കുട്ടികളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ പലതരത്തിലുള്ള ആശങ്കകളും മാതാപിതാക്കള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടി മാതാപിതാക്കളെ കാണാതെ ക്ലാസ്സില്‍ ഇരിക്കുമോ, കുട്ടി കരയുമോ എന്നിങ്ങനെ നിരവധി സംശയങ്ങള്‍ ഉണ്ടാകും. കുട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍- ഉദാ: ഉറക്കം, ഭക്ഷണത്തിന്റെ സമയം ഇങ്ങനെ എല്ലാത്തിലും തന്നെ സ്‌കൂള്‍ തുറന്നതിനുശേഷം മാറ്റങ്ങള്‍ വരാന്‍ പോകുകയാണ്. പുതിയ സമയക്രമവുമായി പൊരുത്തപ്പെടാന്‍ മാതാപിതാക്കള്‍ക്കും കുട്ടിക്കും സമയം ആവശ്യമായിവരും എന്നതിനാല്‍ ഉത്കണ്ഠപ്പെടാതെ സമയം അനുവദിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം.

To advertise here,

കുട്ടി കരയുന്നു എങ്കില്‍ ഉത്കണ്ഠപ്പെടേണ്ട 

കുട്ടികള്‍ ആദ്യമായി സ്‌കൂളില്‍ എത്തുമ്പോള്‍ വളരെ സാധാരണയായി കാണാറുള്ളതാണ് അവര്‍ കരയുകയും ക്ലാസ്സില്‍ ഇരിക്കാന്‍ ആദ്യദിവസങ്ങളില്‍ തയ്യാറാവാതെ വരുന്നതും. അതിനെ വളരെ സ്വാഭാവികമായി ഒന്നായി കാണാണം. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കുട്ടിക്ക് കുറച്ചധികം സമയം ആവശ്യമായിവരും എന്നതിനെ അംഗീകരിച്ചുകൊണ്ട് കുട്ടിയുടെ സ്‌കൂളിലെ ആദ്യദിവസം ആരംഭിക്കാം. 

ആദ്യദിവസം സ്‌കൂളില്‍ പോയ് വന്ന കുട്ടി കരയുകയും ഇനി സ്‌കൂളില്‍ പോകുന്നില്ല എന്ന് പറയുകയും ചെയ്യുന്നത് സ്വാഭാവികമായി കാണുക. പതുക്കെ ടീച്ചറെ പരിചയപ്പെടാനും, കുട്ടികള്‍ക്കൊപ്പം അല്പ സമയം ഇരുത്തിയും, സ്‌കൂള്‍ ഗ്രൗണ്ടിലൂടെ അല്പം നടത്തുകയും ഒക്കെചെയ്തു സ്‌കൂള്‍ സാഹചര്യവുമായി കുട്ടിയെ പരിചയപ്പെടുത്തുക. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അല്പംകൂടി സമയം കുട്ടിക്ക് കൊടുക്കുക. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ടെന്‍ഷന്‍ ഉണ്ടാകുന്ന അവസ്ഥ മാതാപിതാക്കള്‍ ഒഴിവാക്കുക. ഓരോ കുട്ടികളും വ്യത്യസ്തരാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികളെ കൈകാര്യം ചെയ്യുക.

കുട്ടിക്ക് ശ്രദ്ധക്കുറവ് പഠനത്തില്‍ ബുദ്ധിമുട്ട് 

മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ നിങ്ങളുടെ ജോലിയെയും സമയത്തെയും വലിയരീതിയില്‍ ബാധിക്കാത്ത വിധത്തിലൊരു സ്‌കൂള്‍ കുട്ടിക്കായി കണ്ടെത്തുക. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ശ്രദ്ധിക്കുക. കുട്ടിക്ക് ശ്രദ്ധക്കുറവോ അടങ്ങി ഇരിക്കാന്‍ ബുദ്ധിമുട്ടോ നേരിടുന്നു എങ്കില്‍ അത് മനസ്സിലാക്കുയും കുട്ടിയെ അംഗീകരിക്കുകയും ചെയ്യുന്ന സ്‌കൂളില്‍ കുട്ടിയെ അയക്കാന്‍ കഴിയുന്നതാണ് നല്ലത്. ഒരുപാട് കടുംപിടിത്തങ്ങളും മാര്‍ക്കിന് അമിത പ്രാധാന്യവും ഉള്ള സ്‌കൂളില്‍ പഠിക്കുക കുട്ടിക്ക് ബുദ്ധിമുട്ടായിരിക്കും. കുട്ടിയുടെ ശ്രദ്ധക്കുറവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും പരിഹരിക്കാനായി ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുക. 

കുട്ടി അക്ഷരങ്ങള്‍ എഴുതാന്‍ താമസം നേരിടുന്നു എന്നത് പല മാതാപിതാക്കള്‍ക്കും വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ 8 വയസ്സിനു ശേഷവും കുട്ടിക്ക് എഴുത്ത്, വായന, അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അഴിയാതെ ഇരിക്കുക, കണക്കു ചെയ്യാന്‍ ബുദ്ധിമുട്ട് വരിക എന്നിവയാണെങ്കില്‍ കുട്ടിക്ക് പഠനവൈകല്യം ഉണ്ടോ എന്നറിയാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുക. 

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

കുട്ടികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാം 

ആദ്യമായി മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും കാണാതെ സ്‌കൂളില്‍ ഇരിക്കേണ്ടി വരുമ്പോള്‍ കുട്ടികള്‍ സങ്കടപ്പെടാനും ഭയപ്പെടാനുമൊക്കെ സാധ്യതയുണ്ട്. അതിനാല്‍ മുന്‍കൂട്ടി കുട്ടിയോട് അതിനെപ്പറ്റി സംസാരിച്ചു സ്‌കൂള്‍ നല്ലൊരിടമാണ് എന്ന ധാരണ കുട്ടിക്കു നല്‍കണം. അവിടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും, പാട്ടുകള്‍ പഠിക്കാനും ഒക്കെ അവസരം ഉണ്ടെന്നും അത് പഠിച്ചു കഴിഞ്ഞയുടന്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്തുമെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. സ്‌കൂളിലെ ശുചിമുറികള്‍ ഉപയോഗിക്കാനും ക്ലാസ്സില്‍ ഇരിക്കാനും ഒക്കെ കുട്ടിക്ക് ചിലപ്പോള്‍ ഭയം തോന്നിയെന്നു വരാം. അങ്ങനെയെങ്കില്‍ കുട്ടിക്ക് പേടി തോന്നുന്ന കാര്യങ്ങളെപ്പറ്റി ടീച്ചറിനോട് സംസാരിക്കാനും ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് കുട്ടിയെ ക്ഷമയോടെ കൈകാര്യം ചെയ്യാനും ശ്രമിക്കണം.

കുട്ടികളുടെ മാനസികാരോഗ്യത്തിന് മാതാപിതാക്കള്‍ ചെയ്യേണ്ടത് എന്തെല്ലാം

ഒരു ദിവസം നടന്ന കാര്യങ്ങളെപ്പറ്റി കുട്ടിയോട് ചോദിച്ചു മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. അവരുടെ സന്തോഷവും ബുദ്ധിമുട്ടികളും ഒക്കെ കേള്‍ക്കാനും എന്ത് പ്രശ്‌നം വന്നാൽ നേരിടാനും മാതാപിതാക്കള്‍ ഉണ്ട് എന്ന് കുട്ടികള്‍ക്ക് മനസ്സിലാകുന്നപോലെ പെരുമാറാം. ചെറിയ പ്രായത്തില്‍ തന്നെ ഒരു സേഫ്റ്റി ഫീലിംഗ് അവരില്‍ ഉണ്ടാക്കാന്‍ ഇതു സഹായിക്കും. അതിനര്‍ത്ഥം അവരെ അമിതമായി ലാളിക്കണം എന്നുമല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അനുമോദിക്കുകയും, ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ അതു പറഞ്ഞു മനസ്സിലാക്കുകയും വേണം. സ്‌നേഹം നല്‍കുന്നതിനൊപ്പം സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയും അവരില്‍ വളര്‍ത്തിയെടുക്കണം. 

എപ്പോഴും വിജയം മാത്രം എന്ന നിലയില്‍ വലിയ സമ്മര്‍ദ്ദം കുട്ടികള്‍ക്കു കൊടുക്കാതിരിക്കാന്‍ ശ്രമിക്കാം. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അമിതമായി ഉത്കണ്ഠപ്പെടുന്നത് അവരോടുള്ള മാതാപിതാക്കളുടെ പെരുമാറ്റത്തെ ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ സമ്മര്‍ദ്ദം കുറച്ചുകൊണ്ടുവന്ന് കുട്ടിയുമായി തുറന്നു സംസാരിച്ച് കുട്ടിക്കും മാതാപിതാക്കള്‍ക്കും യോജിപ്പുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക.

വിദ്യാഭ്യാസ വാര്‍ത്തകളും കരിയര്‍ വാര്‍ത്തകളും വായിക്കാം