ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി പാകിസ്താന്‍ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 36 കേന്ദ്രങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ച രാത്രി എട്ടിനും 11.30-നും ഇടയില്‍ 300-400 ഡ്രോണുകളാണ് പാകിസ്താന്‍ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി 36 ഇടങ്ങളിലായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 

To advertise here,

എന്നാല്‍, കരസേനയും വ്യോമസേനയും വിജയകരമായി ഈ  ഡ്രോണുകളെ തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. L70, ZU-23, ഷിക, ആകാശ് എന്നീ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം പാകിസ്താന്‍ ഡ്രോണുകളെ നിലംതൊടീക്കാതെ തകര്‍ത്തുകളഞ്ഞത്. 

അതേസമയം, ഈ ഡ്രോണുകള്‍ ആയുധങ്ങള്‍ ഘടിപ്പിച്ചവയായിരുന്നില്ല എന്നും രാജ്യത്ത് ഭീതിപരത്തുക എന്നത് മാത്രമായിരുന്നിരിക്കാം പാകിസ്താന്‍ ലക്ഷ്യംവെച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. സാധാരണക്കാരെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പം ഇന്ത്യയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതുകൂടി പാക് സൈന്യം  ഡ്രോണുകളിലൂടെ ലക്ഷ്യംവെച്ചിരിക്കാം എന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.