരന്റെ രചനകള്‍ പൂര്‍ണമായി വായിക്കുക തുടങ്ങിയ രീതികളിലേക്ക് എത്തിയതങ്ങനെയാണ്. പി. ഗോവിന്ദപ്പിള്ളയാണ് മാതൃകാ വായനക്കാരന്‍. ബഹുവിഷയ വായനയിലേക്ക് എത്തിയത് പി.ജി.യിലൂടെയാണ്.
മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകളിലൂന്നിയുള്ള പുസ്തകങ്ങളാണ് വലിയ പങ്ക്. ഇന്ത്യാചരിത്ര പുസ്തകങ്ങള്‍ മറ്റൊരു പ്രധാന വിഭാഗം. മാര്‍ക്‌സിന്റെ ഗണിതശാസ്ത്ര കൈയെഴുത്തുകളും അംബേദ്കറെ കുറിച്ച് ഓക്സ്ഫഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച അഞ്ചു വാല്യങ്ങളുള്ള പഠനപരമ്പരയും ഉള്‍പ്പെടെ സവിശേഷമായി സൂക്ഷിക്കുന്ന നിരവധി പുസ്തകങ്ങള്‍.
ഗാന്ധിജി, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചുള്ള പഠനങ്ങളുടെ വിപുല ശേഖരമുണ്ട്. നൂറിലധികമുണ്ട് മഹാഭാരത പഠനങ്ങള്‍. വിദ്വാന്‍ പ്രകാശം, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവരുടെ മലയാളത്തിലുള്ള ഗദ്യ-പദ്യ വിവര്‍ത്തനങ്ങളും, കിസരി മോഹന്‍ ഗാംഗുലിയുടെ 1895 ലെ ഇംഗ്ലീഷ് വിവര്‍ത്തനവും ഒക്കെ. സ്വന്തമായെഴുതിയ ഇരുപത് പുസ്തകങ്ങളും തന്റെ ലേഖനങ്ങള്‍ ഉള്‍പ്പെട്ട നൂറിലധികം സമാഹരങ്ങളും പ്രത്യേകം വെച്ചിട്ടുണ്ട്.
ആസ്വാദനത്തിനായുള്ള വായന ഇപ്പോള്‍ നടക്കാറില്ലെന്ന് സുനില്‍ പി. ഇളയിടം. പഠന ലക്ഷ്യങ്ങളോടെയുള്ള ചിട്ടപ്പെട്ട വായനയാണ് ഇപ്പോള്‍. ഓണ്‍ലൈന്‍ വായന സജീവമാകുമ്പോഴും തന്റെ ഗൗരവവായന ഏറെയും പുസ്തകങ്ങളെ കേന്ദ്രീകരിച്ചാണെന്ന് സുനില്‍ സൂചിപ്പിക്കുന്നു.
വിജ്ഞാനകോശങ്ങള്‍ അടക്കം ആയിരത്തിലധികം പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് സംഭാവനയായി നല്‍കിയിരുന്നു. രണ്ട് കാറ്റലോഗുകളില്‍, ഇരുപതോളം വിഷയങ്ങളായി ക്രമീകരിച്ചാണ് പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. ഓരോ വിഭാഗങ്ങളായി നമ്പറിട്ട് ക്രമപ്പെടുത്തി വെച്ചിരിക്കുന്നു. സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങാന്‍ തുടങ്ങി വൈകാതെ ആരംഭിച്ചതാണ് ഈ രീതി.
പി. ഗോവിന്ദപ്പിള്ളയുടെയും പ്രൊഫ. സ്‌കറിയാ സക്കറിയയുടെയും മാതൃക പിന്‍തുടര്‍ന്ന്, ഗവേഷകര്‍ക്കും പൊതു സമൂഹത്തിനും പ്രയോജനകരമാകുന്ന തരത്തില്‍ തന്റെ പുസ്തകപ്പുരയെ ക്രമേണ പൊതുഗ്രന്ഥാലയമെന്ന തലത്തിലേക്ക് മാറ്റാനുള്ള ആലോചനയുമുണ്ട്.
Content Highlights: Reading day 2023, Dr. Sunil P. Ilayidom, Home library, Kochi
Published: 19 Jun 2023, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented