തോക്കുകള്‍... തലപ്പാവുകള്‍... പീരങ്കികള്‍... പടച്ചട്ടകള്‍... അതിനുനടുവില്‍ ഫ്രഞ്ചുകാരുടെ ധീരയോദ്ധാവ് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ശവകുടീരം. ചിത്രങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും മാത്രമല്ല, യുദ്ധത്തിനും ഒരു മ്യൂസിയമുണ്ട് പാരീസില്‍. നഗരമധ്യത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആന്‍വാലിഡിസില്‍ ഫ്രഞ്ചുകാരുടെ യുദ്ധത്തിന്റെ ചരിത്രം തളംകെട്ടിനില്‍ക്കുന്നു.

To advertise here,

ആന്‍വിലിഡിസിന്റെ വിശാലമായ മുറ്റം ഒളിമ്പിക്‌സിലെ അമ്പെയ്ത്ത് മത്സരവേദിയാണ്. ഇന്ത്യയുടെ അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യത്തിന്റെ മത്സരം കാണാനാണ് രാവിലെ 'യുദ്ധാങ്കണ'ത്തിലെത്തിയത്. അപ്പോഴാണ് ഇതിലും വലിയ ആയുധങ്ങളും യുദ്ധങ്ങളുംകണ്ട ഭൂമിയാണിതെന്നറിഞ്ഞത്.

കലയും സംസ്‌കാരവുംപോലെ യുദ്ധവും ഫ്രഞ്ച് ചരിത്രത്തിന്റെ ഭാഗമാണ്. ഓസ്ട്രിയ, ജര്‍മനി, റഷ്യ, ബ്രിട്ടണ്‍, യു.എസ്. തുടങ്ങി ലോകത്തെ എല്ലാ വന്‍ശക്തികളുമായും അവര്‍ യുദ്ധംചെയ്തിട്ടുണ്ട്. അതില്‍ ഉപയോഗിച്ച എത്രയെത്ര ആയുധങ്ങള്‍... നഷ്ടപ്പെട്ട എത്രയെത്ര ജീവിതങ്ങള്‍... മൂന്നുനിലകളിലായി പടര്‍ന്നുകിടക്കുന്ന വലിയ മ്യൂസിയത്തില്‍ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. എന്തിനധികം, നെപ്പോളിയന്‍ അവസാനം ഉപയോഗിച്ചിരുന്ന 'ലെ വിസിര്‍' എന്ന കുതിരയെയും ഇവിടെ സ്റ്റഫുചെയ്തു സൂക്ഷിച്ചിരിക്കുന്നു! പലസ്ഥലങ്ങളില്‍നിന്നായി കൊണ്ടുവന്ന അഞ്ചുലക്ഷത്തോളം സാധനങ്ങളുണ്ടെന്ന് മ്യൂസിയത്തിന്റെ മാഹാത്മ്യം വിവരിക്കുന്ന ലൂസിയ പറഞ്ഞു.

placeholder
നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ശവകുടീരം

ലൂയി പതിന്നാലാമന്റെ കാലത്താണ് ഹോട്ടല്‍ ദെ ആന്‍വാലിഡിസ് സ്ഥാപിച്ചത്. ആദ്യം സൈനിക ആശുപത്രിയായിരുന്നു. പിന്നീടത് വിരമിച്ച സൈനികരുടെ വിശ്രമകേന്ദ്രവും അഭയഭൂമിയുമായി. ഇപ്പോള്‍ ഫ്രാന്‍സിലെ പ്രധാന സൈനികച്ചടങ്ങുകള്‍ നടക്കുന്നതും ഭരണാധികാരികള്‍ മരിച്ചാല്‍ അവര്‍ക്ക് ആദരംനല്‍കുന്നതും ഈ മൈതാനത്താണ്. എല്ലാറ്റിനും കാവലായി ഇപ്പോഴും നെപ്പോളിയനുണ്ട്!

ഫ്രാന്‍സിന്റെ ഭാഗമായിരുന്ന കോര്‍സിക്ക ദ്വീപില്‍ ജനിച്ച നെപ്പോളിയന്‍ യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി വളര്‍ന്നത് വിസ്മയകരമായ കഥയാണ്. ആ ജീവിതത്തില്‍ ജയംപോലെ തോല്‍വിയുമുണ്ട്. യൂറോപ്പിലെ പല സൈനികശക്തികള്‍ ചേര്‍ന്ന് ബെല്‍ജിയത്തിലെ വാട്ടര്‍ലൂവില്‍വെച്ച് നെപ്പോളിയനെ കീഴടക്കിയില്ലായിരുന്നെങ്കില്‍ യൂറോപ്പിന്റെ ഭൂപടം മറ്റൊന്നായേനെയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ബ്രിട്ടന്റെ കോളനിയായിരുന്ന സെയ്ന്റ് ഹെലെനയിലാണ് അദ്ദേഹം മരിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് ആന്‍വാലിഡിസിലേക്കു കൊണ്ടുവന്നു.

മൈതാനത്ത് അമ്പെയ്ത്ത് മത്സരം കനക്കുന്നു... ആന്‍വാലിഡിസിന് ഇതൊക്കെയെന്ത്...!