ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീം നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ വെങ്കല മെഡല്‍ നേടിയതിന്റെ സന്തോഷത്തിലാണ് ടീം. 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ആവര്‍ത്തിച്ചുള്ള ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്നത്. 

To advertise here,

ടീം ഇന്ത്യയിലെത്തി സുവര്‍ണക്ഷേത്രം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഇന്ത്യയിലേക്ക് തിരിച്ചിട്ടില്ല. പാരീസില്‍ ഈഫല്‍ ടവറിന് മുന്നില്‍ മെഡല്‍ കഴുത്തിലണിഞ്ഞ്, മുണ്ട് മടക്കിക്കുത്തി തനി മലയാളി ലുക്കിലുള്ള ശ്രീജേഷിന്റെ ചിത്രം മണിക്കൂറുകള്‍ക്ക് മുന്‍പേ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഒളിമ്പിക്‌സ് സമാപനച്ചടങ്ങിലുള്ള മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക വഹിക്കേണ്ടത് ശ്രീജേഷും മനു ഭാക്കറുമാണ്. ഞായറാഴ്ച രാത്രിയാണ് (ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30) സമാപനച്ചടങ്ങുകള്‍. അതിനാല്‍ അതുകഴിഞ്ഞേ ശ്രീജേഷിന് നാട്ടിലേക്ക് മടങ്ങാനാകൂ. വെങ്കലമെഡല്‍ നേട്ടത്തോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിച്ചിരുന്നു. നിലവില്‍ പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി ശ്രീജേഷിനെ പ്രഖ്യാപിച്ചിട്ടുണ്ട്.