വള്ളിക്കുന്ന്: അത്തം മുതല്‍ തിരുവോണം വരെ മുറ്റത്ത് പൂക്കളമിടുന്ന കാലമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ടണ്‍ കണക്കിന് പൂക്കളാണ് ഓരോ വര്‍ഷവും വിപണിയിലെത്തുന്നത്. പണ്ടത്തെ പോലെ പറമ്പായ പറമ്പുകള്‍ മുഴുവന്‍ നടന്ന് പൂവിറുക്കാന്‍ ഇന്ന് ആളില്ലല്ലോ. പൂവിനാണേല്‍ വന്‍ വിലയും. ഇത്തവണ വിപണിയില്‍ നിന്ന് പൂ വാങ്ങുന്നത് കുറയ്ക്കാന്‍ ഒരു കൂട്ടം ബന്ധുക്കള്‍ ചേര്‍ന്ന് പൂകൃഷി വിളവെടുത്തിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍. 

To advertise here,

വള്ളിക്കുന്ന് ആനയാറങ്ങാടിയിലെ കാനാരിക്കല്‍ കുടുംബസമിതിയാണ് ബന്ധുക്കളായ വീടുകളിലെ ഓണപ്പൂക്കളത്തിനായി ചെണ്ടുമല്ലിപ്പൂക്കള്‍ വിളവെടുത്തത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് കൃഷി ചെയ്തത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് കൂടുംബാംഗങ്ങള്‍. കൂട്ടായ പരിശ്രമത്തിലൂടെ ബന്ധുക്കള്‍ ഒത്തുചേര്‍ന്ന് പൂക്കള്‍ പരിപാലിച്ചത്. 

കൂട്ടായ്മയിലെ അംഗങ്ങളുടെ വീട്ടിലെങ്കിലും പൂക്കളമൊരുക്കാന്‍ ഒരു നാടന്‍ സൗരഭം വേണമെന്ന ആഗ്രഹം ഇവരെ പൂക്കൃഷിയിലേക്ക് നയിച്ചതായി കൂട്ടായ്മ ഭാരവാഹികളായ എ.കെ. ശശിധരനും എ.കെ. മുകുന്ദനും പറഞ്ഞു.

കൃഷിക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്നത് കൃഷി വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കൂട്ടായ്മ അംഗം എ.കെ. രത്‌നാകരനാണ്. പത്തു സെന്റോളം വരുന്ന സ്ഥലത്ത് ആദ്യമായാണ് ഇവരുടെ പൂക്കൃഷി. കൃഷിവകുപ്പില്‍നിന്നാണ് പൂത്തൈകള്‍ ശേഖരിച്ചത്. 

മൂന്ന് മാസം കൊണ്ട് പൂക്കളെല്ലാം നല്ലപോലെ വിരിഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കിട്ടിയ ശക്തമായ മഴ വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 

ഓണം വരെ പൂക്കളമിടാന്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഇനി പൂ വാങ്ങാന്‍ പുറത്ത് പോവേണ്ട. പരീക്ഷണം വിജയമായതോടെ അടുത്തവര്‍ഷം വിവിധങ്ങളായ മറ്റ് പൂക്കളും കൃഷിചെയ്യാനുള്ള പദ്ധതിയിലാണ് കുടുംബാംഗങ്ങള്‍.