ശ്രീരാമൻ ഹനുമാനിൽനിന്ന് സീതാവൃത്താന്തം കേട്ടു സന്തോഷിച്ചു. ദേവകൾക്കുപോലും ചെയ്യാൻകഴിയാത്തതുചെയ്ത് തന്നെയും സൂര്യവംശത്തെയും രക്ഷിച്ചതിന് ഹനുമാനെ പുകഴ്ത്തുകയും ചെയ്തു.
ലങ്കാപുരിയുടെ വാങ്‌മയചിത്രം നൽകാൻ ദാശരഥി വായുപുത്രനോടാവശ്യപ്പെട്ടു.
സമുദ്രത്തിനു നടുവിൽ ത്രികൂടപർവതത്തിനുമുകളിൽ സ്വർണവിമാനംപോലെ മനോഹരമായ നഗരം. ആകെ ഏഴുമതിലുകൾ, ഓരോമതിലിലും നാലുഗോപുരങ്ങൾ, പുറത്ത് ആഴമുള്ള കിടങ്ങ്. കാവൽനിൽക്കുന്ന ലക്ഷക്കണക്കിന് രാക്ഷസന്മാർ. അശോകവനികയിലെ സീതാദേവിയെക്കണ്ട് തിരിച്ചുപോരുമ്പോൾ പൂന്തോട്ടം തകർത്തത്, എതിർക്കാൻവന്ന രാക്ഷസരെയും രാവണപുത്രനായ അക്ഷകുമാരനെയും കൊന്നത്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തെ മാനിച്ച് ബന്ധനസ്ഥനായി രാവണസദസ്സിലെത്തിയത്, ദൂതനെ വധിക്കരുത് എന്ന് വിഭീഷണൻ പറഞ്ഞതുകൊണ്ട് വാലിൽ എണ്ണത്തുണിചുറ്റി കത്തിച്ചത്. ലങ്കാപുരിയെയും നാലിലൊന്ന് സൈന്യത്തെയും നശിപ്പിച്ച സന്തോഷത്തോടെ തിരിച്ചുവന്നത്...
എല്ലാം വിവരിച്ച ഹനുമാൻ ഒട്ടുംതാമസിയാതെ യുദ്ധത്തിനു തയ്യാറാകാൻ അപേക്ഷിച്ചു.
ശ്രീരാമനെയും ലക്ഷ്മണനെയും ചുമലിലേറ്റിയ ആഞ്ജനേയന്റെയും താരേയന്റെയും കൂടെ വാനരസേന മുഴുവനും സമുദ്രതീരത്തെത്തി.
ഒരു വാനരൻവന്ന് ലങ്കയിലുണ്ടാക്കിയ പ്രയാസം മറക്കുംമുമ്പ് സമുദ്രതീരത്ത് തമ്പടിച്ച വാനരസേന രാവണനെ അസ്വസ്ഥനാക്കി. അദ്ദേഹം മന്ത്രിമാരെ വിളിച്ച് ആപത്ഘട്ടം തടയാനുള്ള മാർഗങ്ങളാരാഞ്ഞു.
ശക്തരായ രാക്ഷസവീരരും സൈന്യവും ബുദ്ധിമാന്മാരായ മന്ത്രിമാരുമുള്ള ലങ്കാധിപൻ വെറും മനുഷ്യരും വാനരരുമുള്ള സൈന്യത്തെ ഭയക്കേണ്ടതില്ല. ഹനുമാന്റെ വരവ് അപ്രതീക്ഷിതമായതിനാലാണ് നാണക്കേടുണ്ടായത്. ഇന്ദ്രജിത്തെന്ന മകനും ചന്ദ്രഹാസം എന്ന വാളും കൈയിലുണ്ടെന്ന് മറക്കരുത് എന്ന അവരുടെ വീരവാദം രാവണനെ സന്തോഷിപ്പിച്ചു.
നിദ്രവിട്ടുണർന്ന കുംഭകർണൻ ജ്യേഷ്ഠനെ സമീപിച്ചു. ‘‘ശ്രീരാമപത്നിയെ കട്ടുകൊണ്ടുവന്നത്, തെറ്റുതന്നെ. അതിനുള്ള ശിക്ഷ ലഭിക്കുകതന്നെചെയ്യും. മത്സ്യങ്ങൾ ചൂണ്ടവിഴുങ്ങിയും പാറ്റകൾ തീയിന്റെ പ്രകാശത്തിൽ ഭ്രമിച്ചും ചത്തുപോകുംപോലെ രാജ്യത്തിനും ജനങ്ങൾക്കും ആപത്തുണ്ടാക്കും. എന്നാലും ജ്യേഷ്ഠൻ ആഗ്രഹിക്കുന്നെങ്കിൽ രാമനെയും വാനരങ്ങളെയും കൊന്ന് ആഗ്രഹനിവൃത്തി വരുത്താ’’മെന്നും കുംഭകർണൻ ആശ്വസിപ്പിച്ചു.
Content Highlights: ramayanam story
Published: 13 Aug 2022, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented