രണ്ടാംലോകയുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി പാരീസിനു സമീപത്തെ മോണ്ട് വലേറിയനില്‍ വലിയ രക്തസാക്ഷിസ്തൂപമുണ്ട്. അതില്‍ സൂക്ഷിച്ചുനോക്കിയാല്‍ നൂറുനൂറുഫ്രഞ്ചുപേരുകളുടെ കൂട്ടത്തില്‍ ഒരു മലയാളിയുടെ പേരും കാണാം - മിച്ചിലോട്ട് മാധവന്‍. എണ്ണമില്ലാത്ത ജീവനുകളെടുത്ത ലോകയുദ്ധത്തിന് കേരളം നല്‍കിയ ബലി!

To advertise here,

1930-കളുടെ ഒടുവില്‍ മാഹിയില്‍നിന്ന് ഉന്നതപഠനത്തിന് ഫ്രാന്‍സിലേക്കുപോയ യുവാവ്. നന്നായി പഠിച്ചു. അതിനൊപ്പം സമരങ്ങളിലും മുന്നില്‍നിന്നു. പക്ഷേ, പിന്നീടൊരിക്കലും ഇന്ത്യയില്‍ തിരിച്ചെത്തിയില്ല. 'നാസി പടയോട്ടത്തില്‍ രക്തസാക്ഷിയായ ഒരേയൊരു ഇന്ത്യക്കാരന്‍' എന്ന് ചരിത്രം മാധവനെ രേഖപ്പെടുത്തി. ഒളിമ്പിക്സിനായി പാരീസിലേക്ക് പോകുന്നതിനുമുമ്പുതന്നെ മാധവന്റെ കഥ കേട്ടിരുന്നു. നാസികളുടെ തോക്കിനുമുന്നില്‍ വീണുപോയ ഒരേയൊരു മലയാളിയെക്കുറിച്ച് പലരോടും ചോദിച്ചു. ആ കണ്ണികള്‍ നീണ്ടുനീണ്ട് പാരീസുവരെയെത്തി. മാധവന്റെ ഇളയ അനിയന്‍ ഡോ. മുകുന്ദന്റെ മകള്‍ മിച്ചിലോട്ട് ശോഭന റെജീവ് ഇപ്പോള്‍ പാരീസിലുണ്ട്. കാലം കാത്തുവെക്കുന്ന ആകസ്മികതകള്‍...!

പാരീസിനുസമീപത്തെ ഓര്‍ലിയന്‍സിലാണ് ശോഭന കുടുംബസമേതം താമസിക്കുന്നത്. തന്റെ പിറവിക്കുമുമ്പേ മരിച്ചുപോയ മുത്തച്ഛന്റെ ഓര്‍മ്മകളെയും ശേഷിപ്പുകളെയുംകുറിച്ച് ശോഭന സംസാരിച്ചു. ശോഭനയുടെ കണ്ണൂരിലുള്ള സഹോദരന്‍ സുനില്‍കുമാറും ആ ജീവിതം കൂട്ടിച്ചേര്‍ത്തു.

മാധവന്റെ ജീവിതത്തില്‍ രണ്ടാംലോകയുദ്ധത്തിന്റെ ചോരപ്പാടുകളുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍നിന്ന് പാരീസിലെത്തിയ ഒരു ചെറുപ്പക്കാരന്റെ കമ്യൂണിസ്റ്റ് സ്വപ്നങ്ങളും വിരഹവുമുണ്ട്. വലിയ ബിരുദംനേടി മകന്‍ തിരിച്ചെത്തുന്നതു കാണാന്‍ കാത്തിരുന്ന അച്ഛനമ്മമാരുടെ കാത്തിരിപ്പും കണ്ണീരുമുണ്ട്. മാഹിയില്‍ അധ്യാപകനായിരുന്ന മിച്ചിലോട്ട് ഗോവിന്ദന്റെയും മാതുഅമ്മയുടെയും മൂന്നാമത്തെ മകനായി 1914-ജൂലായ് ഏഴിനായിരുന്നു മാധവന്റെ ജനനം. മാഹിയിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് പോണ്ടിച്ചേരിയില്‍ ഫ്രഞ്ച് സര്‍ക്കാര്‍നടത്തുന്ന കോളേജില്‍ ബിരുദപഠനം. 1931-ല്‍ ഫ്രഞ്ച് ഇന്ത്യ യൂത്ത് ലീഗ് അംഗമായി.

placeholder
മിച്ചിലോട്ട് മാധവന്റെ ശവകുടീരം

1930-കളുടെ ഒടുവിലാണ് പാരീസിലെ സോര്‍ബണ്‍ സര്‍വകലാശാലയില്‍ ഉന്നതപഠനത്തിനു ചേര്‍ന്നത് (130 വര്‍ഷംമുമ്പ്, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആദ്യത്തെ കൂടിയാലോചന നടന്നതും ഇതേ കോളേജിലായിരുന്നു). അവിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും പോണ്ടിച്ചേരിക്കാരനായ കമ്യൂണിസ്റ്റ് നേതാവ് വി. സുബ്ബയ്യയുമായി അടുത്തബന്ധമുണ്ടായതായും പറയുന്നു.

രണ്ടാംലോകയുദ്ധത്തില്‍ നാസികള്‍ മുന്നേറുന്ന കാലം. ഒരു ഘട്ടത്തില്‍ അവര്‍ പാരീസും കീഴടക്കി. നഗരത്തിലെ ഒരു തിയേറ്ററിലുണ്ടായ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചാണ് നാസികളുടെ രഹസ്യപോലീസ് സംഘമായ ഗെസ്റ്റപ്പോ മാധവനെയും സുഹൃത്തുക്കളെയും പിടികൂടിയത്. മാധവന്റെ പരിചയക്കാരിയായിരുന്ന ഫ്രഞ്ചുവനിത ഗിസെല്‍ മെല്ലോയും കൂടെ അറസ്റ്റുചെയ്യപ്പെട്ടു. മാധവനെ പിടിക്കാന്‍ പോലീസ് വരുന്നുണ്ടെന്നറിയിക്കാന്‍ ഹോസ്റ്റലിലെത്തിയപ്പോഴാണത്രേ അവര്‍ അറസ്റ്റുചെയ്യപ്പെട്ടത്. മാധവന്‍ പിന്നീട് പുറംലോകം കണ്ടില്ല. മാധവനും ഗിസെലും പിന്നീടൊരിക്കലും കണ്ടുമുട്ടിയില്ല.

നാസി തടവറയില്‍ കൊടുംക്രൂരതയ്ക്കിരയായ മാധവനെയും മറ്റു 45 പേരെയും 1942 സെപ്റ്റംബര്‍ 21-ന് പാരീസിലെ വലേറിയന്‍ കുന്നില്‍വെച്ച് പോലീസ് വെടിവെച്ചുകൊന്നു. കൂട്ടുകാരി ഗിസെല്‍ മെല്ലോ, കുപ്രസിദ്ധമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായി. മാധവന്‍ മരിച്ചതറിയാതെ, രണ്ടുവര്‍ഷത്തിനുശേഷം അവരും ഈ ലോകം വിട്ടു. ആഫ്രിക്കയിലുണ്ടായിരുന്ന സഹോദരി രേവതി കല്ലാട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിലെത്തി അന്വേഷിച്ചപ്പോഴാണ് മാധവന്റെ അവസാനകാലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.

നാസി ക്യാമ്പിലെ സഹതടവുകാരുടെ അഭിപ്രായത്തില്‍, ഫ്രഞ്ചുകാരനല്ലെന്ന് നാസി പട്ടാളത്തോട് തുറന്നുപറഞ്ഞിരുന്നെങ്കില്‍ മാധവനെ നാസികള്‍ വെറുതേവിട്ടേനെ. പക്ഷേ, അതിനു തയ്യാറായില്ല. മോണ്ട് വലേറിയന്‍ കുന്നിലെ ഒരു വെടിയൊച്ചയില്‍ ആ ജീവിതം അവസാനിച്ചു. രണ്ടുവര്‍ഷംമുമ്പ്, നാസി കൂട്ടക്കൊലയുടെ 80-ാം വാര്‍ഷികത്തില്‍ ഫ്രഞ്ചുസര്‍ക്കാര്‍ രക്തസാക്ഷികളുടെ സ്മരണപുതുക്കിയിരുന്നു. അതിന് ശോഭനയും പോയി. ആരോരുമറിയാതെ മരിച്ച മുത്തച്ഛന് എട്ടുപതിറ്റാണ്ടിനുശേഷം കൊച്ചുമകളുടെ സാന്ത്വനം...