ആകാശമാർഗത്തിൽ നാഗജനനിയായ സുരസ ഹനുമാനോട് ദാഹവും വിശപ്പും സഹിക്കുന്നില്ലെന്ന് പറയുമ്പോൾ, ഹനുമാൻ പരിഭ്രമിക്കുകയല്ല ചെയ്തത്.
അതിനെ യുക്തമായിത്തന്നെ നേരിടുകയാണ്.
‘തദനുകപികുലവരനൊടവളുമുരചെയ്തിതു:
‘ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ.’
‘മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളർന്നീടെ’ന്നു മാരുതി ചൊല്ലിനാൻ.’’
പിളർന്ന വായയ്ക്ക് അഞ്ചുയോജന വിസ്തീർണമാണ്. അപ്പോൾ പവനതനയൻ അതിനുബദൽ പത്തുയോജന വലുതാവുന്നു. സുരസ അപ്പോൾ ഇരുപതുയോജനയോളം വളരുന്നു; മാരുതിയാവട്ടെ
മുപ്പതു യോജനയിലേക്ക് തന്റെ ഉരുവം വർധിപ്പിക്കുന്നു. ആരാണിവിടെ ജയിക്കുന്നതെന്നുകാണാമെന്ന് ആക്രോശിച്ചുകൊണ്ട് സുരസ തന്റെ ഭീമാകാരത്തെ അമ്പതു യോജനയിലേക്ക് വികസിപ്പിക്കുകയാണ്.
‘‘അതു പൊഴുതു പവനസുതനതികൃശ ശരീരനാ-
യംഗുഷ്ഠതുല്യനായുൾപുക്കരുളിനാൻ.’’
അണിമ, മഹിമ എന്നീ യോഗവിദ്യകൾ സ്വായത്തമായ ഹനുമാൻ -യഥേഷ്ടം വലുതാവുകയും ചെറുതാവുകയും ചെയ്യാനുള്ള വിദ്യ എപ്പോഴാണ് ഈ വാനരശ്രേഷ്ഠൻ അഭ്യസിച്ചത്-സ്വയം ചുരുങ്ങിക്കൊണ്ട് സുരസയുടെ വക്ത്രത്തിലൂടെ കടന്ന് പുറത്തുവരുന്നു. ആ സൂത്രം സുരസ പ്രതീക്ഷിച്ചതല്ലല്ലോ.
പെട്ടെന്നാണ് സുരസ ഹനുമാനെ തിരിച്ചറിയുന്നത്; തന്റെ ശാപമോക്ഷത്തിന് ഹേതുഭൂതനാണ് ഈ ശ്രേഷ്ഠനായ പ്രതിയോഗിയെന്ന്. ദാശരഥിക്ക് ഭാവുകങ്ങളേകിക്കൊണ്ട് സുരസ തിരോഭവിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ വിഘ്നങ്ങളായല്ല സുരസയോ ലങ്കാലക്ഷ്മിയോ ഛായാഗ്രഹിണിപോലും
ഇവിടെയൊക്കെ ഉയിർകൊള്ളുന്നത്.
വെല്ലുവിളിയായിട്ടുമല്ല, മറിച്ച് അവരവരുടെ ഉദ്ഗതിക്ക് നിമിത്തമായാണ്. മാരുതിതന്നെ വേണം അവരെ താന്താങ്ങളുടെ പൂർവാവസ്ഥയിലേക്ക് കുടിയേറ്റാൻ.
മറ്റൊരു കപിവരനും ഈ സാഗരപഥത്തിലൂടെ അവരെ അഭിമുഖീകരിക്കാൻ പുറപ്പെട്ടുവരുകയില്ലല്ലോ.
പാതാളലോകത്തിലേക്കു പിൻവാങ്ങിയ സുരസയുടെ കഥാനന്തരം ഗഗനപഥത്തിൽ മാരുതി തുടരുന്നത് ഗരുഡതുല്യനായാണ്. ഈ ഗരുഡബിംബത്തിന്റെ ധ്വനി നാം ശരിക്ക് ഉൾക്കൊള്ളേണ്ടതുണ്ട്. ആകാശപഥത്തിൽ ഗരുഡനെപ്പോലെ മറ്റൊരുവിഹംഗവും വിഹരിച്ചിട്ടില്ല, മഹാവിഷ്ണുവിനെ വഹിച്ചാലും ഇല്ലെങ്കിലും. അതിൽ വേഗവും അധൃഷ്യതയും അന്തർഭവിച്ചിരിക്കുന്നു.
Content Highlights: ramayanam story ramayanamasam
Published: 06 Aug 2022, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented