കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിനിടെ 2017-ല്‍ ഗഗന്‍ നാരംഗിനോട് സ്വപ്നില്‍ കുശാലെ ചോദിച്ചു, ഈ റൈഫിളിന്റെ വിലയെന്ത്. ഒന്‍പതുലക്ഷമെന്ന് മറുപടി കേട്ടപ്പോള്‍ കുശാലെ ആകെ തകര്‍ന്നു. അതുപോലെയൊരെണ്ണം എനിക്ക് എന്ന് വാങ്ങാന്‍ കഴിയുമെന്നോര്‍ത്തായിരുന്നു അന്ന് ആ മനസ്സ് വേദനിച്ചത്. മുന്‍പ് റെയില്‍വേയില്‍നിന്നുള്ള ആറുമാസത്തെ ശമ്പളംകൊണ്ട് മൂന്നുലക്ഷത്തിന്റെ തോക്ക് വാങ്ങിയപ്പോഴേ സ്വപ്നില്‍ സാമ്പത്തികമായി ക്ഷീണിച്ചിരുന്നു. എന്നാല്‍, എങ്ങനെയെങ്കിലും പുത്തന്‍ റൈഫിള്‍ വാങ്ങണമെന്ന് അവന്‍ തീരുമാനമെടുത്തു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവരും സഹായിക്കാമെന്നേറ്റു. മാതാപിതാക്കളുടെ കുറച്ച് സമ്പാദ്യവും അവന്റെ ശമ്പളവും സഹിതം ഒന്‍പത് ലക്ഷത്തിലധികം വിലയുള്ള ഒരു പുതിയ റൈഫിള്‍ അവന്‍ സ്വന്തമാക്കി. 2015-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് ഗഗന്‍ നാരംഗിനെ മുട്ടുകുത്തിച്ച ചരിത്രവും സ്വപ്നിലിനുണ്ട്.

To advertise here,

പതിനാലാം വയസ്സില്‍, മഹാരാഷ്ട്ര സര്‍ക്കാരിന്റെ കായികപദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്വപ്നിലിന്റെ കായികയാത്ര തുടങ്ങുന്നത്. ഷൂട്ടിങ് മാത്രം സ്വപ്നില്‍ തിരഞ്ഞെടുത്തു. പത്തുവയസ്സുമുതല്‍ കോലാപ്പുരിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പഠനം. പുണെയിലായിരുന്നു ഷൂട്ടിങ് പരിശീലനം.

സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി കിട്ടുന്നതിനുമുന്‍പ് വളരെ കഷ്ടപ്പെട്ടായിരുന്നു സ്വപ്നിലിന്റെ പരിശീലനം. സാധാരണ റൈഫിളാണ് ഉപയോഗിച്ചത്. കംബല്‍വാഡി ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകന്‍ സുരേഷ് കുശാലിന്റെയും ഗ്രാമമുഖ്യ അനിതയുടെയും മൂത്തമകനാണ് സ്വപ്നില്‍. മകന്‍ ഒളിമ്പ്യനാകുന്നതിന് ആഗ്രഹിച്ച സുരേഷ് അവന്റെ സ്വപ്നങ്ങള്‍ക്കായി ശമ്പളത്തിന്റെ ഒരുപകുതി മാറ്റിവെച്ചു. ചെലവേറിയ കായികയിനമായ ഷൂട്ടിങ് പരിശീലനത്തിനായി വായ്പയെടുത്തു. വസ്തുക്കള്‍ വിറ്റു. ഒരിക്കല്‍ ടെലിവിഷനില്‍ യൂത്ത് ഗെയിംസ് കാണുന്നതിനിടെയാണ് കുട്ടിക്കാലത്ത ഷൂട്ടിങ്ങിനോടുള്ള അഭിനിവേശം പൊട്ടിപ്പുറപ്പെട്ടത്.

''ഓരോ ബുള്ളറ്റിനും 120 രൂപയോളം വിലയുള്ളതിനാല്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആദ്യകാലത്ത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. കാരണം, വളരെ കഷ്ടപ്പെട്ടാണ് അച്ഛന്‍ എന്നെ പരിശീലനത്തിനയച്ചത്. മാതാപിതാക്കളുടെ വലിയ പിന്തുണ എത്ര പറഞ്ഞാലും തീരില്ല'' - ഒരിക്കല്‍ സ്വപ്നില്‍ പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് പരിശീലനം ആരംഭിച്ച് നാലുവര്‍ഷത്തിനുശേഷം 2015-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ സ്വപ്നില്‍ കിരീടംനേടി, അതേവര്‍ഷമാണ് ദേശീയചാമ്പ്യന്‍ഷിപ്പില്‍ നാരംഗിനെ തോല്‍പ്പിച്ചത്.

ആദ്യം 10 മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു പരിശീലനമെങ്കിലും 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനിലും ഇടയ്ക്ക് സമയം ചെലവഴിച്ചിരുന്നതായി കോച്ച് ദീപാലി ദേശ്പാണ്ഡെ പറയുന്നു. പിന്നീട് 50 മീറ്റര്‍ ത്രി പൊസിഷനില്‍ അവന്റെ സ്‌റ്റൈലും ശാരീരികക്ഷമതയും അദ്ഭുതപ്പെടുത്തുന്ന പ്രകടനവും കണ്ടതോടെ അതില്‍മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കോച്ച് ആവശ്യപ്പെടുകയായിരുന്നു.