ന്യൂഡല്‍ഹി: ആക്രമണ-പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്ധനും വിരമിച്ച കേണലുമായ ജോണ്‍ സ്‌പെന്‍സര്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മികവ് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം. പാകിസ്താനില്‍ എവിടെയും ഏത് സമയത്തും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് കെല്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. യുഎസിലെ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അര്‍ബന്‍ വാര്‍ഫെയര്‍ സ്റ്റഡീസ് വിഭാഗം തലവനാണ് സ്‌പെന്‍സര്‍.

To advertise here,

ഇന്ത്യയ്ക്കുനേരെ പാകിസ്താന്‍ അയച്ച ചൈനീസ് നിർമിത പ്രതിരോധ സംവിധാനങ്ങളെ, ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകളുമായി താരതമ്യപ്പെടുത്താനാവില്ല. പാകിസ്താനെ ആക്രമിക്കുന്നതിലും തിരിച്ചുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിലും ഇന്ത്യ വിജയിച്ചു. പാക് ഡ്രോണ്‍ ആക്രമണങ്ങളെയും അതിവേഗ മിസൈലുകളെയും പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും സ്‌പെന്‍സര്‍ പറഞ്ഞു. ചൈനയുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ചതാണ്. എന്നാൽ, ചൈനയുടെയും പാകിസ്താന്റെയും വ്യോമപ്രതിരോധത്തെ തകര്‍ക്കാൻ ബ്രഹ്‌മോസ് മിസൈലിന് കഴിഞ്ഞു. പാകിസ്താനില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ കഴിയുമെന്ന ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നെന്നും സ്‌പെന്‍സര്‍ പറഞ്ഞു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതിരോധമായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ ഒരു വഴിത്തിരിവായി സ്‌പെന്‍സര്‍ വിശേഷിപ്പിച്ചു. അത് പാകിസ്താന്‍ സൈന്യത്തിന് ഗണ്യമായ ചെലവ് വരുത്തിവെച്ചു. സംഘര്‍ഷത്തെക്കുറിച്ച് ഇന്ത്യ വിശദാംശങ്ങള്‍ നല്‍കിയ നടപടിയെയും അദ്ദേഹം പുകഴ്ത്തി. വരും വര്‍ഷങ്ങളില്‍ സൈനിക തന്ത്രജ്ഞരും വിദ്യാര്‍ഥികളും ഈ ഓപ്പറേഷനെക്കുറിച്ച് പഠിക്കും. സിന്ദുനദീജലക്കരാര്‍ മരവിപ്പിച്ചുള്ള ഇന്ത്യയുടെ സമീപനം മികച്ചതായിരുന്നു. ഇത് ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്താനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.