സാധാരണക്കാരുടെ ആശ്രയമായ പൂമല സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ മുതല്‍ക്കേ നീണ്ടനിരയുണ്ടാവും. ഒപിയിൽ രോ​ഗികളെ പരിശോധിക്കുന്ന തിരക്കിലായിരിക്കും ഡോക്ടർ ബിനീത രഞ്ജിത്ത്. ഒരോ രോഗിയെയും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു. മരുന്നുകൾ കുറിക്കുന്നു. രണ്ടുമണിക്ക് ഡ്യൂട്ടി കഴിയും. അവസാനരോഗിക്കും മരുന്ന് കുറിച്ചിട്ട് യാത്ര വീട്ടിലേക്ക്. പിന്നെ തന്റെ സം​ഗീത ലോകത്തേക്ക്... ഡോക്ടർ ​ഗായികയെന്ന് കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞ് അങ്ങ് ചിരിക്കും.  ഈ തിരക്കുകളൊന്നുമില്ലെങ്കിൽ സന്തോഷമായിരിക്കാൻ പറ്റില്ലെന്നാണ് ഡോക്ടർ പറയുന്നത്. ജോലിയും സം​ഗീതവും ഒരുപോലെ പ്രിയപ്പെട്ടവയാണ്. കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയമോ മറ്റൊന്നിനും പകരമാവില്ല താനും. ഒന്നിനുവേണ്ടിയും ഒന്നിനെയും ഉപേക്ഷിക്കാൻ ഡോക്ടർ തയ്യാറല്ല. ഡോക്ടർ ബിനീത രഞ്ജിത്ത് തന്റെ സം​ഗീതജീവിതവും വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

To advertise here,

പാട്ടുപഠിക്കാൻ മടി, ഓണാവധിക്കും മുടങ്ങാത്ത സംഗീതപഠനം

ബന്ധുവീടുകളിൽ പോയി ഓണം ആഘോഷിച്ചതിന്റെ ഓർമകളൊന്നുമില്ല. സ്കൂളിലെ ഓണത്തിന്റെ ഓർമകളാണ് പിന്നെയുള്ളത്. സ്കൂളിലെ ഒണാഘോഷത്തിന് വേണ്ടി കാത്തിരിക്കുമായിരുന്നു. അത്തപൂക്കള മത്സരമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്, അഭിമാന മത്സരങ്ങളിലൊന്ന്. ദിവസങ്ങൾക്ക് മുമ്പേ പൂക്കളം ഡിസൈൻ കണ്ടെത്തലുൾപ്പെടെയുള്ള പണികളുമായി ഓടിച്ചാടി നടക്കും. പൂക്കളം വരയ്ക്കുന്നത് ഞാനായിരുന്നു. മത്സരത്തിൽ സമ്മാനം കിട്ടുന്നത് ഓസ്കർ കിട്ടുന്ന സന്തോഷമായിരുന്നു തന്നിരുന്നത്. പിന്നെ ഓണത്തോടനുബന്ധിച്ച മത്സരങ്ങളൊക്കെയുമായി ആ ദിവസം അങ്ങനെ അടിച്ചുപൊളിച്ചു തീർക്കും.

പാട്ട് പഠനം മുടക്കാൻ അച്ഛനും അമ്മയും അനുവദിക്കില്ലാത്തതിനാൽ ഓണത്തിന് ബന്ധുവീടുകളിൽ പോയി ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങുന്നത് മൂന്നാം ക്ലാസിലെ വേനലവധിക്കാലത്താണ്. അതിന് മുമ്പേ തന്നെ പാടുമായിരുന്നു. ബാലഭവനിൽ ബേബി മാഷിന്റെ കീഴിൽ ലൈറ്റ് മ്യൂസിക് പഠിക്കുന്നുണ്ടായിരുന്നു. പ്രോഗ്രാമിനൊക്കെ പോയാല്‍ പാടാറുണ്ടായിരുന്നു. എന്നാലും  ചെറുപ്പത്തിൽ പാട്ട് പഠിക്കാൻ നല്ല മടിയായിരുന്നു. കൂട്ടുകാരൊക്കെ അവധിക്കാലം ആഘോഷിക്കുകയും വെയിലും മഴയും കൊള്ളുകയും ഐസ്ക്രീം കഴിക്കുകയുമൊക്കെ ചെയ്യുമ്പോൾ തനിക്ക് അത് പറ്റുന്നില്ലെന്ന് ഓർക്കുമ്പോൾ പാട്ട് പഠിക്കാൻ മടിയായിരുന്നു. ചേട്ടൻ മൃദം​ഗം വായിക്കുമായിരുന്നു. ഞങ്ങൾ ഇരുവരെയും അതിരാവിലെ വിളിച്ചുണർത്തി പാട്ടുക്ലാസിന് അയക്കുമായിരുന്നു. ചേട്ടൻ മൃദം​ഗത്തിൽ തല ചാരി ഉറങ്ങിയിരുന്നത് ഇപ്പോഴും ഒർമ്മയുണ്ട്. രാവിലെ പരിശീലനം മുടങ്ങുമെന്ന് വിചാരിച്ച് എങ്ങും വിടുകയുമില്ലായിരുന്നു.

വിവിധ മത്സരങ്ങളിൽ സമ്മാനം ലഭിക്കുമ്പോൾ ഭയങ്കര സന്തോഷമുണ്ടാകാറുണ്ടായിരുന്നു. സംസ്ഥാന യുവജനോത്സവത്തിലൊക്കെ വിജയിച്ചിട്ടുണ്ട്. എന്നാൽ അതിനുവേണ്ടി കഷ്ടപ്പെടാനുള്ള മനസ്സ് അന്നില്ലായിരുന്നു. 

എംബിബിഎസ് പഠനത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചേരുമ്പോൾ പാട്ട് പഠിക്കേണ്ടല്ലോ, സ്വാതന്ത്യം കിട്ടിയല്ലോ എന്ന ചിന്തയായിരുന്നു. പഠനം ആരംഭിച്ചതോടെ പാട്ടും ഒരു കോണിലേക്ക് തള്ളപ്പെട്ടു.  പഠനത്തെ ​ഗൗരവമായി എടുത്തു. മറ്റൊന്നിനും അങ്ങനെ സമയം കിട്ടുന്നുണ്ടായിരുന്നുമില്ല. പക്ഷേ, പിന്നീട് എന്തോ വലിയ കുറവു അനുഭവപ്പെട്ടുതുടങ്ങി. സന്തോഷങ്ങൾക്കിടയിൽ നികത്താനാവാത്ത എന്തോ ഒരു നഷ്ടം സംഭവിച്ച പോലൊരു തോന്നൽ.

കോളേജിലാണെങ്കിൽ കലയോട് അതിയായ താത്പര്യമുള്ള ഒരുപാട് ഡോക്ടേഴ്സ് ഉണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ കോളേജ് സെമിനാർ ഹാളിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ നടക്കാറുണ്ടായിരുന്നു. അങ്ങനെ ഇടയ്ക്കൊക്കെ പാട്ടൊക്കെ പാടി തുടങ്ങി. അപ്പോൾ കിട്ടിയ സന്തോഷത്തിൽനിന്നാണ് എന്താണ് നഷ്ടമായതെന്ന് മനസിലായത്. പാട്ട്  ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒരു ഭാ​ഗമാണെന്ന് തിരിച്ചറിയുന്നത് അങ്ങനെയാണ്. പഠനശേഷമാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. പതിയെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. എങ്കിലും പാട്ടിലൂടെ തനിക്ക് സന്തോഷം കിട്ടുന്നു എന്ന തിരിച്ചറിവല്ലാതെ അന്നും പാട്ട് ​ഗൗരവമായി എടുത്തിരുന്നില്ലയെന്നതാണ് യാഥാർഥ്യം. പിന്നീട് വിവാഹം കഴിഞ്ഞു. ആദ്യമൊക്കെ കുടുംബം മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകുകയായിരുന്നു. പതിയെ പതിയെ പാട്ടില്ലാതെ താനില്ലെന്ന തിരിച്ചറിവിലെത്തുകയായിരുന്നു. പാട്ടും ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുമെന്ന് അന്ന് വിചാരിച്ചിരുന്നുമില്ല. അത് അന്ന് അത്ര എളുപ്പവുമായിരുന്നില്ല. ഇപ്പോൾ അങ്ങനെ എല്ലാം ഒന്നിച്ചുകൊണ്ടുപോകുന്നവരുണ്ടെങ്കിലും അന്ന് അതിനു മുന്നിൽ ഉദാഹരണങ്ങളൊന്നുമുണ്ടായിരുന്നില്ല. 

വല്ലാത്ത ഒരു ശൂന്യത വന്നു തുടങ്ങി. സന്തോഷിപ്പിക്കുന്ന നിരവധി കാര്യങ്ങൾക്കിടയിലും ദുഃഖം അലയടിച്ചുനിൽക്കുന്ന അവസ്ഥ. വീണ്ടും പാട്ട് പാടി തുടങ്ങിയപ്പോഴാണ് ഞാനെന്ന വ്യക്തിക്ക് പൂർണത നൽകുന്നത് സം​ഗീതമാണെന്ന തിരിച്ചറിവിലെത്തുന്നത്. 

placeholder
ഡോ. ബിനീത രഞ്ജിത് | Photo: Praveen / Special Arrangement

അമ്മ ​ഗുരു തന്നെയായിരുന്നു... വിമർശകയും

അച്ഛന്‍റേയും അമ്മയുടേയും സം​ഗീത കുടുംബമായിരുന്നു.  അച്ഛൻ പാടാറില്ലായിരുന്നുവെങ്കിലും പാട്ട് വളരെ ഇഷ്ടപ്പെടുന്ന, പാട്ടുകാരെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു. അമ്മ നന്നായി പാടുമായിരുന്നു. പാട്ട് പഠിച്ചിട്ടൊന്നുമില്ല. എന്റെ ഏറ്റവും വലിയ വിമർശകയും അമ്മ തന്നെയായിരുന്നു. ഒരു പാട്ട് പാടി അത് അമ്മ നന്നായിട്ടുണ്ടെന്ന് പറയുന്നതുതന്നെ വലിയ അം​ഗീകാരമായിട്ട് തോന്നിയിട്ടുണ്ട്.

എന്റെ പാട്ടുകളിൽ അതിന്റെ ഭാവമാണ് പലരും പ്രിയപ്പെട്ടതെന്ന് പറയുന്നത്. ഇത് കിട്ടിയത് അമ്മയുടെ കൈയിൽ നിന്നാണ്. പാട്ടുകൾ പാടി കേൾപ്പിക്കുമ്പോൾ അമ്മ അത് ശ്രദ്ധയോടെ കേൾക്കുകയും ഒരോ ചെറിയ സംഗതിപോലും പറഞ്ഞുതരികയും ചെയ്യുമായിരുന്നു. അത് പാട്ടിൽ ഉൾക്കൊള്ളിച്ചു തുടങ്ങിയപ്പോഴാണ് പാട്ടുകളിൽ ആ ഭാവം വന്നു തുടങ്ങിയത്. ഒരോ അക്ഷരവും സ്ഫുടമായി ഉച്ചരിക്കണമെന്ന് പറയുകയും അതിൽ പരീശീലിപ്പിക്കുകയും ചെയ്തതിൽ അമ്മയുടെ പങ്ക് വലുതാണ്.

സംഗീതം ഒരു മരുന്നാണ്... ഏത് ദീനത്തേയും സുഖപ്പെടുത്തുന്ന മരുന്ന്

സംഗീതം എനിക്ക് എന്നും ഒരു മരുന്നായിരുന്നു. എപ്പോഴും സന്തോഷമായിരിക്കാൻ ഇഷ്ടപ്പെടുന്ന, അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ഒരാളാണ് ഞാൻ. ഈ നിമിഷത്തിൽ സന്തോഷമായിട്ടിരിക്കുക- അതിനാണ് പ്രാധാന്യം കൊടുക്കുന്നത്. ചുറ്റും ആളുകളുള്ളതും നിറഞ്ഞ കവലകളും തുറന്നിരിക്കുന്ന കടകളും പുറത്തേയ്ക്കുള്ള യാത്രകളും ഒരുങ്ങി നടക്കുന്നതുമൊക്കെ അതുപോലെ ആസ്വദിക്കാറുണ്ട്.

കോവിഡ് മഹാമാരി വന്നതോടെ സ്ഥിതി​ഗതികൾ മാറി. എന്നും കടന്നുപോയിരുന്ന പാതകൾ വിജനമായി, കടകൾ അടഞ്ഞു കിടക്കുന്നു. എങ്ങും ശൂന്യത, എങ്ങും നിശബ്ദത... ഇത് മാനസികമായി വല്ലാതെ തളർത്തിത്തുടങ്ങിയിരുന്നു. എത്ര നാളിങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല, ഇനിയെന്തെന്ന ചിന്ത വല്ലാതെ തളർത്തിയിട്ടുണ്ട്. അപ്പോൾ ഒരു ആശ്വാസമായി പിടിച്ചുനിർത്തിയത് സം​ഗീതമായിരുന്നു. ഒരുപാട് പാട്ടുകൾ പാടുകയും ഒഴിവുസമയങ്ങൾ പാട്ടിന് വേണ്ടി ചെലവഴിച്ചു തുടങ്ങുകയും ചെയ്തതോടെ മാനസികമായി വലിയൊരു ആശ്വാസമുണ്ടാവുകയായിരുന്നു.

കോവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കാൻ ഭീതിയോടെ വന്നിരുന്നവരിൽ നിന്ന് പാട്ടുപാടി സ്രവം എടുക്കുന്ന ഡോക്ടറായി. പിപിഇ കിറ്റിനുള്ളിൽ ആരാണെന്ന് വരുന്നവർക്ക് മനസിലാകില്ല. പലരും വളരെ പേടിച്ചാവും വരിക. പ്രായമുള്ളവർക്കും കുട്ടികൾക്കുമൊക്കെ പാട്ടു പാടി നൽകി ശാന്തരാക്കി സ്രവം എടുക്കുമ്പോൾ എന്റെയും അവരുടെയും മാനസിക സംഘർഷത്തിന് ഒരു അയവുണ്ടാകുകയായിരുന്നു. ഒപിയിലിരുന്ന് പാട്ടൊന്നും പാടാറില്ല. ഡ്യൂട്ടി സമയം രോഗികളെ ചികിത്സിക്കുന്നതിന് മാത്രമാണ് വിനിയോ​ഗിക്കാറുള്ളത്. 

സം​ഗീതം ​ഗൗരവമായിട്ടെടുക്കണമെന്ന ചിന്തയിലേക്കെത്തിച്ചതിന് റിയാലിറ്റി ഷോയും ഒരു വലിയ ഘടകമാണ്. പാട്ട് മെച്ചപ്പെടുത്താൻ കഴിഞ്ഞു, എന്തൊക്ക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നുമുള്ള ധാരണ ലഭിക്കുന്നതിന് റിയാലിറ്റി ഷോ വളരെയധികം സഹായിച്ചിട്ടുണ്ട്. നല്ല കുറച്ചു സുഹൃത്തുക്കളെ സമ്മാനിച്ചയിടമാണ്. ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും.

placeholder
ഡോ. ബിനീത രഞ്ജിത്ത് കുടുംബത്തിനൊപ്പം

രണ്ട് ആൺ മക്കളാണ്. ഇരുവർക്കും സം​ഗീതത്തിനോട് യാതൊരു താത്പര്യവുമില്ല.  അവരുടെ ലോകം ഫുട്ബോളാണ്. അവർ അവരുടെ ഇഷ്ടങ്ങളെ പിന്തുടരുന്നതാണ് എനിക്ക് ഇഷ്ടം. 

 പാട്ട് സംസാരിക്കാനും ഇഷ്ടം 

പാട്ട് പാടുന്നതിനൊപ്പം, പാട്ട് സംസാരിക്കാനും ഏറെ ഇഷ്ടമാണ്. പാട്ടിന്റെ പിന്നിലെ കഥകൾ കേൾക്കാനും പറയാനും താത്പര്യമുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിനോടും ഔസേപ്പച്ചൻ സാറിനോടും പാട്ടുവിശേഷങ്ങൾ ചോദിച്ചറിയാൻ എംബിഐഎഫിലൂടെ കഴിഞ്ഞിരുന്നു. ആദ്യം ഭയം തോന്നിയെങ്കിലും ഒരു ആവേശമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. 

placeholder
ഡോ ബിനീത രഞ്ജിത്ത് കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ഔസേപ്പച്ചനുമൊപ്പം

പാട്ടുകളെ വികൃതമാക്കരുത്

കവർ സോങ്ങുകൾക്ക് ഒരു വലിയ ആരാധകനിര തന്നെയുണ്ട്. കവർ സോങ്ങുകൾ ചെയ്യുമ്പോൾ അത് കേൾക്കുന്ന ആ ​ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച ആർക്കും എന്താണ് ഈ ചെയ്തുവച്ചേക്കുന്നതെന്ന് തോന്നരുതെന്ന് നിർബന്ധമുണ്ട്. നമ്മൾ ചെയ്ത ഒരു ​ഗാനം ആരെങ്കിലും വികൃതമാക്കുമ്പോൾ സ്വഭാവികമായും വിഷമമുണ്ടാകും. തനിമ ചോരാതെ കവർ സോങ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. ആ ഒരു പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് കവർ ചെയ്യുന്നതും. ചിലമ്പ് സിനിമയിലെ 'പുടമുറി കല്യാണം' എന്ന ​ഗാനം കവർ ചെയ്തപ്പോൾ ഔസേപ്പച്ചൻ സാറിന് അയച്ചുകൊടുത്തിരുന്നു. അദ്ദേഹം അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ഒരു അം​ഗീകാരമായിട്ടാണ് തോന്നിയത്. നമ്മുടെ സർഗശേഷിയും കഴിവും കാണിക്കാൻ സ്വന്തമായി ​ഗാനം ചിട്ടപ്പെടുത്തുകയാണ് വേണ്ടത്.

കോവിഡ് സമയത്ത് ഇരുവരിലെ പൂക്കൊടിയിൻ പുന്നഗൈ എന്ന ​ഗാനത്തിന്റെ കവർ പാടിയപ്പോൾ നടൻ മോഹൻലാൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ കവറിലൂടെയാണ് ആ ​ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്നും പലരും അഭിപ്രായപ്പെട്ടു. പ്രിയപ്പെട്ട ​ഗാനങ്ങളിലൊന്നാണ് പൂക്കൊടിയിൻ പുന്നഗൈ. ഒരുപാട് ആരാധന തോന്നിയിട്ടുള്ള നടൻ വിളിച്ച് അഭിനന്ദിച്ചപ്പോൾ വലിയ സന്തോഷവും അഭിമാനവുമൊക്കെയാണ് തോന്നിയത്.

​ഗായികയിൽ നിന്ന് സം​ഗീത സംവിധായികലേയ്ക്ക്

ഒരിക്കലും ഒരു ​ഗാനത്തിന് ഈണം ചിട്ടപ്പെടുത്താൻ സാധിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു ഈണം ചിട്ടപ്പെടുത്തിക്കഴിയുമ്പോഴുള്ള തൃപ്തിയും സന്തോഷവും പ്രത്യേക അനുഭവമാണ്. ആദ്യമായി ഈണം പകരുന്നത് ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഫെയ്സ്ബുക്കിൽ കുറിച്ച ഒരു നാലുവരി കവിതയ്ക്കായിരുന്നു. കോവിഡ് സമയമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് തിരികെ വന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാലുവരി കവിത ശ്രദ്ധയിൽപ്പെട്ടത്. മഴയത്ത് ചായ കുടിച്ചിരുന്നപ്പോൾ മഴയെ കുറിച്ചൊരു കവിത. വെറുതെ പാടിയപ്പോൾ അത് രസകരമായി തോന്നി. പാടി അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോൾ വളരെ നന്നായിരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി. പിന്നീട് ബാക്കി വരികൾ തരുകയും അതൊരു സം​ഗീത ആൽബമായി പുറത്തിറങ്ങുകയും ചെയ്തു. 

പിന്നീട് ജോയി മ്യൂസിക്കിന് വേണ്ടി ഒരു പ്രെമോ സോങ് ചെയ്തു. മതനിരപേക്ഷതയുള്ള ഒരു പ്രാർഥനാ ഗാനവും ചിട്ടപ്പെടുത്തി. പ്രപഞ്ചശക്തിയോടുള്ള പ്രാർഥനയ്ക്ക് വരികൾ എഴുതിയത് ബി.കെ. ഹരിനാരായണനായിരുന്നു. ഇപ്പോൾ ഒരു ഓണപ്പാട്ടിന് ഈണം പകർന്നിട്ടുണ്ട്. ഓണത്തോടടുത്ത് അത് പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.‌

പ്രതിബന്ധങ്ങളോട് പോരാടണം

നമുക്ക് എന്തെങ്കിലും നേടണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ നമ്മൾ തന്നെ അതിന് വേണ്ടി പോരാടണം. പിന്തുണ നൽകാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ്. എന്നാൽ അതില്ലെങ്കിലും ലക്ഷ്യം നേടിയെടുക്കാൻ നമ്മൾ തന്നെ പ്രയത്നിക്കണം. ഉള്ളിലൊരു തീ ഉണ്ടെങ്കിൽ പ്രതിബന്ധങ്ങളോട് പോരാടി അത് നേടിയെടുക്കാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെ എല്ലാവരും സഹായിക്കൂ, ഞാൻ ലക്ഷ്യത്തിലെത്തട്ടെ എന്ന ചിന്താ​ഗതിയാണെങ്കിൽ എവിടെ നിൽക്കുന്നോ അവിടെ നിൽക്കാനേ കഴിയൂ.. 

കാട് പോലെയാണ് ഒരോ മനുഷ്യരും... കാട് ഉള്ളിൽ ഒരുപാട് രഹസ്യങ്ങൾ ഒളിക്കുന്നതുപോലെ ഓരോ മനുഷ്യനിലും നിരവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ആവേശം ചോരാതെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തികൊണ്ടിരിക്കുകയാണ് ഞാൻ. 

കുടുംബവും കുട്ടികളും ജോലിക്കുമൊപ്പം സം​ഗീതത്തിനും പ്രാധാന്യം നൽകുന്നുണ്ട്. ജോലിക്ക് ശേഷമുള്ള സമയം പാട്ടിന് വേണ്ടി മാറ്റിവയ്ക്കുന്നു. ഇനി സംഗീതത്തിന്റെ ആവശ്യത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ അതിവേ​ഗം പൂർത്തിയാക്കി തിരികെയെത്താനും ശ്രമിക്കാറുണ്ട്. ഇവയെല്ലാം ഒപ്പമുണ്ടെങ്കിൽ മാത്രമേ ഞാൻ ഞാനായിട്ടിരിക്കുകയുള്ളൂ. സന്തോഷമായിട്ടിരിക്കൂ.. ഒന്നിനുവേണ്ടിയും ഒന്നും ഉപേക്ഷിക്കാൻ കഴിയില്ല. ഇവ മൂന്നും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ഇനിയും അങ്ങനെതന്നെയാവണമെന്നാണ് ആ​ഗ്രഹം.