പാരീസ്: പാരീസ് ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനു മുന്നില്‍ അടിയറവ് പറഞ്ഞു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജയിച്ച് ലക്ഷ്യ, ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. 

To advertise here,

21-12, 21-6 സ്‌കോറിനാണ് ലക്ഷ്യ സെന്നിന്റെ ജയം. 39 മിനിറ്റു മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 22-കാരനായ ലക്ഷ്യ സെന്‍ വിജയം വരിക്കുകയായിരുന്നു. ഒളിമ്പിക്‌സില്‍ ഇതാദ്യമായാണ് ലക്ഷ്യ പങ്കെടുക്കുന്നത്. 

അതിനിടെ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്‌രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ മലേഷ്യയുടെ ആരണ്‍ ചിയ-സൊ വൂയ് യിക് സഖ്യത്തിനോടാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നഷ്ടപ്പെടുത്തി (1-2).