മലപ്പുറം: പലതവണ മലപ്പുറത്തു വന്നിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ പാണക്കാട്ടേക്കുള്ള ആദ്യത്തെ വരവായിരുന്നു അത്. സഹോദരൻ രാഹുൽഗാന്ധി മുൻപ് ഇവിടെ വന്നിട്ടുണ്ട്. പ്രിയങ്കയുടെ ആദ്യവരവ് പുണ്യറംസാൻമാസത്തിൽത്തന്നെയുമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും യുഡിഎഫ് നേതാക്കൾക്കുമൊപ്പം അവർ നോമ്പുതുറയിൽ പങ്കെടുത്തു.
വണ്ടൂരിൽ രാഹുൽഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽവിതരണം നിർവഹിച്ചശേഷമാണ് പ്രിയങ്ക നേരേ പാണക്കാട്ടേക്കെത്തിയത്. അവിടെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, എംഎൽഎമാരായ പി.കെ. ബഷീർ, പി. അബ്ദുൾഹമീദ് തുടങ്ങിയവരെല്ലാം കാത്തുനിന്നിരുന്നു.
ഹൃദ്യമായ സ്വീകരണത്തിനുശേഷം സ്വീകരണമുറിയിൽ പ്രിയങ്ക അവർക്കൊപ്പം ഇരുന്നു. മേശപ്പുറത്ത് നോമ്പുതുറക്കാനുള്ള പാനീയങ്ങളും ഈന്തപ്പഴവുമെല്ലാം തയ്യാറായിരുന്നു. ബാങ്കുവിളി കേട്ടതോടെ എല്ലാവരും നോമ്പുമുറിച്ചു. പിന്നെ അൽപ്പസമയം കുശലം.
വയനാട് പുനരധിവാസത്തിൽ മുസ്‌ലിം ലീഗിന്റെ പദ്ധതിയെക്കുറിച്ച് പ്രിയങ്ക ചോദിച്ചറിഞ്ഞു. എ.പി. അനിൽകുമാർ എംഎൽഎ, ടി. സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽസെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ കൺവീനർ പി.ടി. അജയ് മോഹൻ തുടങ്ങിയവരും നോമ്പുതുറയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കിടയിൽ രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
നോമ്പുതുറ കഴിഞ്ഞിറങ്ങുമ്പോൾ മാധ്യമപ്രവർത്തകരെ കണ്ട പ്രിയങ്ക 'എല്ലാവർക്കും പെരുന്നാൾ ആശംസകൾ' എന്ന് മലയാളത്തിൽ പറഞ്ഞു.
Content Highlights: priyanka gandhi at panakkad in first time
Published: 30 Mar 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented