വിദ്യാഭ്യാസവകുപ്പിന് എക്‌സൈസിന്റെ മുന്നറിയിപ്പ്. ലഹരിശൃംഖല വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നതാണ് രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ആശങ്ക. അതിനാല്‍, സ്‌കൂള്‍ തുറക്കുമ്പോള്‍ത്തന്നെ വലിയ മുന്നൊരുക്കം വേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ തുടക്കമിട്ട ലഹരിവിരുദ്ധ പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിന് അധ്യയനവര്‍ഷത്തെ ആദ്യദിനത്തില്‍ത്തന്നെ തുടക്കമാവും

To advertise here,

മഞ്ഞലൈൻ - ലക്ഷ്മണരേഖ

സ്കൂൾപരിസരം കേന്ദ്രീകരിച്ചുള്ള ലഹരിസംഘങ്ങളെ നേരിടാൻ എക്സൈസും പോലീസും സുരക്ഷാവലയമൊരുക്കും. എന്നാൽ, സ്കൂളിലും ചുറ്റുവട്ടത്തും ലഹരിവസ്തുക്കളില്ലെന്ന് ഉറപ്പാക്കാനുള്ളതാണ് ‘യെല്ലോ ലൈൻ’ കാമ്പയിൻ. ഇങ്ങനെ, എല്ലാ സ്കൂളിന്റെയും നൂറുവാര ചുറ്റളവിൽ ലഹരിവസ്തുക്കൾ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ഇല്ലെന്ന് ഉറപ്പാക്കും. സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും ബാത്ത്‌റൂം ചുറ്റുമതിലിനോടുചേർന്നുള്ള കെട്ടിടങ്ങളുമൊക്കെ നിരന്തരമായി നിരീക്ഷിക്കും. അധ്യാപകർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. 

ഹോട്ട് സ്പോട്ട് 

സ്കൂളിനുള്ളിലും പരിസരത്തും ലഹരിവസ്തുക്കൾ കൈമാറ്റംചെയ്യപ്പെടാൻ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവ ഒഴിവാക്കാൻ നടപടിയെടുക്കും. അധ്യാപകരുടെ നിരീക്ഷണംമാത്രമല്ല, സ്കൂളിലെ ശുചീകരണജീവനക്കാരെയും ഇതിന്‌ ചുമതലപ്പെടുത്തും. പാൻമസാല കവർ പോലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നാണ് നിർദേശം. 

ജാഗ്രതപ്പെടാൻ  ജനസമിതി 

ഈ വർഷം എല്ലാസ്കൂളിലും ജനജാഗ്രതാസമിതികൾ നിർബന്ധമാക്കി. പി.ടി.എ. പ്രസിഡന്റ് അധ്യക്ഷനും സ്കൂൾ പ്രിൻസിപ്പൽ/പ്രഥമാധ്യാപകൻ കൺവീനറുമായിട്ടാണ് ഈ സമിതി. മദർ പി.ടി.എ., സ്‌കൂൾ പാർലമെന്റ്, പൂർവവിദ്യാർഥി സംഘടന, വിദ്യാലയ വികസനസമിതി, വിരമിച്ച അധ്യാപകർ, മാനേജ്‌മെന്റ്, രാഷ്ട്രീയപ്പർട്ടികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളുണ്ടാവും. കൂടാതെ, സ്കൂളുകളും ചുറ്റുവട്ടവും പതിവായി സന്ദർശിക്കുന്നവരെ തിരിച്ചറിയാനും നിരീക്ഷിക്കാനുമായി പരിസരത്തെ ഓട്ടോഡ്രൈവർമാരെയും അയൽപക്കത്ത്‌ താമസിക്കുന്ന രക്ഷിതാക്കളെയുമൊക്കെ ജാഗ്രതാസമിതികളിൽ ഉൾപ്പെടുത്തും. പോലീസ്, എക്സൈസ് പ്രതിനിധികളും അഭ്യുദയകാംക്ഷികളുമൊക്കെ സമിതിയുടെ ഭാഗമാവും. 

അധ്യാപകർ  പടയാളികൾ 

അധ്യാപകരെ പരിശീലനംനൽകി പ്രത്യേകം രംഗത്തിറക്കും. ഇതിനായി കേന്ദ്രത്തിന്റെ നവചേതന മൊഡ്യൂൾ കേരളത്തിന് അനുസൃതമാക്കി എസ്.സി.ഇ.ആർ.ടി. പരിശീലനപദ്ധതി തയ്യാറാക്കും. ആദ്യഘട്ടത്തിൽ ഏതാനും ജില്ലയിലെ അധ്യാപകരെ ഉൾപ്പെടുത്തിയാവും പരിശീലനം. 
ഓരോ ജില്ലയിലും പത്തുസ്കൂൾവീതം തിരഞ്ഞെടുത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. 
ക്ലാസിൽ അധ്യാപകർ കുട്ടികളെ നിരീക്ഷിക്കണം. ലഹരിയുപയോഗമുണ്ടെന്ന് കണ്ടെത്തിയാൽ കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പോലീസിനെയും എക്സൈസിനെയും അറിയിക്കണം. റിപ്പോർട്ട് ചെയ്യാത്ത അധ്യാപകർക്കെതിരേ നടപടി. 

സ്കൂളിൽ വേണ്ടത് ഇതൊക്കെ 

  • സ്റ്റാഫ് കൗൺസിൽ, സ്കൂൾ പാർലമെന്റ്, പി.ടി.എ. യോഗങ്ങൾ ചേർന്ന് സ്കൂളിന് പൊതുവായ ഒരു കർമപദ്ധതി തയ്യാറാക്കണം. 
  • പ്രത്യേകം അസംബ്ലികൾ വിളിച്ച് ലഹരിക്കെതിരേ ബോധവത്‌കരണം നടത്തണം. 
  • ലഹരിവിരുദ്ധസന്ദേശങ്ങൾ രക്ഷിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കാൻ ക്ലാസുതല പി.ടി.എ. യോഗങ്ങൾ ചേരണം. രക്ഷിതാക്കളോടൊപ്പം കുട്ടികളും ഇതിൽ പങ്കെടുക്കണം. 
  • ലഹരിവിരുദ്ധപ്രവർത്തനം ഏതെങ്കിലുമൊരു അധ്യാപകന്റെ ചുമതലയല്ല; എല്ലാ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനമുണ്ടാവണം. ആഴ്ചയിലൊരിക്കൽ സ്റ്റാഫ് കൗൺസിൽ യോഗംചേർന്ന് സ്കൂൾതല ലഹരിവിരുദ്ധപ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. 
  • സ്കൂൾതല ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഡോക്യുമെന്റ്ചെയ്ത് വിദ്യാഭ്യാസ ഓഫീസർമാർക്ക് കൈമാറണം. 
  • ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ടെന്ന് ഹോസ്റ്റൽ വാർഡനോ ചുമതലപ്പെട്ട അധ്യാപകനോ ഉറപ്പാക്കണം. 
  • ഹയർ സെക്കൻഡറിയിലെ സൗഹൃദക്ലബ്ബുകൾ, വി.എച്ച്.എസ്.ഇ.യിലെ കരിയർ ഗൈഡൻസ് സെല്ലുകൾ, എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്കൗട്ട്സ്‌ ആൻഡ്‌ ഗൈഡ്സ്‌, ലിറ്റിൽ കൈറ്റ്‌സ്, ആന്റി നാർക്കോട്ടിക് ക്ലബ്ബ് തുടങ്ങിയവവഴി കലാകായിക പരിപാടികളും ബോധവത്കരണവും സംഘടിപ്പിക്കണം. 
  • പോസ്റ്ററുകൾ, ബോർഡുകൾ, മറ്റുപ്രചാരണസാമഗ്രികൾ എന്നിവയുണ്ടാവണം. 
  • പരാതികളും വിവരങ്ങളും അറിയിക്കാനുള്ള ഫോൺനമ്പറുകൾ പ്രദർശിപ്പിക്കണം. 
  • പരാതികളും നിർദേശങ്ങളും അറിയിക്കാൻ സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം. 

ശ്രദ്ധിക്കാം  ഈ കാര്യങ്ങൾ

  • കുട്ടികളുടെ മാനസികാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാകുക
  • പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും താത്പര്യം കുറയുക
  • വിശപ്പില്ലായ്മ, മയക്കം, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, കൃത്യനിഷ്ഠയില്ലായ്മ, ഏകാന്തത, പെട്ടെന്ന് ദേഷ്യംവരുക, ക്രമരഹിതമായ കാൽച്ചുവടുകൾ, ടോയ്‌ലറ്റിൽ അധികനേരം ചെലവിടുക. 
  • ആത്മഹത്യയെക്കുറിച്ചോ മരണത്തെക്കുറിച്ചോ സ്ഥിരമായി സംസാരിക്കുക. 
  • രഹസ്യമായ ഫോൺ ഉപയോഗം 
  • തുടർച്ചയായി കള്ളംപറയുക. 
  • പുതിയതും പ്രായത്തിന് ചേരാത്തതുമായ സൗഹൃദങ്ങൾ 
  • സ്കൂളിൽ പോകാതിരിക്കുക
  • ഒളിച്ചോടാനുള്ള പ്രവണത, പണത്തിന് ആവശ്യം കൂടുക, വീടിനുള്ളിൽ മോഷണം നടത്തുക 

ശാരീരിക ലക്ഷണങ്ങൾ

  • വൃത്തിയില്ലാത്ത, അലസമായ വസ്ത്രധാരണം
  • ശരീരഭാരം പെട്ടെന്ന് കുറയുക
  • ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലും ഏറ്റക്കുറച്ചിലുകൾ
  • കണ്ണിന്റെ കൃഷ്ണമണിയുടെ ആകൃതിയിലുണ്ടാകുന്ന വ്യത്യാസം
  • ശ്വാസത്തിന് ഗന്ധവ്യതിയാനം
  • കൈകാലുകൾക്ക് വിറയൽ 

കണ്ടെത്താം  ലഹരികേന്ദ്രങ്ങൾ

സ്കൂൾപരിസരത്തോ സമീപത്തോ സിഗരറ്റ് കുറ്റികൾ, തീപ്പെട്ടികൾ, പാൻമസാല കവറുകൾ, മരുന്നുകുപ്പികൾ, സിറിഞ്ച്, മുറുക്കിത്തുപ്പൽ എന്നിവ കണ്ടെത്തിയാൽ ലഹരിയുപയോഗം സംശയിക്കാം. വിദ്യാർഥികൾ പതിവായി കൂടിച്ചേരാറുള്ള പ്രദേശങ്ങളിൽ ഇവ കാണുന്നത് ലഹരിവസ്തുക്കളുടെ കൈമാറ്റത്തിന്റെയും ഉപയോഗത്തിന്റെയും സൂചനാണ്. സ്കൂൾ-കോളേജ് വിദ്യാർഥികളുമായി അനാവശ്യചങ്ങാത്തം കൂടുന്ന മുതിർന്നവരെ നിരീക്ഷിക്കുക. 
ഇടവേളകളിലും ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പും കുട്ടികൾ വിദ്യാലയങ്ങൾക്കുപുറത്തേക്ക്‌ പോകുന്നുണ്ടെങ്കിൽ അവർ തങ്ങുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുക.

ലഹരിയിലേക്കുള്ള  വഴികൾ

  • തമാശയ്ക്കുവേണ്ടി തുടങ്ങുക
  • സുഹൃത്തുക്കളുടെ നിർബന്ധം
  • സിനിമ-സാമൂഹികമാധ്യമ അനുകരണം
  • ലഹരി എന്താണെന്ന് അറിയാനുള്ള ആഗ്രഹം
  • ലഹരിയുടെ ദോഷത്തെക്കുറിച്ചുള്ള ധാരണക്കുറവ് 
  • ഉപയോഗംവഴിയുള്ള നേട്ടത്തെക്കുറിച്ചുള്ള മിഥ്യാധാരണ

ലഹരിയുപയോഗം  തിരിച്ചറിയാം

വിദ്യാർഥികളുടെ ബാഗ്, ലഞ്ച്‌ബോക്സ്, വസ്ത്രങ്ങൾ എന്നിവ പരിശോധിച്ചാൽ ലഹരി ഉപയോഗത്തിന്റെ തെളിവുലഭിക്കും. ഇവയിൽ പരിചിതമല്ലാത്ത ഗന്ധമോ പൊടികളോ ശ്രദ്ധയിൽപ്പെട്ടാൽ അവരെ നിരീക്ഷിക്കണം. ക്ഷീണവും ഉറക്കവും കൂടുതലുണ്ടാകുകയും പ്രത്യേകിച്ച് അസുഖങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നതും ലഹരി ഉപയോഗത്തിന്റെ സൂചനയാണ്.അധ്യാപകരും രക്ഷിതാക്കളുമായി നല്ല ആശയവിനിമയമുണ്ടാകണം. പഠനത്തിൽ പെട്ടെന്നുള്ള പിന്നോട്ടുപോക്ക്, ശ്രദ്ധയില്ലായ്മ എന്നിവ പെട്ടെന്ന് അധ്യാപകർക്ക് കണ്ടെത്താനാകും. ഈ മാറ്റം രക്ഷിതാക്കൾ കൃത്യസമയത്ത് അറിഞ്ഞാൽ വീട്ടിലും ശ്രദ്ധിക്കാനാകും. കൗൺസിലിങ്ങും ചികിത്സയും നൽകി ഇവരെ തിരിച്ചെത്തിക്കാനാകും.

നേർവഴി

വിദ്യാർഥികളിലെ ലഹരിയുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അവരെ പിന്തിരിപ്പിക്കുന്നതിന് എക്സൈസിന്റെ സഹായം ഉറപ്പാക്കുന്നതാണ് നേർവഴി പദ്ധതി. അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണർവുമായി ബന്ധപ്പെടാം. (നമ്പർ പട്ടികയിൽ.)

വിമുക്തി ക്ലബ്ബുകൾ

വിദ്യാലയങ്ങളിലെ ലഹരിയുപയോഗം തടയുന്നതിന് കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി രൂപവത്‌കരിക്കുന്നതാണ് വിമുക്തി ക്ലബ്ബുകൾ. 6022 ക്ലബ്ബുകൾ രൂപവത്‌കരിച്ചിട്ടുണ്ട്. ഒാരോ വിദ്യാലയത്തിലെയും കുട്ടികളെ അവിടെത്തന്നെ നിരീക്ഷിക്കുന്നതാണ് ഈ സംവിധാനം. ലഹരിയുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ വിമുക്തി ക്ലബ്ബിന്റെ സഹായംതേടാം.
ലഹരിയുപയോഗം നിരുത്സാഹപ്പെടുത്താനും കൗൺസിലിങ്ങിനും എക്സൈസ് വിമുക്തി മിഷൻ ടോൾഫ്രീ നമ്പർ (നമ്പർ പട്ടികയിൽ.)

രക്ഷയ്ക്കായി  കുട്ടിപ്പോലീസും
1001 സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഒാരോ സ്കൂളിലെയും അധ്യാപകരെയാണ് നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്. ലഹരിയുപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവർക്കും പങ്കുവെക്കാം. പോലീസ് കൺട്രോൾ റൂം 112

വിളിപ്പുറത്തുണ്ട് ഇവർ 

  • ചിരി (കേരള പോലീസ്):    9497900200
  • ദിശ (ആരോഗ്യവകുപ്പ്):  1056, 104,  0471-2552056 
  • ചൈൽഡ് ലൈൻ: 1098
  • വനിതാ ഹെൽപ്പ്‌ലൈൻ:  0471-2338100
  • വിമുക്തി (എക്സൈസ് വകുപ്പ്):  14405

കൗൺസിലിങ് കേന്ദ്രങ്ങൾ

തിരുവനന്തപുരം: 9400033100
എറണാകുളം:  9188520199
കോഴിക്കോട്:  9188458494
കോട്ടയം:  9744391737

  • ലഹരിക്കടത്തുകാരെക്കുറിച്ച്  വിവരം നൽകാൻ  9061178000 
  • ലഹരിയുപയോഗംമൂലം വിദ്യാർഥികളിൽ സ്വഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ -നേർവഴി (എക്സൈസ്):   9656178000