
പാരീസ്: നൂറുവര്‍ഷത്തെ അഴുക്ക്... ഓ... അതെത്രയായിരിക്കും... ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല... പാരീസ് ലോകനഗരമായി കൈകള്‍വിടര്‍ത്തുമ്പോള്‍ ആ കൈകളില്‍നിന്നും അഴുക്കുവീണതു മുഴുവന്‍ സെന്‍ നദിയിലേക്കായിരുന്നു. ലോകത്തിന് മലിനീകരണത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നിട്ടും നൂറുവര്‍ഷംമുന്നെ സെന്‍ നദിയില്‍ നീന്തല്‍ നിരോധിക്കണമെങ്കില്‍ ആ അവസ്ഥ അതിഭയാനകമായിരിക്കണം. ഒരു നദി മാലിന്യവാഹിനിയായി നൂറുവര്‍ഷം ഒഴുകിയെന്നതുതന്നെ വലിയ പാതകമാണ്. പാരീസ് ഒളിമ്പിക്സിലെ ഉദ്ഘാടനച്ചടങ്ങില്‍ ആ നദിയാണ് അഴുക്കില്‍നിന്ന് അഴകിന്റെ ഓളങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ചത്.
ഒളിമ്പിക്‌സിന് ആതിഥ്യംവഹിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘാടകര്‍ ആദ്യം പണിതുടങ്ങിയത് ഇവിടെയാണ്. നദിയെ വീണ്ടെടുക്കാന്‍ 2015-ല്‍തന്നെ 12,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. നദിയിലേക്ക് മാലിന്യം തള്ളുന്നത് പൂര്‍ണമായി നിരോധിച്ചു. അഴുക്ക് നദിയിലെത്തുന്നതു തടയാനും ജലം ശുദ്ധീകരിക്കാനുമായി പടുകൂറ്റന്‍ ജലസംഭരണി സ്ഥാപിച്ചു. അവിടെനിന്ന് ജലം ശുദ്ധീകരിച്ചുമാത്രമേ ഒഴുക്കിവിടൂ. ഓരോ ആഴ്ചയിലും മാലിന്യത്തിന്റെ അളവ് പരിശോധിച്ചുകൊണ്ടിരുന്നു. ജലത്തിലെ ജൈവവൈവിധ്യം വളര്‍ത്തി. മീനുകളും മറ്റു ജീവിവര്‍ഗങ്ങളും വളര്‍ന്നുതുടങ്ങി.
നദി ശുദ്ധമാണെന്നു തെളിയിക്കാന്‍ ഗെയിംസിനുമുമ്പ് ഇതിലൂടെ നീന്തുമെന്ന് പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ പ്രഖ്യാപിച്ചത് വലിയവാര്‍ത്തയായിരുന്നു. തന്റെ വാക്കുപാലിച്ചുകൊണ്ട് ജൂലായ് 17-ന് ഹിഡാല്‍ഗോ നീന്താനിറങ്ങിയപ്പോള്‍ ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ ടോണി എസ്റ്റാങ്വെയും മറ്റ് ഉന്നതരും കൂടെയിറങ്ങി. ആശങ്കകള്‍ ഒഴിഞ്ഞു, സെന്‍ ശുദ്ധമായി. ഇനി ഗെയിംസിലെ നീന്തല്‍മത്സരങ്ങളും ഇവിടെ നടക്കും. നദിയിലെ ഇ-കോളി ബാക്ടീരിയാ സാന്നിധ്യത്തില്‍ ഇപ്പോഴും ആശങ്കപ്രകടിപ്പിക്കുന്നവരും എതിരഭിപ്രായങ്ങള്‍ ഉള്ളവരുമുണ്ട്.

ഇന്ന് ലോക പ്രകൃതി സംരക്ഷണദിനം
കാലാവസ്ഥവ്യതിയാനം ഭൂമിയുടെ ഹൃദയതാളത്തിന് ഭീഷണിയാകുന്ന കാലഘട്ടമാണിത്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ വരദാനങ്ങളെല്ലാം നശിക്കാതെ നോക്കേണ്ട ബാധ്യത മനുഷ്യരാശിക്കുണ്ട്. വെള്ളവും വനവും വായുവുമെല്ലാം നമുക്ക് അന്യം നിന്നുപോകാതിരിക്കാന്‍ ജാഗ്രത വേണം. നാശോന്മുഖമായ ഒരു നദിയെ തിരിച്ചുപിടിച്ചതാണ് ഈ ഒളിമ്പിക്‌സിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.
*780 കിലോമീറ്ററാണ് സെന്‍ നദിയുടെ ആകെ നീളം. ഫ്രാന്‍സിന്റെ വടക്കേയറ്റംമുതല്‍ പാരീസിലൂടെ ഒഴുകി ഇംഗ്ലീഷ് ചാനലില്‍ ചേരുന്നു
*13 കിലോമീറ്റര്‍ ദൂരത്തിലാണ് പാരീസ് നഗരത്തിലൂടെ നദി ഒഴുകുന്നത്. നഗരത്തിന്റെ നല്ലകാഴ്ച കാണണമെങ്കില്‍ നദിയിലൂടെ സഞ്ചരിക്കണം
*37 പാലങ്ങളാണ് നദിക്കുകുറുകെ
*1923-ല്‍ നദിയിലെ ജലം അപകടകരമായരീതിയില്‍ മലിനീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് നീന്തുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നഗരത്തിലെ ഉള്‍പ്പെടെയുള്ള അഴുക്കുചാലുകളും വ്യവസായമാലിന്യച്ചാലുകളും തുറക്കുന്നത് നദിയിലേക്കാണ്
*900 കോളനി ഇ-കോളി ബാക്ടീരിയയാണ് സെന്‍ നദിയിലെ 100 മില്ലിമീറ്റര്‍ വെള്ളത്തിലെന്ന് 2024 ജൂണ്‍ 17-ന് കണ്ടെത്തിയത്. സുരക്ഷിതമായ പരിധിയെക്കാള്‍ അല്പം കൂടുതലായിരുന്നു ഇത്
*2015 മുതല്‍ ഒളിമ്പിക്സ് ലക്ഷ്യമിട്ട് വൃത്തിയാക്കല്‍ വേഗത്തിലാക്കിത്തുടങ്ങി
*12,000 കോടി രൂപയാണ് നദി വൃത്തിയാക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ ചെലവിട്ടത്
Content Highlights: paris olympics 2024 seine river is swimmable again after a century-long ban
Published: 28 Jul 2024, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented