
1980 മോസ്കോ ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തുമ്പോൾ പി.ടി. ഉഷയ്ക്ക് 16 വയസ്സായതേയുള്ളൂ. പിന്നീട് മൂന്ന് ഒളിമ്പിക്സുകളിൽക്കൂടി ഉഷ മത്സരിക്കാനെത്തി. അതിനുശേഷം പരിശീലകയായും ഒളിമ്പിക് വേദികളിലുണ്ട്. ഇക്കുറി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ (ഐ.ഒ.എ.) അധ്യക്ഷ എന്നനിലയിൽ പാരീസിലെത്തുമ്പോൾ കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട്. പി.ടി. ഉഷ ‘മാതൃഭൂമി’യോടു സംസാരിക്കുന്നു...
മെഡിക്കൽ ടീം
വലിയ തയ്യാറെടുപ്പുകളോടെയാണ് ഇക്കുറി നമ്മൾ ഒളിമ്പിക്സിന് പോകുന്നത്.
അത്ലറ്റുകൾക്ക് വിപുലമായ മെഡിക്കൽ സംഘത്തെ ഏർപ്പാടാക്കിയതാണ് അതിൽ പ്രധാനം. സ്പോർട്സ് മെഡിസിനിൽ ലോകപ്രശസ്തനായ ഡോക്ടർ ദിൻഷ പാഡിവാലയുടെ കീഴിലാണ് 13 അംഗ മെഡിക്കൽസംഘം പ്രവർത്തിക്കുക. പരിക്കേറ്റാൽ ചികിത്സിക്കുക എന്നതു മാത്രമല്ല, ഈ സംഘത്തിന്റെ ചുമതല. ന്യൂട്രീഷ്യനിസ്റ്റ്, മെന്റൽ കണ്ടീഷനിങ് കോച്ച്, സ്ലീപ് തെറാപ്പിസ്റ്റ് തുടങ്ങി വലിയ മത്സരത്തിൽ പങ്കെടുക്കുമ്പോൾ താരങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അഭിമുഖീകരിക്കാൻ ഈ ടീം സഹായിക്കും. 24 മണിക്കൂറും മെഡിക്കൽ സംഘത്തിന്റെ സേവനമുണ്ടാകും.
ഇന്ത്യാ ഹൗസ്
ഒളിമ്പിക് വേദിയിൽ റിലയൻസിന്റെ സഹായത്തോടെ ഇന്ത്യാ ഹൗസ് നിർമിക്കും. മെഡൽനേടുന്നവർക്കുള്ള സ്വീകരണവും സംവാദങ്ങളും ചർച്ചയുമെല്ലാം ഇവിടെയായിരിക്കും. ഇന്ത്യയുടെ വിപുലമായ ഒളിമ്പിക് ചരിത്രത്തിന്റെ പ്രദർശനവും സാംസ്കാരിക പരിപാടികളും ഇവിടെയുണ്ടാകും.
മെഡൽ പ്രതീക്ഷ
2020 ടോക്യോ ഒളിമ്പിക്സിനേക്കാൾ നേട്ടം ഇക്കുറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെഡലുകളുടെ എണ്ണംകൊണ്ടുമാത്രമല്ല, നമ്മുടെ ശ്രമങ്ങളെ അളക്കേണ്ടത്. ഭാവിയിൽ വലിയ നേട്ടങ്ങളിലേക്കെത്താനുള്ള തുടക്കമായിവേണം ഇതിനെ കാണാൻ. അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതിനാണ് ഐ.ഒ.എ. ഇപ്പോൾ ഊന്നൽനൽകുന്നത്.
ഒളിമ്പിക്സ് ആതിഥ്യം
ഇന്ത്യയുടെ തയ്യാറെടുപ്പ്
2036 ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളുമായി രാജ്യം മുന്നോട്ടുപോകുന്നു. രണ്ടുഘട്ട ചർച്ച നടന്നുകഴിഞ്ഞു. ഇതിന്റെ ഭാഗമായി പാരീസിലെ സംഘാടനം വിലയിരുത്താൻ നമ്മുടെ പ്രത്യേക സംഘം പോകുന്നുണ്ട്.
Content Highlights: paris olympics pt usha
Published: 22 Jul 2024, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented