കരിവെള്ളൂർ : 1970. കോരിച്ചൊരിയുന്ന മഴ മേയിൽതന്നെ തുടങ്ങി. താഴ്ന്നപ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ. ആദ്യമായി അധ്യാപകനാകാൻ ജൂണിൽ സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു കൂക്കാനം റഹ്‌മാൻ. പക്ഷേ, മഴക്കെടുതി രൂക്ഷമായപ്പോൾ ആ വർഷം സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചു. രണ്ടുമാസം കഴിഞ്ഞ് ഓഗസ്റ്റ് മൂന്നിനാണ് സ്കൂൾ തുറന്നത്. ആ അധ്യയനവർഷം ഏപ്രിൽ 17-നാണ് അവസാനിച്ചത്.

To advertise here,

അവധിക്കാലം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകളുയരുമ്പോഴാണ് കൂക്കാനം റഹ്‌മാൻ ഓർമ്മകൾ പൊടിതട്ടിയെടുത്തത്. കാൻഫെഡ് സംസ്ഥാന സെക്രട്ടറിയായിരുന്ന കൂക്കാനം റഹ്‌മാൻ സാക്ഷരതാപ്രവർത്തകനും എഴുത്തുകാരനുമാണ്.

1970 ഓഗസ്റ്റ് മൂന്നിന് കരിവെള്ളൂർ നോർത്ത് എയുപി സ്കൂളിലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. കോരിച്ചൊരിയുന്ന മഴക്കാലത്തെ സ്കൂൾദിനങ്ങൾ മനസ്സിലെന്നപോലെ ഡയറിയിലും റഹ്‌മാൻ കുറിച്ചിട്ടുണ്ട്. സ്കൂളിൽ ചേർന്ന വർഷം നെഞ്ചോളം വെള്ളത്തിലൂടെ കുട്ടികളെ ചുമലിലേറ്റി കൊണ്ടുവന്ന് ആറാം പ്രവൃത്തിദിനത്തിൽ എഇഒവിന്‌ മുന്നിൽ ഹാജരാക്കിയ ഓർമ്മ ഇന്നും മനസ്സിൽ മങ്ങാതെയുണ്ട്‌.

1964 മുതൽ കഴിഞ്ഞദിവസംവരെ ഒരുദിവസം പോലും ഇദ്ദേഹം ഡയറി എഴുത്ത് മുടക്കിയിട്ടില്ല. എല്ലാ ഡയറിയും ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ മഴക്കാലത്തെ പ്രയാസങ്ങൾ കാണുമ്പോൾ ജൂൺ, ജൂലായ് മാസങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി നൽകുന്നതാണ് നല്ലതെന്നാണ് അധ്യാപക അവാർഡ് ജേതാവ് കൂടിയായ റഹ്‌മാൻ മാഷിന്റെ അഭിപ്രായം.