അബുദാബി : രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. പുതിയ അധ്യയനവർഷത്തിൽ 10 ലക്ഷത്തിലേറെ വിദ്യാർഥികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളെല്ലാം പൊതു, സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും പൂർത്തിയാക്കികഴിഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ ഈവർഷം 25,000 ത്തിലേറെ പുതിയ വിദ്യാർഥികളാണ് ചേർന്നിരിക്കുന്നത്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ തുറക്കുന്നതിന് ഒരാഴ്ച മുൻപുതന്നെ അധ്യാപകരും സാങ്കേതിക ജീവനക്കാരും സ്‌കൂളുകളിലെത്തിതുടങ്ങിയിരുന്നു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് മന്ത്രാലയം സംഘടിപ്പിച്ച പ്രൊഫഷണൽ വികസന പരിപാടിയിൽ 23,000 ത്തിലേറെ അധ്യാപകരും അഡ്മിനിസ്‌ട്രേറ്റർമാരും പങ്കെടുത്തു.
110 പ്രത്യേക വർക്ക്‌ഷോപ്പുകളിലൂടെ ഏകദേശം 170 മണിക്കൂർ ആയിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ രീതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ കഴിവ് മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യം.
സ്വകാര്യ സ്കൂളുകളിൽ ഫീൽഡ് മോണിറ്ററിങ് പ്ലാൻ
ഔദ്യോഗിക സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ എമിറേറ്റുകളിലുടനീളമുള്ള സ്വകാര്യ സ്കൂളുകളിൽ ഫീൽഡ് മോണിറ്ററിങ് പ്ലാൻ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഈ അധ്യയനവർഷം മുതൽ കിന്റർഗാർട്ടനിലും ചെറിയ ക്ലാസുകളിലും അറബി, ഇസ്‌ലാമിക് എജുക്കേഷൻ, സാമൂഹിക ആശയങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ ശ്രമം. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം മുതൽ ദേശീയ സ്വത്വവും ഇമിറാത്തി മൂല്യങ്ങളും ശക്തിപ്പെടുത്താനാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനിയർ മുഹമ്മദ് അൽ ഖാസിം വിശദീകരിച്ചു. ഇക്കാര്യത്തിലുള്ള അധ്യാപന നിലവാരവും കൃത്യമായി പരിശോധിക്കും. ഇതിനായി പ്രത്യേക പരിശോധനാ സംഘങ്ങളും ഓഫീസുകളും ഗുണനിലവാര സൂചകങ്ങൾ എന്നിവയുമുണ്ടാകും.
പഠനഫലങ്ങൾ പതിവായി നിരീക്ഷിക്കും. സ്വകാര്യ സ്കൂളുകളിൽ എല്ലാ വ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇംപ്ലിമെന്റേഷൻ ഗൈഡുകൾ വിതരണം ചെയ്യും. കർശനമായ മാനദണ്ഡങ്ങൾക്കനുസൃതമായി അധ്യാപന നിലവാരം ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
178 അധ്യയന ദിവസങ്ങൾ
അംഗീകൃത അക്കാദമിക് കലണ്ടർ പ്രകാരം മൂന്ന് ടേമുകളിലായി ആകെ അധ്യയനദിവസങ്ങൾ 178 ആണ്. ആദ്യ ടേം 67 ദിവസം (14 ആഴ്ച), രണ്ടാം ടേം 47 ദിവസം (ഒമ്പത് ആഴ്ച), മൂന്നാം ടേം 64 ദിവസം (13 ആഴ്ച). വിദ്യാർഥികൾക്കും അധ്യാപകർക്കും പഠന ആവശ്യഗതകളും വിശ്രമ കാലയളവുമെല്ലാം കൃത്യമായൊരുക്കിയാണ് മന്ത്രാലയം ഷെഡ്യൂൾ ഒരുക്കിയിരിക്കുന്നത്.
പുതിയ അധ്യയനവർഷത്തിൽ ഫസ്റ്റ് ടേം തിങ്കളാഴ്ച (ഓഗസ്റ്റ് 25) ആരംഭിച്ച് ഡിസംബർ എട്ടിന് അവസാനിക്കും (അധ്യാപകർക്ക് ഡിസംബർ 15). ഇതിൽ നബിദിനം (സെപ്റ്റംബർ നാല്), ഡയഗണോസ്റ്റിക് ടെസ്റ്റ് (സെപ്റ്റംബർ 15 മുതൽ 19 വരെ), മിഡ്‌ടേം ബ്രേക്ക് (ഒക്ടോബർ 13 മുതൽ 15 വരെ) എന്നിവയും ഉൾപ്പെടും. നവംബർ 20 മുതൽ 28 വരെയാണ് ഫൈനൽ എക്സാം. ദേശീയ അവധി ഡിസംബർ രണ്ട്, മൂന്ന് തിയതികളിലാണ്.
സെക്കൻഡ് ടേം: അടുത്തവർഷം ജനുവരി അഞ്ചിന് തുടങ്ങി മാർച്ച് 13 ന് അവസാനിക്കും. ഒന്നാം ടേമിലെ ഫലപ്രഖ്യാപനം (ജനുവരി ഏഴ് മുതൽ ഒമ്പത് വരെ), മിഡ്‌ടേം അവധി (ഫെബ്രുവരി 11 മുതൽ 15 വരെ). ഫൈനൽ പരീക്ഷകൾ മാർച്ച് നാല് മുതൽ 13 വരെ. സ്പ്രിങ് ബ്രേക്ക് മാർച്ച് 16 മുതൽ 29 വരെയുമാണ്.
മൂന്നാം ടേം: മാർച്ച് 30 ന് ആരംഭിച്ച് ജൂലായ് മൂന്നിന് അവസാനിക്കും. ഇതിൽ ഇന്റർനാഷണൽ റീഡിങ് സ്റ്റഡി (ഏപ്രിൽ 15 മുതൽ മേയ് ഏഴ് വരെ), മിഡ്‌ടേം ബ്രേക്ക് (മേയ് 25 മുതൽ 29 വരെ), ഇസ്‌ലാസ്ലാമിക് ന്യൂഇയർ അവധി (ജൂൺ 16). ഫൈനൽ പരീക്ഷകൾ ജൂൺ 24 മുതൽ ജൂലായ് മൂന്ന് വരെ.
സ്‌കൂൾ സമയത്തിൽ മാറ്റമില്ല
അബുദാബി : സ്കൂൾ സമയത്തിലെ മാറ്റം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കിന്റർഗാർട്ടനുകൾ ഉൾപ്പെടെ ഒരുതലത്തിലും സ്കൂൾ സമയം മാറ്റാൻ തീരുമാനമെടുത്തിട്ടില്ല. വിവരങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
റോഡ് സുരക്ഷ പ്രധാനം, സ്കൂൾ ബസുകൾക്ക് മുൻഗണന
അബുദാബി : റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാരുടെ പ്രത്യേക ശ്രദ്ധവേണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിക്കാൻ ശ്രദ്ധിക്കണം. റോഡുകളിൽ സ്കൂൾ ബസുകൾക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടത്. സ്കൂൾ പരിസരങ്ങളിലൂടെ വേഗം കുറച്ചുകൊണ്ട് വാഹനമോടിക്കാൻ ശ്രദ്ധിക്കണം. ക്ഷമയും കരുതലും ജാഗ്രതയും അത്യാവശ്യമാണ്.
പ്രധാന മാർഗനിർദേശങ്ങൾ
- വാഹനങ്ങൾ നിയന്ത്രിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുത്.
- നിശ്ചയദാർഢ്യക്കാരുടെ പാർക്കിങ്ങുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
- കുട്ടികളെ കയറ്റുന്നതും ഇറക്കുന്നതുമായ സ്ഥലങ്ങളിൽ മാത്രം സ്കൂൾബസുകൾ നിർത്തുക.
- സ്‌കൂളുകളുടെ വശംനോക്കി ബസുകൾ പാർക്കുചെയ്യുക. അല്ലാത്തപക്ഷം കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്ക് കാരണമാകും.
- റോഡിനുകുറുകെ പാർക്കുചെയ്യരുത്.
- ആംബുലൻസ് , പോലീസ് അടക്കമുള്ള വാഹനങ്ങൾക്കുള്ള അടിയന്തര പാതകൾ ഉപയോഗിക്കരുത്.
- വേഗപരിധി പാലിക്കുക. സ്കൂളുകൾക്ക് സമീപങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർവരെ വേഗം കുറച്ചിട്ടുണ്ട്.
- അടയാള ബോർഡുകൾ, സിഗ്നലുകൾ പ്രത്യേകം ശ്രദ്ധിക്കുക.
- സ്കൂൾ ബസുകൾ അടയാളബോർഡുകൾ കാണിക്കുമ്പോൾ മറ്റു വാഹനങ്ങൾ നിശ്ചിത അകലംപാലിച്ച് പൂർണമായും നിർത്തുക.
- വിദ്യാർഥികളുടെ സുരക്ഷയ്ക്കുള്ള ക്രോസിങ് ഗാർഡുകളുടെ നിർദേശങ്ങൾ പാലിക്കുക.
- സ്‌കൂൾ സമീപങ്ങളിലെത്തുമ്പോൾ കുട്ടികളുടെ നീക്കങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.
- വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുത്, ഇത് അശ്രദ്ധയ്ക്ക് കാരണമാകും.
- കുട്ടികൾക്കായി സ്‌കൂൾ ബസുകൾ കൂടുതൽ സ്ഥലങ്ങളിൽ ഇടയ്ക്കിടെ നിർത്തേണ്ടിവരുമ്പോൾ മറ്റു വാഹനങ്ങളും ശ്രദ്ധിക്കുക.
- കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് മുൻകൂട്ടി മനസ്സിലാക്കിവേണം വാഹനമോടിക്കേണ്ടത്.
- സ്‌കൂൾ ബസുകൾക്ക് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ കൂടുതലായതിനാൽ മറ്റുവാഹനങ്ങൾ , കാൽനടയാത്രക്കാർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.
- സ്‌കൂൾ ബസുകൾക്കുസമീപം മറ്റുവാഹനങ്ങൾ അതിവേഗം, സഡൻ ബ്രെക്ക് എന്നിവ പാടില്ല.
- ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ
- യുഎഇയിൽ സ്‌കൂൾബസുകളുടെ സ്റ്റോപ്പ് അടയാളങ്ങൾ അവഗണിച്ചാൽ 1,000 ദിർഹം പിഴ, 10 ബ്ലാക്ക് പോയിന്റുകൾ.
- സ്കൂളുകൾക്കുസമീപം വാഹനങ്ങൾ വേഗപരിധി നിയമം ലംഘിച്ചാൽ 300 ദിർഹം മുതൽ 700 ദിർഹം വരെ പിഴയീടാക്കും.
- മണിക്കൂറിൽ 20 കിലോമീറ്റർ കൂടിയാൽ 300 ദിർഹം, മണിക്കൂറിൽ 30 കിലോമീറ്റർ കൂടിയാൽ 600 ദിർഹം, 40 കിലോമീറ്റർ കൂടിയാൽ 700 ദിർഹം എന്നിങ്ങനെയാണ് പിഴ.
- സ്‌കൂൾബസുകൾക്ക് സമീപം അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നതും ഉച്ചത്തിൽ എൻജിൻ ശബ്ദം പുറപ്പെടുവിക്കുന്നതും ശിക്ഷാർഹമാണ്. ഇത് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകൾക്കും കാരണമാകും.
Content Highlights: UAE Schools Reopen: New Academic Year Begins
Published: 24 Aug 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented