
ഈഫല്‍ ഗോപുരവും വൈനും നോത്ര് ദാം പള്ളിയുംപോലെ ഫ്രഞ്ചുകാരുടെ സ്വകാര്യ അഹങ്കാരമായി മറ്റൊന്നുകൂടിയുണ്ട് - ബഗറ്റ് (Baguette). പകലും രാത്രിയും വീട്ടിലും ഓഫീസിലുമെല്ലാം അവര്‍ കൊണ്ടുനടക്കുന്ന ഭക്ഷണസാധനം. എപ്പോള്‍വേണമെങ്കിലും എടുത്തുകഴിക്കാം. അത്യാവശ്യംവന്നാല്‍ എതിരാളിക്കെതിരേ എടുത്തുവീശുകയുമാവാം. പ്രത്യേകതരത്തില്‍ പാകംചെയ്യുന്ന ഫ്രഞ്ചു ബ്രഡ്ഡാണത്. ശരാശരി 65 സെന്റീമീറ്റര്‍ നീളംവരും. കൈയിലെടുക്കുമ്പോ നല്ല ഉറപ്പുണ്ടെങ്കിലും മുറിച്ചാല്‍ അകത്ത് നമ്മുടെ ബ്രഡ്ഡിന്റെ മൃദുലത.
90 സെന്റുമുതല്‍ (ഏകദേശം 80 രൂപ) 1.10 യൂറോവരെയാണ് സാധാരണ കടകളിലെ വില. ചെലവുകുറവാണെങ്കിലും പണക്കാരും പാവപ്പെട്ടവരുമെല്ലാം അഭിമാനത്തോടെ കൊണ്ടുനടക്കും. കടയില്‍നിന്നു വാങ്ങി നമ്മള്‍ ബാഗൊക്കെ ഇറുക്കിവെക്കുംപോലെ തോളിലിറുക്കി നടക്കുന്നതുകാണാം.
ഇതിന്റെ ചേരുവകള്‍ ലളിതമാണ്. ഗോതമ്പുപൊടി, വെള്ളം, ഉപ്പ്, യീസ്റ്റ്... ഇത്രയും മതി. ഏതുസമയത്തും ഏതുതരത്തിലും കഴിക്കാമെന്നതാണ് ബഗറ്റിന്റെ പ്രത്യേകത. രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ കൂട്ടത്തില്‍ കടുംകാപ്പിക്കൊപ്പം കടിച്ചുപറിക്കും. ഉച്ചയ്ക്ക് ലഞ്ചിനുമുമ്പായി വൈനിനൊപ്പം അല്‍പം ചീസോ ജാമോ ചേര്‍ത്തുകഴിക്കും. രാത്രിഭക്ഷണത്തിനൊപ്പമാണെങ്കില്‍ മുറിച്ചു കഷണങ്ങളാക്കി വേവിച്ച ഇറച്ചിയോ പച്ചക്കറികളോ ഉള്ളില്‍നിറയ്ക്കും. അധികവും ഉപ്പുരസമാണെങ്കിലും മധുരംചേര്‍ത്തും ചിലപ്പോള്‍ എള്ള്, ചോക്ലേറ്റ് പേസ്റ്റുകള്‍ തുടങ്ങിയവയില്‍ പൊതിഞ്ഞും കാണാം.
ഒരുദിവസം ഫ്രാന്‍സില്‍ മൂന്നുകോടി ബഗറ്റ് ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ബഗറ്റ് നിര്‍മാണത്തില്‍ ദേശീയമത്സരവുമുണ്ട്. സൈക്ലിങ്ങില്‍ ടൂര്‍ ഡി ഫ്രാന്‍സും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസുംപോലെത്തന്നെ, ബഗറ്റ് നിര്‍മാണത്തിലെ ഗ്രാന്‍പ്രീ.
ബഗറ്റിന്റെ ഉദ്ഭവത്തെക്കുറിച്ച് പലകഥകളുണ്ട്. ഓസ്ട്രിയയിലാണ് നിര്‍മാണം തുടങ്ങിയതെന്നുപറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലംവരെ ഫ്രഞ്ചുകാര്‍ നിരന്തരം യുദ്ധങ്ങളിലായിരുന്നല്ലോ. നെപ്പോളിയന്റെ നിര്‍ദേശപ്രകാരം പട്ടാളക്കാരുടെ സൗകര്യത്തിനുവേണ്ടിയാണ് ഈ ഭക്ഷണം വ്യാപകമാക്കിയതെന്നുപറയുന്നു. ബാഗില്‍, വാളിനൊപ്പം ഒരു ബഗറ്റുമുണ്ടെങ്കില്‍ കുറച്ചുദിവസത്തേക്ക് ഒന്നും പേടിക്കണ്ട. നെപ്പോളിയന്‍ നിയമസംഹിതയിലെ അറിയപ്പെടാത്ത ആയുധങ്ങള്‍!
ഒരു കഥകൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഫ്രഞ്ചുവിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണങ്ങളിലൊന്ന് ബ്രഡ്ഡ് ക്ഷാമമായിരുന്നു. കനത്തദാരിദ്ര്യം, ക്ഷാമം... നികുതിവര്‍ധന... അതിനൊപ്പം റൊട്ടിക്ഷാമവും... കുറെക്കാലം സഹിച്ചു. ബ്രഡ്ഡു കിട്ടുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെട്ടപ്പോള്‍ 'എന്നാല്‍ കേക്കുകഴിച്ചോട്ടെ'യെന്ന് ലൂയി പതിനാറാമന്‍ രാജാവിന്റെ ഭാര്യ മേരി അന്റോണെറ്റ് പറഞ്ഞു. അത് പൊറുക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമായിരുന്നില്ല...!
Content Highlights: three crore baguettes are spent a day in France
Published: 28 Jul 2024, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented