ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പാരീസില്‍ സംഭവിച്ചത്. ഒരുപക്ഷേ, റോം ഒളിമ്പിക്‌സില്‍ മില്‍ഖാസിങ്ങിനും ലോസ് ആഞ്ചിലിസില്‍ ഉഷക്കും സംഭവിച്ചതിനേക്കാള്‍ വലിയ ദുരന്തം. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഒളിമ്പിക് സ്വര്‍ണ മെഡല്‍ കഴുത്തിലണിയുന്നത് സ്വപ്നം കണ്ടാണ് കഴിഞ്ഞ രാത്രിയില്‍ നമ്മളുറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ ഒരു നൂറ് ഗ്രാം ഭാരം ആ സ്വപ്നത്തെ ബുള്‍ഡോസര്‍ കയറ്റി ചതച്ചരച്ചു കളഞ്ഞിരിക്കുന്നു!

To advertise here,

രാജ്യത്തിന് സംഭവിച്ച വലിയ നഷ്ടമാണത്. പക്ഷേ, അതിനേക്കാളേറെ ഇപ്പോഴെന്നെ അലട്ടുന്നത് വിനേഷ് ഫോഗട്ട് എന്ന 29-കാരി ഈ വേദന എങ്ങനെ പൊറുക്കുമെന്ന ചിന്തയാണ്. കാരണം അവള്‍ ജീവിതം അര്‍പ്പിച്ചത് ഒളിമ്പിക് മെഡല്‍ എന്ന ഈ സ്വപ്നത്തിന് വേണ്ടിയായിരുന്നു. ഇത്രയും കാലം ആനന്ദങ്ങളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവെച്ച് വിയര്‍പ്പൊഴുക്കിയത് അതിനുവേണ്ടി മാത്രമായിരുന്നു.

എട്ടുവര്‍ഷംമുമ്പ് ഒരു ആഗ്സ്റ്റ് മാസത്തില്‍ ബ്രസീലിയന്‍ നഗരമായ സാവോപോളോയില്‍നിന്ന് അബുദാബിയിലേക്കുള്ള ഒരു വിമാന യാത്രയാണ് ഓര്‍മയില്‍. 2016-ല്‍ റിയോഡി ജനൈറോയിയില്‍ നടന്ന ഒളിമ്പിക്സ് മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത് തിരിച്ചുവരികയായിരുന്നു ഞാന്‍. എയര്‍പോര്‍ട്ടിന്റെ ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ കാത്തിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി സാക്ഷി മാലിക്കിനെ കണ്ടു. ഇന്ത്യക്ക് വേണ്ടി ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയിരുന്ന സാക്ഷി ചിരിക്കുന്ന മുഖത്തോടെ നടന്നുവരുന്നു. ഒപ്പം ഗുസ്തി ടീമിന്റെ ഫിസിയോയായിരുന്ന പെണ്‍കുട്ടി തള്ളിക്കൊണ്ടുവരുന്ന വീല്‍ ചെയറില്‍ ദുഃഖംകൊണ്ട് കൂമ്പിയ മുഖത്തോടെ വിനേഷ് ഫോഗട്ടും.

സാക്ഷിക്ക് കൈകൊടുത്ത് അഭിനന്ദിച്ചു. പിന്നെ വിനേഷിനോട് ചോദിച്ചു 'ഇപ്പോള്‍ വേദനയുണ്ടോ?' കാരണം ദിവസങ്ങള്‍ക്കു മുമ്പ് മല്‍സരത്തിനിടെ പരിക്കേറ്റ് മാറ്റില്‍ കിടന്നു കരയുന്ന വിനേഷിനെ ഞാന്‍ കണ്ടിരുന്നു. നേര്‍ത്ത ശബ്ദത്തില്‍ അവള്‍ പറഞ്ഞു: 'സഹോദരാ, വേദന ശരീരത്തിനല്ല, മനസ്സിനാണ്.'
അവളെ പുറത്തുതട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ച സാക്ഷി രഹസ്യമായി പറഞ്ഞു, 'സഹോദരാ അവളോടൊന്നും ചേദിക്കേണ്ട, കരയും.'

ഞാന്‍ കയറിയ അതേ വിമാനത്തിലായിരുന്നു സാക്ഷിയും വിനേഷും. ബോര്‍ഡിങ്ങിന് ശേഷവും തന്റെ സീറ്റിലേക്ക് പോവാതെ സാക്ഷി വിനേഷിനടുത്ത് ചെന്നു നില്‍ക്കുന്നു. ഞാനും അങ്ങോട്ടു ചെന്നു. വിനേഷുമായി മുമ്പൊരിക്കല്‍ നടത്തിയിരുന്ന അഭിമുഖത്തെ കുറിച്ച് ഓര്‍മിപ്പിച്ച പരിചയം പുതുക്കി. ആശ്വസിപ്പിക്കാനായി ഞാന്‍ വീണ്ടും എന്തൊക്കയോ പറഞ്ഞു. അപ്പോഴാ മുഖത്തൊരു ചിരി വരുത്തി വിനേഷ് പറഞ്ഞു, 'ഞങ്ങള്‍ക്കിതൊക്കെ പതിവാണ്. ഒളിമ്പിക് മെഡല്‍ വലിയൊരു സ്വപ്നമാണ്. ഞാനിനിയും വരും.'

റിയോയിലെ തിരിച്ചടി മറന്ന് നാലുവര്‍ഷത്തിന് ശേഷം ടോക്കിയോയിലും വിനേഷ് മല്‍സരിക്കാന്‍ ചെന്നു. അന്ന് 53 കിലോഗ്രാം വിഭാഗത്തില്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു വിനേഷ്. ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറിയ അവള്‍ക്ക് പക്ഷേ, ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിതെറ്റി. അന്നും വിനേഷ് പറഞ്ഞത് അതായിരുന്നു. 'എന്റെ ശരീരത്തിന് പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ, മാനസികമായി തകര്‍ന്നിരിക്കുകയാണ്.' ഇനിയൊരു ഒളിമ്പികിസില്‍ മല്‍സരിക്കാനാവുമോയെന്ന് ഉറപ്പില്ലെന്നും അവള്‍ അന്ന് പറഞ്ഞിരുന്നു.

പിന്നെ നമ്മളവളെ കാണുന്നത് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു. വനിതാ റസ്ലര്‍മാര്‍ക്കു നേരെ റസ്ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ്ഭൂഷന്‍ നടത്തിയ കൈയേറ്റത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ വിനേഷ് സജീവമായിരുന്നു. അന്ന് പലരും വിനേഷിനെ ഉപദേശിച്ചു. 'സമരത്തില്‍ പങ്കെടുക്കുന്ന സാക്ഷിയും ഭജ്രംഗ് പൂനിയയുമെല്ലാം അവരുടെ കരിയറിന്റെ നല്ല കാലം പിന്നിട്ടുകഴിഞ്ഞവരാണ്. നീയങ്ങനെയല്ല. റസ്ലിങ് ഫെഡറേഷനെ പിണക്കരുത്.'

എന്നിട്ടും പിന്‍മാറാതെ വിനേഷ് അപമാനിക്കപ്പെട്ട തന്റെ അനിയത്തിമാര്‍ക്കുവേണ്ടി സമരരംഗത്ത് ഉറച്ചുനിന്നു. ഡല്‍ഹിയിലെ തെരുവോരത്ത് പോലീസ് അവളെ വലിച്ചിഴച്ചു. അവിടെന്നിന്നെഴുന്നേറ്റാണ് പാരീസ് ഒളിമ്പിക്സ് വേദിയിലേക്ക് അവള്‍ ചുവടുവെച്ചത്. ഇത്തവണ ശരീരഭാരം കുറച്ച് അമ്പത് കിലോ കാറ്റഗറിയിലേക്ക് മാറിയിരുന്നുവെന്ന് മാത്രം. ആ മാറ്റമാണ് അവള്‍ക്ക് വിനയായത്!

പാരീസില്‍ ഒരോ മല്‍സരം ജിയിക്കുമ്പോഴും രാജ്യം അവള്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കുകയായിരുന്നു. ഫൈനല്‍വരെ കുതിച്ചെത്തിയതോടെ ആവേശം ഇരട്ടിയായി. പക്ഷേ, ഇപ്പോള്‍ ഫൈനല്‍ നടക്കേണ്ടിയിരുന്ന ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയില്‍ വെറും നൂറു ഗ്രാമിന്റെ വര്‍ധനവ്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ പങ്കെടുത്ത് ജയിച്ച് അധികം ഇടവേളയില്ലാതെ ആയിരുന്നു ഫൈനല്‍. മല്‍സരങ്ങള്‍ക്ക് ശേഷം ഗുസ്തിക്കാരിയുടെ ഭാരം കൂടുകയെന്നത് സ്വാഭാവികമാണ്. സമയം കിട്ടിയാല്‍ അത് കുറക്കാന്‍ പറ്റും. പക്ഷേ അതിനുള്ള ഇടവേള ലഭിച്ചില്ല. രാത്രി മുഴുവന്‍ സൈക്ലിങ്ങും മറ്റും മടത്തി കഠിനാദ്ധ്വാനം ചെയ്തെങ്കിലും ഫലമുണ്ടായില്ല. വിധിയെ പഴിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥ. ജീവിതം മുഴുവന്‍ ഒരേ ലക്ഷ്യത്തിനായി വിയര്‍പ്പൊഴുക്കിയ പെണ്‍കുട്ടി ഈ വിധി അര്‍ഹിച്ചിരുന്നില്ല എന്നുമാത്രം പറയാം. തകര്‍തച്ചയില്‍നിന്ന് കരകയറാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമോ? മനസ്സിനെ ഇപ്പോള്‍ കൂടുതല്‍ അലട്ടുന്ന ചോദ്യമതാണ്.