പാരീസ്: സ്ഥിരമായി മത്സരിക്കുന്ന വിഭാഗത്തിലല്ല വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സിൽ മത്സരിച്ചത്. 53 കിലോഗ്രാമിൽനിന്ന് 50 കിലോഗ്രാം വിഭാഗത്തിലേക്കാണ് മാറിയത്. മാറ്റം ഗോദയിൽ പ്രതിഫലിച്ചില്ലെങ്കിലും മറ്റൊരുതരത്തിൽ താരത്തിന് തിരിച്ചടിയായി. തൂക്കത്തിലെ മാറ്റം അയോഗ്യതയിലേക്കും മെഡൽനഷ്ടത്തിലേക്കുമാണെത്തിച്ചത്. ഫോഗട്ടിന്റെ ഇപ്പോഴത്തെ സ്വാഭാവിക ശരീരഭാരം 55-56 കിലോയാണ്. അന്താരാഷ്ട്ര കരിയർ തുടങ്ങുന്നകാലത്ത് 48 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ മത്സരിച്ചിരുന്നു. പ്രായവും ശരീരഭാരവും കൂടുന്നതിനനുസരിച്ച് 50, 53 കിലോഗ്രാം എന്നിങ്ങനെ മത്സരയിനം മാറ്റി. 2016 റിയോ ഒളിമ്പിക്സിൽ മത്സരിച്ചത് 48 കിലോഗ്രാമിലായിരുന്നെങ്കിൽ 2021-ൽ ടോക്യോയിൽ പങ്കെടുത്തത് 53 കിലോഗ്രാമിലാണ്. 2022 കോമൺവെൽത്ത് ഗെയിംസിലെ സ്വർണവും 2022 ലോകചാമ്പ്യൻഷിപ്പിലെ വെങ്കലവുമെല്ലാം 53 കിലോയിലാണ്. അപ്പോൾപ്പോലും മത്സരത്തിന് കുറച്ചുദിവസംമുമ്പു തുടങ്ങി കഠിനമായ ഭക്ഷണനിയന്ത്രണവും തുടർച്ചയായ പരിശീലനവും നടത്തിയാണ് ഭാരം നിയന്ത്രിച്ചിരുന്നത്. ഈ പരീക്ഷണം ശരീരത്തിന് ആഘാതമായതിനൊപ്പം പരിക്കും വന്നുതുടങ്ങി. പരിക്കുമൂലം വിശ്രമിക്കുന്ന സമയത്താണ് 53 കിലോഗ്രാം വിഭാഗത്തിൽ ആന്റിം പംഗൽ പുതിയ ചാമ്പ്യനായി ഉയർന്നുവന്നത്. ലോകചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാമിൽ വെങ്കലംനേടി ആന്റിം പാരീസ് ഒളിമ്പിക്സിന് യോഗ്യതനേടി.

To advertise here,

ബി.ജെ.പി.യുടെ പാർലമെന്റ് അംഗമായിരുന്ന ബ്രിജ്ഭൂഷൺ ശരൺസിങ് ഗുസ്തി താരങ്ങൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടപടിയാവശ്യപ്പെട്ട് താരങ്ങൾ ഡൽഹിയിൽ സമരം നടത്തിയതും ഇതിനിടയിലാണ്. ദേശീയ ഗുസ്തി ഫെഡറേഷനെ അന്താരാഷ്ട്ര ഫെഡറേഷൻ സസ്പെൻഡ് ചെയ്തതും സമരംചെയ്ത താരങ്ങളുടെ പരിശീലനം മുടങ്ങിയതും ഒളിമ്പിക് യോഗ്യതാമത്സരങ്ങളിൽ അനിശ്ചിതത്വമുണ്ടായതുമെല്ലാം ഇതിനോടു ചേർത്തുവായിക്കണം.

2016 റിയോ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റു മടങ്ങേണ്ടിവന്ന വിനേഷ് 2020 ടോക്യോ ഒളിമ്പിക്സിലും ക്വാർട്ടറിൽ പുറത്തായി. തളരാത്ത പോരാളിയായ അവർ ഇക്കുറി ഒരു മെഡൽ നേടണമെന്ന വാശിയോടെ വീണ്ടും ഗോദയിലെത്തി. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തനിക്ക് അവസരം നൽകണമെന്നും ആന്റിം പംഗലുമായി ട്രയൽസ് നടത്തണമെന്നും ദേശീയ ഫെഡറേഷനോട് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചില്ല. ഇതോടെ 50 കിലോഗ്രാമിലേക്കുമാറി. ഓരോ മത്സരത്തിനുമുമ്പും കഷ്ടപ്പെട്ട് ഭാരം 50 കിലോയിൽ നിലനിർത്താൻ ശ്രമിച്ചു. എന്നാൽ, നിർണായകഘട്ടത്തിൽ എല്ലാ പ്രയത്നങ്ങളും വിഫലമായി. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം പ്രീക്വാർട്ടറിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെ കീഴടക്കി. സെമിഫൈനലിൽ ക്യൂബയുടെ ഗുസ്മാൻ ലോപ്പസ് യുസ്‌നിലിസിനെ കീഴടക്കിയാണ് ഫൈനൽ പോരാട്ടത്തിന് അർഹതനേടിയത് (5-0).