പാരീസ്: വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് നാലാംസ്ഥാനം. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെയ്ക്കും മെഡല്‍ നേടാനായില്ല. 11-ാം സ്ഥാനത്താണ് അവിനാഷ് ഫിനിഷ് ചെയ്തത്.

To advertise here,

വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ മികച്ച തുടക്കമായിരുന്നു മീരാഭായ് ചാനുവിന്റേത്. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 85-കിലോയാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 88 കിലോ ഉയര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. മൂന്നാം ശ്രമത്തില്‍ 88 കിലോ ഉയര്‍ത്തിയതോടെ താരം മെഡല്‍ സാധ്യത തുറന്നു. സനാച്ച് റൗണ്ട് അവസാനിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു മീരാഭായ്. ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ കൈവന്നു.

ക്ലീന്‍ ആന്റ് ജര്‍ക്ക് റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 111 കിലോ ഉയര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. രണ്ടാം ശ്രമത്തില്‍ 111 കിലോ ഉയര്‍ത്തിയതോടെ മൂന്നാം സ്ഥാനത്തെത്തി. വെങ്കലമെഡല്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ പിന്നീട് പിന്നിലായി. മൂന്നാം ശ്രമത്തില്‍ 114 കിലോ ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ മെഡലില്ലാതെ മടങ്ങി. 199 കിലോയാണ് മീരാഭായ് ഉയര്‍ത്തിയത്. മൂന്നാം സ്ഥാനം നേടിയ തായ്‌ലന്‍ഡ് താരം 200 കിലോ ഉയര്‍ത്തി.