പെരുന്നാള്‍ ഓര്‍മ്മകളുമായി ചെറുകഥാകൃത്ത് സുഭാഷ് ഒട്ടുംപുറം

പെരുന്നാള്‍ എന്നാല്‍ എന്നെ സംബന്ധിച്ച് തക്ബീര്‍ ധ്വനികളുടെ ഈണവും പുത്തനുടുപ്പിട്ട് പള്ളിയിലേക്ക് പ്രാര്‍ഥന കൂടാന്‍ പോകുന്നുവരുടെ വര്‍ണാഭമായ കാഴ്ചകളുമാണ്. പെരുന്നാളുറപ്പിച്ചാല്‍ അടുത്തുള്ള പള്ളിയില്‍നിന്ന് 'അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍' എന്ന് സ്ഥിരം കേള്‍ക്കുന്ന ഈണത്തില്‍ നിന്ന് ഒരല്പം വ്യത്യസ്തമായി ഉയര്‍ന്നു കേള്‍ക്കും. അതങ്ങനെ ഒരുപാട് നേരം നീണ്ടു നില്‍ക്കും. ആ ഈണത്തിന്റെ അകമ്പടിയോടെ പെണ്ണുങ്ങളും കുട്ടികളും പൊടിയണ്ണിയുടെ ഇല തേടി നടക്കും. അട ചുടാനാണത്. അതേ ഈണത്തിന്റെ അകമ്പടിയോടെ പൊടിയണ്ണി ഇലയില്‍ പൊതിഞ്ഞ ചൂടുള്ള അടകള്‍ അയല്‍വക്കത്തു നിന്ന് വീടു തേടി വരും. യാ അള്ളാഹ്, പെരുന്നാള്‍ എനിക്ക് അപാരമായ സ്‌നേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്; മറ്റ് ആണ്ടറുതികള്‍ പോലെ തന്നെ. ഇഴ പിരിച്ചു നോക്കിയാല്‍ അടമധുരമുള്ള ഒരുപാട് പെരുന്നാളോര്‍മ്മകള്‍ ചികഞ്ഞെടുക്കാനാവും.

To advertise here,

പക്ഷേ, ഇപ്പോള്‍ പെരുന്നാള്‍ എനിക്ക് കനപ്പെട്ട വിഷാദമാണ്. സാധാരണയായി പെരുന്നാളിന്റെ അന്നും പിറ്റേന്നും അതിന്റെ പിറ്റേന്നുമൊക്കെ പലയിടത്തു നിന്നും ആളുകള്‍ 'കടപ്പുറത്തേക്ക് വരും. കടല്‍ എന്ന വിസ്മയം കാണാന്‍..

അങ്ങനെ വരുന്നവരില്‍ ആരെങ്കിലുമൊക്കെ പ്രത്യേകിച്ച് കുട്ടികള്‍, കടലില്‍ കാണാതാവും. മിക്കവരേയും കണ്ടു കിട്ടുന്നത് ജീവന്‍ വേര്‍പ്പെട്ട നിലയിലാണെന്നു പറയുന്നതില്‍ ഖേദമുണ്ട്, വേദനയുണ്ട്. ഇത്തരം ജലസമാധികള്‍ ഇവിടെ അസാധാരണമൊന്നുമല്ല. മീന്‍പിടിക്കാന്‍ പോകുന്ന കടലിന്റെ മക്കളെത്തന്നെ എത്ര വട്ടം കടലെടുത്തിരിക്കുന്നു. എന്നിട്ടുമവര്‍ കടലിലേക്കിറങ്ങുന്നു. കാരണം ഇവിടെ ഓണവും വിഷുവും പെരുന്നാളുമൊക്കെ കടലാണ്. കടലാണിവിടെ എല്ലാം.

പക്ഷേ, എത്ര ശ്രമിച്ചിട്ടും ഒരു ദുരന്തം മനസ്സില്‍ നിന്നൊഴിഞ്ഞു പോവുന്നില്ല. രണ്ടു വര്‍ഷം മുമ്പ്, ഇതു പോലെയൊരു പെരുന്നാളാഘോഷത്തിനിടെയാണ് 22 പേരുടെ ജീവന്‍ തീര്‍ത്തും നിസ്സാരമെന്ന പോലെ വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നത്. അതും കടലിലല്ല. ഞാനൊക്കെ എത്രയോ വട്ടം നീന്തിക്കടന്ന എന്റെ സ്വന്തം പുഴയില്‍. 22 പേര്‍, അവര്‍ക്കെന്തു നീതിയാണ് കിട്ടിയത്? അതില്‍ 11 കുട്ടികളുണ്ടായിരുന്നു. നാളത്തെ നാടാകേണ്ടവര്‍. അറ്റ്ലാന്റിക് എന്ന തട്ടിക്കൂട്ട് ബോട്ടും അതിന്റെയാളുകളും ആ ശബ്ദങ്ങളെ ഇല്ലാതാക്കി. ആ ദുരന്തത്തിന്റെ ഓര്‍മ്മകളെ ചികയാന്‍ ഇവിടെ ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. കാരണം ഞങ്ങള്‍ക്കത് ആഴത്തിലേറ്റ മുറിവാണ്. മാറാമുറിവ്.

പക്ഷേ, എത്രയൊക്കെ ശ്രമിച്ചിട്ടും ആ മുറിവില്‍നിന്ന് ഇടയ്ക്കിടെ ചോര കിനിയുന്നു. ആ ദുരന്തത്തില്‍ കൊല്ലപ്പെട്ട മനുഷ്യരെല്ലാം എനിക്ക് അപരിചിതരായിരുന്നു. പക്ഷേ, ഇപ്പോള്‍ അവരെന്റെ ബന്ധുക്കളാണ്. 11 കുട്ടികള്‍ എന്റെ സ്വന്തം മക്കളാണ്. ഓരോ പെരുന്നാള്‍ വരുമ്പോളും എന്റെയുള്ളിലെ ആ മുറിവില്‍ ആരോ വിരലമര്‍ത്തുന്നു. ഇനിയും എത്ര പെരുന്നാള്‍ കഴിയണം ആ മുറിവു മാറാന്‍ ? ഇനിയും എത്ര പെരുന്നാള്‍ കഴിയണം എന്റെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നീതി ലഭിക്കാന്‍?