വിശുദ്ധ റമദാൻ മാസത്തിൽ, വിശ്വാസികൾ  പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ദിവസേന ഉപവാസം അനുഷ്ഠിക്കുന്നു. പരമ്പരാഗതമായി, സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുകയും തുടർന്ന് പ്രഭാതത്തിന് മുമ്പ് വീണ്ടും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഏതൊരു ഉപവാസക്രമവും അത് അനുഷ്ഠിക്കുന്നവരുടെ ആരോഗ്യത്തിന് ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നതിന് തെളിവുകളുണ്ട്. എന്നാൽ ആ ഗുണങ്ങൾ ലഭിക്കാൻ കൃത്യമായ ഭക്ഷണക്രമത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാൻ.

To advertise here,

പകൽ മ‌ുഴുവൻ നോമ്പെടുത്ത ശേഷം വൈക‌ിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം നോമ്പ് എടുക്കുന്നവർ വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തുകയാണ് ഇതിൽ ആദ്യഘട്ടം. തുടർന്ന് അൽപസമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. ഇതു വിശ്വാസം എന്നതുപോലെ തികച്ചും ശാസ്ത്രീയവുമാണ് എന്നതാണ് ഏറ്റവും പ്രധാനം. റമസാനിൽ പകൽ ഭക്ഷണം ഉപേക്ഷിക്കുന്നതിന്റെ പേരിൽ രാത്രി അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. വയറിന്റെ മൂന്നിലൊരുഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും കഴിക്കാനാണു പ്രവാചക നിർദേശം. ബാക്കി മൂന്നിലൊരു ഭാഗം ഒഴിച്ചിടുകയും വേണം. ഇഫ്താറിനും അത്താഴത്തിനും ഇടയിൽ ധാരാളം വെള്ളം കുടിക്കേണ്ടത് ഈ ഉഷ്ണക്കാലത്ത് അത്യാവശ്യമാണ്. 

ഉയർന്ന താപനില നിങ്ങളെ കൂടുതൽ വിയർപ്പിക്കാൻ ഇടയാക്കും എന്നതാണ് ഇതിന് കാരണം.  അതിനാൽ പകൽ സമയത്ത് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം മാറ്റി സ്ഥാപിക്കാൻ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. എന്നാൽ കാപ്പി, ചായ, കോള തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക തന്നെ വേണം. കാരണം കഫീൻ ചിലരെ കൂടുതൽ തവണ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കും, ഇത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കും.

നോമ്പ് തുറക്ക് ആരംഭത്തിൽ കഴിക്കുന്ന ഈന്തപ്പഴം മികച്ച ഊർജ്ജദായക ഫലമാണ്. മാത്രമല്ല അവയിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. പേശികളും നാഡികളും നന്നായി പ്രവർത്തിക്കാൻ ഇത് സഹായിക്കും. എന്നാൽ ഈന്തപ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലായതുകൊണ്ടുതന്നെ അമിതോപയോഗം നല്ലതല്ല.

ഇടയത്താഴത്തിന് അന്നജം നിറഞ്ഞ കാർബോഹൈഡ്രേറ്റ് കഴിക്കണം. ചപ്പാത്തി, ബ്രെഡ് എന്നിവയാണ് ഇതിന് ഉത്തമം. പരിപ്പ്, പയർ വിഭവങ്ങൾ, വെജിറ്റബിൾ കുറുമ തുടങ്ങിയവയും നല്ലതാണ്. പ്രോട്ടീൻ ആവശ്യമാണെങ്കിലും ബീഫ് ഒഴിവാക്കുന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും ഉചിതം. ഇടയത്താഴം കഴിവതും സൂര്യോദയത്തിനോട് അടുത്ത സമയത്തു കഴിക്കുന്നതാണ് നല്ലത്. വെള്ളച്ചോറ് ഒഴിവാക്കണം. കുത്തരിച്ചോറാണ് നല്ലത്. പഴച്ചാറുകളെക്കാൾ നല്ലത് പച്ചക്കറി ജ്യൂസാണ്. 

ഇഫ്താറിനു സാധാരണ ഭക്ഷണം മാത്രം കഴിക്കാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്. അത് മാംസാഹാരങ്ങൾ അടങ്ങിയ സദ്യയാക്കരുത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ദഹന തടസ്സത്തിനും ശരീരഭാരത്തിനും കാരണമാകാം. ഇഫ്താറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന് ഓർക്കുക. ഈ ഘട്ടത്തിൽ മധുരം കഴിച്ചാൽ പ്രത്യേകിച്ചും. അതുപോലെ തന്നെ ഭക്ഷണം സാവകാശം കഴിക്കണം. ദഹനക്കേട് ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ സാധാരണയാക്കാനും ഇതു ഏറെ സഹായിക്കും. ആരോഗ്യപ്രശ്നം ഉള്ളവരും മരുന്നു പയോഗിക്കുന്നവരും ഉപവസിക്കുന്നത് സുരക്ഷിതമാണോയെന്നും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ തടയാൻ എന്ത് മുൻകരുതലുകൾ എടുക്കണമെന്നും സംബന്ധിച്ച് വൈദ്യോപദേശം തേടേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. കൂടാതെ, ഭക്ഷണത്തിൽ കൂടുതൽ നാരടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ശ്രദ്ധിക്കണം.

ഇങ്ങനെ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും കഴിയും. ജീവിതശൈലി രോഗങ്ങളും ഗുരുതര രോഗങ്ങളുള്ളവരും നോമ്പെടുക്കുന്നവരിലുമുണ്ടാകും അതിനാൽതന്നെ ആരോഗ്യകരമായ ഉപവാസമാണ് വേണ്ടത്. 

(ക്ലിനിക്കൽ സ്യൂട്രീഷ്യൻ വിഭാഗം മേധാവി, അമൃത ആശുപത്രി, കൊച്ചി)