ന്യൂഡല്‍ഹി: കരസേനയില്‍ വനിതകള്‍ക്കും സ്ഥിരംകമ്മിഷന്‍ പദവി നല്‍കണമെന്ന 2020-ലെ സുപ്രീംകോടതിവിധിയില്‍ കേണല്‍ സോഫിയാ ഖുറേഷിയുടെ നേട്ടങ്ങളെക്കുറിച്ചും പരാമര്‍ശം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി പാകിസ്താനില്‍ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ച് ബുധനാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചത് കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാസിങ്ങുമായിരുന്നു.

To advertise here,

ഇന്ത്യ നടത്തിയ ഏറ്റവുംവലിയ വിദേശ സൈനികാഭ്യാസമായ എക്‌സര്‍സൈസ് ഫോഴ്സ് 18-ല്‍ കരസേനാ കണ്ടിജെന്റിനെ നയിച്ച ആദ്യ വനിതയാണ് കേണല്‍ സോഫിയയെന്ന് 2020 ഫെബ്രുവരി 17-ലെ വിധിയില്‍ പറയുന്നു. കരസേനയുടെ സിഗ്‌നല്‍ കോറിലെ ഉദ്യോഗസ്ഥയായ സോഫിയ, 2006-ല്‍ കോംഗോയിലെ യുഎന്‍ സമാധാനദൗത്യത്തിലും പങ്കെടുത്തിരുന്നു. സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ സമാധാനമുറപ്പാക്കാന്‍ കേണല്‍ സോഫിയ നടത്തിയ സേവനങ്ങളെ സുപ്രീംകോടതി പ്രകീര്‍ത്തിച്ചു.

അന്ന് ലെഫ്. കേണല്‍ ആയിരുന്ന സോഫിയാ ഖുറേഷിക്കുപുറമേ മറ്റുചില വനിതാ ഉദ്യോഗസ്ഥരുടെ നേട്ടങ്ങളും സൈന്യത്തില്‍ ലിംഗനീതി ഉറപ്പാക്കിയ വിധിയില്‍ സുപ്രീംകോടതി എടുത്തുപറഞ്ഞിരുന്നു. ലെഫ്. കേണല്‍ അനുവന്ദനാ ജഗ്ഗി, മേജര്‍ മധുമിത, മേജര്‍ ഗോപിക അജിത് സിങ് പവാര്‍, മേജര്‍ മധു റാണ, ക്യാപ്റ്റന്‍ അശ്വിനി പവാര്‍ തുടങ്ങിയവരുടെ നേട്ടങ്ങളും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള വനിതകള്‍ക്ക് പത്തുവര്‍ഷമാണ് സേവനകാലാവധി. നാലുവര്‍ഷംകൂടി നീട്ടിനല്‍കാറുമുണ്ട്. ഇതുപ്രകാരം പരമാവധി ലെഫ്. കേണല്‍ പദവിവരെ മാത്രമേ വനിതകള്‍ക്ക് എത്താന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍, സുപ്രീംകോടതിവിധിയോടെ പുരുഷന്മാരെപ്പോലെ ഏതുപദവിവരെയും വനിതകള്‍ക്ക് എത്താമെന്നായി.