
ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ശക്തമായ സന്ദേശം. ഇന്ത്യയെ ആക്രമിച്ച് പാകിസ്താനില്‍ ഒളിച്ചിരിക്കാമെന്ന് ആരും കരുതേണ്ട. പാകിസ്താനില്‍ എവിടെ ആയിരുന്നാലും അവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരിക്കും എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിനും പാകിസ്താനും മുന്നില്‍ കാണിച്ചുകൊടുത്തത്.
ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോയിരുന്ന രീതിക്ക് പകരം ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നതിലേക്ക് ഇന്ത്യ നയം മാറ്റി. അങ്ങനെയാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. എന്നാല്‍, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അതുമാത്രം പോരെന്നു വ്യക്തമായി. അങ്ങനെ ഭീകരവാദികളുടെ പിണിയാളുകള്‍ക്ക് പകരം അവരെത്തിയതെവിടെ നിന്നാണോ അവിടെ ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. അങ്ങനെയാണ് ബാലക്കോട്ട് ഉള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന പാകിസ്താനുള്ളില്‍ കടന്ന് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ഭീകരവാദികളെ അവരുടെ വീട്ടില്‍കേറി കൊല്ലുമെന്നതാണ് ഇനിയുള്ള നയമെന്ന് മോദി ഗുജറാത്തിലെ ഒരു പരിപാടിയില്‍ 2019-ല്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെ ഭീകരവാദികളെ കശ്മീരില്‍ ഉന്മൂലനം ചെയ്യുന്നത് തുടര്‍ന്നതോടെ കശ്മീര്‍ സമാധാനം അറിഞ്ഞുതുടങ്ങി. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തോടെ ഭീകരവാദികള്‍ക്ക് മറുപടി കുറച്ചുകൂടി മനസിലാക്കുന്ന തരത്തിലാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു. വിഷപ്പാമ്പിനെ അതിന്റെ വാലില്‍ അടിച്ചാല്‍ പോര, തലയില്‍തന്നെ അടിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു.
ഇതോടെ ഇന്ത്യയില്‍ പലപ്പോഴായി ആക്രമണം നടത്തുന്ന ഭീകരവാദികളുടെ ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. അങ്ങനെ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തോയ്ബ തുടങ്ങിയ ഭീകരവാദികളുടെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളും അവയുടെ പ്രധാനപ്പെട്ട കൊടുംഭീകരന്മാരും എവിടെയൊക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെയെല്ലാം ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു.
പഹല്‍ഗാമിലെ 26 പേരുടെ മരണത്തിന് ആശയവും പ്രചോദനവുമായി നിന്ന ഭീകരവാദികളുടെ കേന്ദ്രങ്ങളും നേതാക്കളുമാണ് ഇന്ത്യയുടെ ആക്രമണത്തില്‍ ഇല്ലാതായത്. പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടത്തും ഇന്ത്യ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആക്രമണം നടത്തുന്ന പിണിയാളുകളെയല്ല, അവര്‍ക്ക് നിര്‍ദ്ദേശം നല്കുന്ന ബുദ്ധികേന്ദ്രങ്ങളെയാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയെ ആക്രമിക്കുന്ന ഭീകരവാദികള്‍ക്ക് പാകിസ്താനില്‍ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന സന്ദേശം വ്യക്തമായി ബോധ്യപ്പെടുത്തിയെന്നാണ് സേനാ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
നിയന്ത്രണരേഖയോ അന്താരാഷ്ട്ര അതിര്‍ത്തിയോ ഒന്നും ഭീകരവാദികളെ നേരിടുന്നതില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കില്ലെന്ന് ഇത്തവണ ഉറപ്പിച്ച് പറഞ്ഞു. നിയന്ത്രണരേഖയില്‍ മാത്രമല്ല, പാകിസ്താനിലേക്ക് 100 കിലോമീറ്ററോളം ഉള്ളില്‍വരെ ഇന്ത്യ ആക്രമിച്ചു. ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്താനും അവര്‍ ചരടുവലിക്കുന്ന ഭീകരവാദികള്‍ക്കും മുന്നില്‍ ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. ഇനി ഇന്ത്യയെ ആക്രമിക്കാന്‍ മുതിരരുത്. അതിര്‍ത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിക്കരുത്. അങ്ങനെയുള്ള ഏത് ഭീകരവാദ പ്രവര്‍ത്തനവും ഇനി യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗമായി വന്നതാണ്.
Content Highlights: Went For Head Of Snake': Sources On India's Strike On Pak Terror Bases
Published: 12 May 2025, 07:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented