തിരുവല്ല (പത്തനംതിട്ട): ഓണക്കാലം മുൻപിലെത്തിയതോടെ സംസ്ഥാനത്തെ പൂവിപണിയിൽ വിലക്കയറ്റം. ഓഗസ്റ്റ് രണ്ടാംവാരംവരെ കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്ന ബന്ദിപ്പൂവിന് നൂറിനടുത്ത് വിലയായി. 100 രൂപ വില ഉണ്ടായിരുന്ന നന്ദ്യാർവട്ടത്തിനും റോസാപ്പൂവിനും യഥാക്രമം 300-ഉം 200-ഉം രൂപയായി. വാടാമുല്ല-90, പൂജറോസ്-120, ട്യൂബ് റോസ്-150, കനകാംബരം-350, മൈസൂർ മുല്ല-300 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ ശരാശരി വില. ഓണമാകുന്നതോടെ ബന്ദിയുടെയും റോസിന്റേതുമടക്കം വില ഇനിയും കൂടുമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. സെപ്റ്റംബർ ആദ്യവാരം മുതൽ കേരളത്തിലും തമിഴ്‌നാട്ടിലും വിശേഷദിവസങ്ങൾ ഒന്നൊന്നായി എത്തുന്നതോടെ പൂക്കളുടെ ഡിമാന്റ്‌ ഉയരും.

To advertise here,

വിനായകചതുർഥി, ഓണം, വിവാഹങ്ങൾ

വിനായകചതുർഥിയും ഓണവും ഒരാഴ്ച വ്യത്യാസത്തിലാണ് ആഘോഷിക്കുന്നത്. രണ്ടാഘോഷങ്ങൾക്കും പൂക്കൾ വേണം. വിനായകചതുർഥിക്ക് തമിഴ്‌നാട്ടിലും ഓണത്തിന് കേരളത്തിലും പൂവിന് ആവശ്യംകൂടും. സെപ്റ്റംബർ ഏഴിനാണ് വിനായകചതുർഥി. എട്ടിന് ചിങ്ങമാസത്തിലെ പ്രധാനപ്പെട്ട മുഹൂർത്തമുള്ള ദിവസവും. വിവാഹവും ഗൃഹപ്രവേശവുമടക്കമുള്ള നിരവധി ചടങ്ങുകൾ എട്ടിനുണ്ട്.

ആറിന് അത്താഘോഷം തുടങ്ങും. 15-ന് തിരുവോണം. ഓണക്കാലത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിലും കേരളത്തിലെ പൂവിപണിയിൽ വില കുതിച്ചുയർന്നിരുന്നു. ജമന്തിപ്പൂ കിലോയ്ക്ക് 450 രൂപവരെ വന്നു. ബന്ദിക്ക് 250 രൂപവരെ വില ഉയർന്നു.

ബെംഗളൂരു, മൈസൂരു, ഗുണ്ടൽപ്പേട്ട്, ഹൊസൂർ, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, തേനി, ശീലയംപട്ടി, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ, തോവാള തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കൾ എത്തുന്നത്. ആവശ്യത്തിനുള്ള പൂക്കൾ ഇവിടങ്ങളിൽനിന്ന് കിട്ടാതെ വരുമ്പോൾ കൂടുതൽ ദൂരത്തുനിന്നും പൂ എത്തിക്കുന്നതിനാലാണ് വില ഉയർത്തേണ്ടിവരുന്നതെന്ന് ശങ്കരൻകോവിലിലെ മൊത്തവ്യാപാരി ടി.കെ.ശരവണൻ പറഞ്ഞു.

താരമായി താമര

മലയാളികളുടെ കല്യാണ ആവശ്യങ്ങൾക്ക് ഉൾപ്പെടെ മുമ്പത്തേതിലും വലിയ ഡിമാന്റാണ് താമരപ്പൂവിനെന്ന് തമിഴ്‌നാട്ടിലെ കച്ചവടക്കാർ പറയുന്നു. സാധാരണ ഒരു താമരപ്പൂവിന് മൊത്ത വിപണിയിൽ 18 രൂപയാണ് ഇപ്പോൾ വില. ചെന്താമര-25, കല്യാണമാലയ്ക്കുള്ള മധുരത്താമര-28 എന്നിങ്ങനെയാണ് മറ്റുള്ള ഇനങ്ങളുടെ വില.