പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിച്ച് അള്‍ജീരിയയുടെ വിവാദ ബോക്‌സിങ് താരം ഇമാന്‍ ഖലിഫ്. വനിതാ ബോക്‌സിങ്ങില്‍ അള്‍ജീരിയയിലേക്കെത്തുന്ന ആദ്യ ഒളിമ്പിക് മെഡലാണിത്. ക്വാര്‍ട്ടറില്‍ ഹംഗറിയുടെ അന്ന ഹമോരിയെ 5-0ന് തകര്‍ത്താണ് ജയം. മെഡലുറപ്പിച്ചതിനു പിന്നാലെ താരം കണ്ണീരണിഞ്ഞു. ഒരുതവണ മൂക്കിന് പഞ്ച് ലഭിച്ചതൊഴിച്ചാല്‍ മത്സരത്തില്‍ ഒരുതരത്തിലുള്ള വെല്ലുവിളിയും ഖലിഫിന് നേരിടേണ്ടിവന്നില്ല. 

To advertise here,

ഇന്ത്യന്‍ റഫറിയാണ് മത്സരം നിയന്ത്രിച്ചിരുന്നത്. രണ്ടാംറൗണ്ടില്‍ ഹമോരിയുടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കാന്‍ ശ്രമിച്ചതിന് ഖലിഫിയെ റഫറി താക്കീത് ചെയ്തു. ആദ്യ റൗണ്ടില്‍ ഇരുവരും മികച്ച പോരാട്ടം നടത്തിയെങ്കിലും രണ്ടാംറൗണ്ടില്‍ ഖലിഫി അനായാസ ജയം നേടി. ഖലിഫിയുടെ പഞ്ചില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഹമോരി പരമാവധി ശ്രമിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ഖലിഫിയുടെ മുഖത്ത് പഞ്ച് ചെയ്ത് ഹമോരി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

ഇറ്റലിയുടെ ആഞ്ജല കരിനിയുമായുള്ള മത്സരമാണ് ഇമാന്‍ ഖലിഫിയെ ലോക ശ്രദ്ധാകേന്ദ്രത്തിലേക്കെത്തിച്ചത്. മത്സരത്തില്‍ ഖലിഫിയില്‍നിന്നേറ്റ കനത്ത പഞ്ചില്‍ ആഞ്ജലയുടെ മൂക്ക് തകര്‍ന്നിരുന്നു. മത്സരം തുടങ്ങിയ ഉടനെയായിരുന്നു ഇത്. ഇതോടെ 46-ാം സെക്കന്‍ഡില്‍തന്നെ ആഞ്ജല മത്സരത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞവര്‍ഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐ.ബി.എ.) ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഖലിഫ് ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. പുരുഷന്മാര്‍ക്കുള്ള എക്സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. 

ഇമാനെക്കൂടാതെ, തയ്വാന്‍ താരം ലിന്‍ യു ടിങ്ങും ഐ.ബി.എ.യുടെ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ലിന്നിനും പാരീസില്‍ മത്സരിക്കാന്‍ ഐ.ഒ.സി. അനുമതി നല്‍കിയത് വിവാദമായി. എന്നാല്‍ ഇരുവരും ജനിച്ചതും വളര്‍ന്നതും ഇതുവരെ മത്സരിച്ചതും സ്ത്രീയായാണെന്നും പാസ്‌പോര്‍ട്ടിലും സ്ത്രീയായിട്ടാണ് ഉള്ളതെന്നും വ്യക്തമാക്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്ക് രംഗത്തെത്തി.