സമുദ്രം കടക്കാൻ വരുണന്റെ സഹായംതേടാൻ തീരുമാനിച്ച്‌ ശ്രീരാമൻ മൂന്നുദിവസം ഉപവാസമിരുന്ന് പ്രാർഥിച്ചു. ഫലം കാണാത്തതിനാൽ ക്രുദ്ധനായി. സമുദ്രം വറ്റിച്ച് വഴിയൊരുക്കാൻ അസ്ത്രം തൊടുത്തു.

To advertise here,

സൂര്യൻ മങ്ങി. ഭൂമി വിറച്ചു. കടൽത്തിരമാലയുയർന്നു. കടൽജീവികൾ ഭയന്ന് ഉയർന്നുവന്നു. ദിക്കുകൾ മുഴുവൻ ശോഭപരത്തി ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കാൻ കാഴ്ചദ്രവ്യങ്ങളായ രത്നങ്ങളുമായിവന്ന വരുണൻ ശ്രീരാമനെ സ്തുതിച്ചു. തന്നെ രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്തു.

വിശ്വകർമാവിന്റെ മകനായ നളന്റെ നിർദേശപ്രകാരം അണകെട്ടി ലങ്കയ്ക്കുള്ള യാത്ര സുഗമമാക്കാൻ വരുണൻ നിർദേശിച്ചു. നളന്റെ നേതൃത്വത്തിൽ വാനരന്മാർ കല്ലും മരങ്ങളുമൊക്കെയിട്ട് അണകെട്ടിത്തുടങ്ങി. അഞ്ചുദിവസംകൊണ്ട് സേതുബന്ധിച്ച് എല്ലാവരും സമുദ്രം കടന്നു.

വാനരന്മാർ പിടിച്ചുവെച്ച രാവണദൂതനായ ശുകനെ രാമൻ പറഞ്ഞതുപ്രകാരം മോചിപ്പിച്ചു. ശുകനോട്‌ രാവണൻ വൈകാനുള്ള കാരണമന്വേഷിച്ചു. കിഷ്കിന്ധയ്ക്കു തിരിച്ചുപോകാൻ സുഗ്രീവനോടു പറഞ്ഞപ്പോൾ വാനരന്മാർ കൈയേറ്റംചെയ്ത കാര്യം ശുകൻ അറിയിച്ചു. ദൂതനെ വധിക്കരുതെന്ന് രാമൻ പറഞ്ഞതോടെയാണ്‌ സ്വതന്ത്രനാക്കിയത്‌. സീതയെ കൊണ്ടുവരാൻ കാണിച്ച ബലം അവരെ തിരിച്ചുനൽകാനോ യുദ്ധംചെയ്യാനോ കാണിക്കണമെന്ന രാമന്റെ നിർദേശം ശുകൻ രാവണനെ അറിയിച്ചു. ഭൂമികുലുങ്ങുമാറ് നടക്കുന്ന 67 ലക്ഷം വാനരർ. പുറമേ സൈന്യവും. സീതയെ തിരിച്ചുനൽകിയില്ലെങ്കിൽ ശ്രീരാമാസ്ത്രംകൊണ്ട് ലങ്കാപുരിയും രാവണകുലവും നശിക്കും.

സീതയെ തിരിച്ചുനൽകി രാമചിന്തയിൽ സായൂജ്യം നേടുന്നതാണ് നല്ലത് എന്ന ഭൃത്യനായ ശുകന്റെ ഉപദേശം ഇഷ്ടപ്പെടാത്ത രാവണൻ, മുമ്പുചെയ്ത ഉപകാരത്തിന്റെപേരിൽ കൊല്ലാതെ വിടുകയാണെന്നറിയിച്ചു. ഭയത്തോടെ ശുകൻ തന്റെ ഗൃഹത്തിലേക്കുപോയി.ജാനകിയെ ലങ്കയിൽ കൊണ്ടുവന്നശേഷം പല ദുശ്ശകുനങ്ങളും കാണുന്നു. അകാലത്ത് ഇടിവെട്ടുന്നു, ചോരമഴ പെയ്യുന്നു. എങ്ങും ആശങ്ക പരക്കുകയാണ്‌.