ഹിമശിഖരി തനയനായ മൈനാകത്തിന്റെ ആതിഥ്യത്തിനുള്ള ക്ഷണമാണ് മാരുതിക്ക് തുടർന്നുലഭിക്കുന്നത്. എന്തെങ്കിലും തളർച്ച നേരിടുന്നെങ്കിൽ അത് ശമിപ്പിച്ച് മുമ്പോട്ടുപോവുകയെന്ന് മൈനാകം അഭ്യർഥിക്കുമ്പോൾ, ഹനുമാൻ തന്റെ യാത്രാലക്ഷ്യത്തെക്കുറിച്ച്‌ പറയുന്നു. പെരുവഴിയിൽ അശനശയനങ്ങൾ ചെയ്യുകയെന്നത് ഒരുവിധത്തിൽ കൃത്യവിലോപമാണ്.

To advertise here,

ദാശരഥിയുടെ കാര്യം നിറവേറ്റിയതിനുശേഷംമാത്രമേ വിശ്രമം കാമ്യമാവുകയുള്ളൂ. താങ്കളുടെ സത്കാരം താൻ പരിഗ്രഹിച്ചിരിക്കുന്നു എന്ന് മൈനാകത്തോട് ഉരിയാടി, ഹനുമാൻ തന്റെ അയനം തുടരുകയാണ്. ഛായാഗ്രഹിണിയെ എതിരിടുന്ന ഘട്ടമാണ് ഇനി. ഛായാഗ്രഹിണിയെന്ന വിചിത്രമായ വിശേഷണംപേറുന്ന സിംഹിക എന്ന അസുരതരുണിയാണ് ആഞ്ജനേയന്റെ നിഴൽ പിടിച്ചുനിർത്താൻ തുനിയുന്നത്.

എതിരാളിയെ നേരിട്ടല്ലാതെ ആളുടെ നിഴലിനെ നിശ്ചലമാക്കുക എന്ന എത്രയോ വിചിത്രമായ ഒരു രണമുറയാണ് ഇവിടെ സിംഹിക അവലംബിക്കുന്നത്. പരോക്ഷമായ ഈ ആക്രമണം ആദ്യം മാരുതിയെ പരിഭ്രമിപ്പിച്ചുവെങ്കിലും ഉടൻതന്നെ മാരുതി ആ അസുരതരുണിയെ വധിക്കുകയാണ്. നമ്മുടെ രണമുറകളിൽ, എന്തിന്, പാശ്ചാത്യരുടെയും, പ്രഥമമായാണ് ഈ ഛായാഗ്രഹിണിയുടെ സൂത്രം പ്രയോഗിക്കുന്നത്.

സത്തയോളംതന്നെ പ്രസക്തമാണ് സത്തയുടെ നിഴലെന്ന വ്യംഗ്യം ഇവിടെയുണ്ട്. സത്തയെ തീർത്തും സ്പർശിക്കാതെത്തന്നെ അതിന്റെ ഗതി സ്തംഭിപ്പിക്കാനുള്ള ഈ ഉപായം സിംഹിക ആരിലൊക്കെ പ്രയോഗിച്ചിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. ആ പേരിൽത്തന്നെ രാക്ഷസസ്ത്രീയുടെ വീര്യം സ്ഫുരിക്കുന്നുണ്ടല്ലോ?

ഇനി മാർഗതടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നു നിരൂപിച്ച് ആഞ്ജനേയൻ ദക്ഷിണദിക്കിലേക്ക് പറക്കാൻ ഉദ്യുക്തനാവുകയാണ്. ചിറകുകളില്ലാതെ ഒരു െെകയിൽ ഗദയുമേന്തി മാരുതി ഇതെങ്ങനെയാണ് നിവർത്തിച്ചതെന്ന് ഭാവന ചെയ്യുക എളുപ്പമല്ല. ലങ്കയുടെ, പ്രകൃതി ഭംഗികളെക്കുറിച്ചുള്ള സൂചനകളോടെയാണ് ഹനുമാൻ ദക്ഷിണദിക്ക് പൂകുന്നത്. വിമലവും വിപുലവുമായ സ്ഥലം തന്നെയാണ് ദശവദനന്റെ നഗരി.

‘ബഹുലഫലകുസുമ ദലയുതവിടപി സങ്കുലംവല്ലീകുലാവൃതം പക്ഷിമൃഗാന്വിതം’

കനകമയമായ പുരി തന്നെയായാണ് ലങ്ക ദൃഷ്ടീഭവിക്കുക. മയനാൽ നിർമിതമായ ലങ്ക ത്രികൂടാചലത്തിനു മീതെ അതിന്റെ ശ്രീത്വത്തോടെത്തന്നെ പരിലസിക്കുകയാണ്.