റിയാദ്: ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ തന്റെ മിടുക്കുമൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായുള്ള സൗദി സന്ദര്‍ശനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് അവകാശവാദം ട്രംപ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സംഘര്‍ഷം തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക കൂടുതല്‍ വ്യാപാരം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയക്ക് മിനിറ്റുകള്‍ക്ക് മുൻപായിരുന്നു ട്രംപിന്റെ ആദ്യ പരാമര്‍ശം.
വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണെന്നും ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രമാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്റെയും തുടര്‍ന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കള്‍ തമ്മില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളില്‍ ഒന്നിലും വ്യാപാര വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Trump Claims Credit for India-Pakistan Ceasefire, Contradicting Indian Official Statements
Published: 13 May 2025, 11:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented