പാരീസിലെ സെൻ നദിക്കരയിൽ പൊൻതിളക്കമുള്ള വെങ്കലവും കഴുത്തിലണിഞ്ഞ് മനു ഭാക്കർ എന്ന ഹരിയാനക്കാരി തലയുയർത്തി നിൽക്കുമ്പോൾ കേരളത്തിനും ഒരു കഥ പറയാനുണ്ട്. ഇവിടൊരു കടപ്പുറത്ത് നിരാശയുടെ മൂർധന്യത്തിൽ ഏകാകിനിയായി നിൽക്കേണ്ടി വന്ന 18-കാരിയുടെ കഥ. ടോക്യോ ഒളിമ്പിക്‌സിൽ തോക്ക് ചതിച്ച് മെഡലില്ലാതെ അന്ന് ആ പെൺകുട്ടി തിരിച്ചുനടന്നത് മറ്റെവിടേയ്ക്കുമായിരുന്നില്ല, ഇങ്ങിവിടെ കേരളത്തിലെ ചെറായി കടപ്പുറത്തേക്കായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയുമായി അന്നാ കടപ്പുറത്തിരിക്കുമ്പോൾ ഇതുപോലൊരു നേട്ടം ഒരുപക്ഷേ മനു ഭാക്കർ സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. ഇതേക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

To advertise here,

യൂത്ത് ഒളിമ്പിക്‌സിലും ഷൂട്ടിങ് ലോകകപ്പിലുമെല്ലാം സ്വർണം നേടുമ്പോഴും ഒളിമ്പിക്‌സ് മെഡൽ നേടാനാവാതെ പരാജയപ്പെട്ട ആ പെൺകുട്ടിയുടെ മനസിലൂടെ എന്താണ് കടന്നുപോയതെന്നറിയില്ല. നിരാശയുടെ പടുകുഴിയിൽ ആ കടപ്പുറത്ത് തനിയെ നിൽക്കുമ്പോൾ അവർ ഒരു തീരുമാനമെടുത്തു. തിരിച്ചുവരണം. പിഴയ്ക്കാത്ത ഉന്നത്തോടെ മുന്നേറണം. അങ്ങനെ ചെറായി കടപ്പുറത്തുനിന്ന് മനു ഭാക്കർ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. 

ഇന്ന് പാരീസ് ഒളിമ്പിക്‌സിൽ വെങ്കലം നേടി തലയുയർത്തി നിൽക്കുമ്പോഴും അവർ ആ രാത്രി മറന്നില്ല. ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം താൻ അതീവ നിരാശയിലായിരുന്നുവെന്ന് പറഞ്ഞ ഭാക്കർ, അത് മറികടക്കാൻ ഒരുപാട് സമയമെടുത്തുവെന്നും  പ്രതികരിച്ചു. 'എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഞാൻ ചെയ്യുകയായിരുന്നു. ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്. ഇതിന് പിന്നിൽ വളരെയധികം പരിശ്രമമുണ്ടായിരുന്നുവെന്നും മനു പറഞ്ഞു. അവസാന ഷോട്ടിൽ മുഴുവൻ ഊർജ്ജവും ഉപയോഗിച്ച് ഞാൻ പോരാടി. അടുത്ത ഇവൻ്റിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യത നേടുമ്പോൾ മുന്നോട്ട് എങ്ങനെയെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ബാക്കി വിധിക്കും ദൈവത്തിനും വിട്ടുകൊടുത്തു. എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി', മനു ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇന്ത്യയൊന്നാകെ അഭിമാനത്തിലാണ്. 

ഇന്ന് പാരീസിൽ ഇന്ത്യയുടെ യശസുയർത്തി നിൽക്കുന്ന മനുവിന്റെ യാത്ര തുടങ്ങുന്നത് ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗൊറിയ ഗ്രാമത്തിലാണ്. മെർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയറായ രാം കിഷൻ ഭാക്കറും സ്‌കൂൾ അധ്യാപികയായ സുമേധയുമാണ് മാതാപിതാക്കൾ. ഗോറിയ ഗ്രാമത്തിൽതന്നെ പഠിച്ചുവളർന്ന മനു ഭാക്കർ, ചെറുപ്പത്തിൽ തന്നെ കായികമേഖലയിൽ ചുവടുവെച്ചിരുന്നു. ക്രിക്കറ്റിലും ബോക്‌സിങ്ങിലും വോളിബോളിലുമെല്ലാം ചെറുപ്പത്തിൽ തന്നെ പങ്കെടുത്തുതൂടങ്ങി. വളർച്ചയുടെ പാതയിൽ അപ്രതീക്ഷിതമായാണ് ഉണ്ട നിറച്ചൊരു തോക്ക് മനു ഭാക്കറിന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നത്. അത് സാധാരണ ഇഷ്ടത്തിനപ്പുറം അടങ്ങാത്ത ആവേശമായി മാറിത്തുടങ്ങിയതുമുതൽ ആ ഹരിയാനക്കാരിയുടെ യാത്രയും ലക്ഷ്യവും പിഴയ്ക്കാത്ത ഉന്നത്തിലേക്ക് മാറി. 

സ്‌കൂളിലെ ഷൂട്ടിങ് റേഞ്ചിൽനിന്ന് വെടിയുതിർത്ത് തുടങ്ങിയതാണ് ഭാക്കർ. വെറുതെ ഉന്നംവെച്ച് തുടങ്ങിയപ്പോൾ തന്നെ ആ ഹരിയാനക്കാരി 7.5 പോയന്റ് സ്വന്തമാക്കി. അത് കണ്ട പരിശീലകൻവരെ ഞെട്ടി. സാധാരണഗതിയിൽ ആറുമാസത്തെ പരിശീലനത്തിന് ശേഷം മാത്രമേ ഇത്രയും പോയന്റ് താരങ്ങൾ നേടാറുള്ളൂ. ഷൂട്ടിങ്ങിലേക്ക് ചുവടുവെക്കാൻ തീരുമാനിച്ച മനു പിതാവിനോടും മാതാവിനോടും ഇക്കാര്യം അറിയിച്ചു. കുടുംബം ആ തീരുമാനത്തിനൊപ്പം നിന്നു. എല്ലാ പിന്തുണയും നൽകി അച്ഛൻ മനു ഭാക്കറിനെ ചേർത്തുപിടിച്ചു. ജീവിതത്തിൽ ഉന്നം പിഴച്ചേക്കാവുന്ന തീരുമാനമായേക്കാം. ഒന്നും നേടാനാവാതെ മടങ്ങേണ്ടി വന്നേക്കാം. എങ്കിലും അതൊന്നും കാര്യമാക്കാതെ മനു ഭാക്കറിന്റെ തീരുമാനത്തിനൊപ്പം കരുത്തായി കുടുംബം നിന്നു. ഷൂട്ടിങ് പരിശീലനത്തിനായി വലിയ തുകയാണ് അച്ഛൻ ചെലവിട്ടത്. മാസം ഒന്നരലക്ഷത്തോളമായിരുന്നു ചിലവ്. എന്നാൽ, മകളുടെ ആഗ്രഹത്തിന് കൂടെനിന്ന അവർ മറ്റൊന്നും നോക്കിയില്ല.

പിന്നീടങ്ങോട്ട് ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു മനുവിന്റേത്. ആഭ്യന്തര, അന്താരാഷ്ട്ര ടൂർണമെന്റുകളിലെല്ലാം മിന്നും പ്രകടനമാണ് മനു ഭാക്കർ കാഴ്ചവെച്ചത്. 2017 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലോടെയാണ് തുടക്കം. ആ വെള്ളിത്തിളക്കത്തിന് പിന്നാലെ സീനിയർ തലത്തിൽ മനു കളിക്കാനിറങ്ങി. 2017 നാഷണൽ ഗെയിംസിൽ ഒമ്പത് സ്വർണമെഡലാണ് താരം നേടിയത്. ഫൈനലിൽ ലോകകപ്പ് മെഡൽ ജേതാവ് ഹീന സിദ്ധുവിനെയടക്കം പരാജയപ്പെടുത്തിയാണ് താരം മുന്നേറിയത്. പിന്നാലെ നാഷണൽ വേദികളിൽനിന്ന് ലോകവേദികളിലും മനു നിറഞ്ഞുനിൽക്കാൻ തുടങ്ങി. 

2018-ൽ ഐ.എസ്.എസ്.എഫ് ലോകകപ്പിലാണ് സ്വർണത്തോടെ മനു ഏവരേയും ഞെട്ടിച്ചത്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിലാണ് സ്വർണനേട്ടം.  രണ്ട് തവണ ജേതാവായ മെക്‌സിക്കോയുടെ അലജാൻഡ്ര സവലയെ പരാജയപ്പെടുത്തി മനു റെക്കോഡുമിട്ടു. 16-ാം വയസ്സിൽ സ്വർണമണിഞ്ഞ മനു ലോകകപ്പിൽ സ്വർണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരവുമായി. പിന്നാലെ മികസ്ഡ് ടീം ഇത്തിലും ഈ ലോകകപ്പിൽ താരം സ്വർണം നേടി.  2018 കോമൺ വെൽത്തിലും സ്വർണം കൊയ്ത മനു ലോകവേദികളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി മാറിക്കഴിഞ്ഞിരുന്നു. 

2018 യൂത്ത് ഒളിമ്പിക്‌സിലും മനു പതിവുകളൊന്നും തെറ്റിച്ചില്ല. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി മനു പുതുചരിത്രമെഴുതി. ഇന്ത്യയ്ക്കായി യൂത്ത് ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് മനു സ്വന്തമാക്കിയത്. പിന്നാലെ 2019-ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സ്വർണം നേടിയാണ് 2020- ടോക്യോ ഒളിമ്പിക്‌സിൽ താരം മത്സരിക്കാനെത്തുന്നത്. എന്നാൽ, ടോക്യോ ഒളിമ്പിക്‌സിൽ താരത്തിന് മെഡൽ നേടാനായില്ല. 

തോക്ക് കേടായതോടെയാണ് മനുവിന് മെഡൽ നഷ്ടത്തോടെ തിരിച്ചുനടക്കേണ്ടിവന്നത്. രണ്ടാം സീരീസിന്റെ മധ്യത്തിൽ മനുവിന്റെ പിസ്റ്റളിന്റെ ഇലക്ട്രോണിക് ബന്ധം തകരാറിലാവുകയും സമയനഷ്ടം സംഭവിക്കുകയുമായിരുന്നു. പത്തൊമ്പതുകാരി കോച്ചിനും ജൂറിമാരിലൊരാൾക്കുമൊപ്പം ടെസ്റ്റ് ടെന്റിലേക്ക് പോവുകയും മറ്റൊരു പിസ്റ്റളുമായി തിരിച്ചുവരികയും ചെയ്തു. ഇത് കാരണം അഞ്ചു മിനിറ്റ് മനുവിന് ഷൂട്ട് ചെയ്യാനേ ആയില്ല. മനുവിനെക്കാൾ രണ്ട് പോയന്റ് കൂടുതൽ നേടിയ ഫ്രാൻസിന്റെ സെലീൻ ഗോബർവൈലാണ് അവസാന ഫൈനൽ സ്ഥാനം സ്വന്തമാക്കിയത്. അവസാന ശ്രമത്തിൽ  പത്ത് പോയന്റ് വേണ്ടിയിരുന്നു. എട്ട് പോയന്റേ ലഭിച്ചുള്ളൂ. അതിനാൽ ഫൈനലിലെത്തിയ ആദ്യ എട്ട് പേരിലൊരാളാവാൻ താരത്തിനായില്ല. 

ഈ കടുത്ത നഷ്ടത്തിന്‍റെ നിരാശാവേളയിലായിരുന്നു മനു കേരളം സന്ദർശിച്ചത്. അവിടെ നിന്നാണ് ടോക്യോയിലെ തോൽവിയിലെ കടുത്ത നിരാശ മറികടന്നത്. പിന്നീട് 25 ദിവസത്തേക്ക് താരം പിസ്റ്റളിലേക്ക് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. പിഴയ്ക്കാത്ത ഉന്നത്തിനായുള്ള ആത്മവിശ്വാസവും കരുത്തും ചെറായിലെ കടപ്പുറത്തുനിന്നാണ് അവർ നേടിയെടുത്തത്. ഒരു തിരിച്ചുവരവിന്റെ മോഹവും വിശ്വാസവും ഉള്ളിൽ വീണ്ടെടുത്തത്. അങ്ങനെ തിരിച്ചു വണ്ടികയറിയാണ് മനു വീണ്ടും ഷൂട്ടിങ്ങിൽ സജീവമാക്കുന്നത്. പാരീസിൽ ഇന്ത്യയുടെ അഭിമാനനേട്ടത്തിലേക്കുള്ള യാത്രയാരംഭിച്ചത് ചെറായിയിൽ നിന്നുള്ള ആ തിരിച്ചുപോക്കിലാണ്. പാരീസിൽ പുതുചരിത്രമെഴുതിയാണ് മനു വെങ്കലം കഴുത്തിലണിഞ്ഞത്. ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടവും അങ്ങനെ മനു സ്വന്തമാക്കി.