പാരീസ്: കഥാപാത്രങ്ങള്‍ മാറിയെങ്കിലും ടോക്യോ ഒളിമ്പിക്‌സിലെ അതേ കഥ പാരീസിലും ആവര്‍ത്തിക്കുമായിരുന്നു... അവര്‍ക്ക് സ്വര്‍ണമെഡല്‍ പങ്കിടാമായിരുന്നു... പക്ഷേ, അമേരിക്കയുടെ ഷെല്‍ബി മാക്എവന്‍ പറഞ്ഞു 'നമുക്ക് സ്വര്‍ണത്തിനായി ചാടാം...' ന്യൂസീലന്‍ഡിന്റെ ഹാമിഷ് കേര്‍ പറഞ്ഞു 'എന്നാല്‍ ശരി ചാടാം...' പുരുഷന്‍മാരുടെ ഹൈജമ്പില്‍ ചാമ്പ്യനാരെന്നറിയാന്‍ രണ്ടുപേരും ചാടാന്‍ തുടങ്ങി... ഇരുവരും 11 തവണയാണ് പരാജയപ്പെട്ടത്. ഒടുവില്‍ ഹൈജമ്പ് ബാര്‍ താഴ്ത്തിവെക്കേണ്ടിവന്നു ചാമ്പ്യനെ കണ്ടെത്താന്‍. അത് ന്യൂസീലന്‍ഡിന്റെ ഹാമിഷ് ആയിരുന്നു.

To advertise here,

ടോക്യോ ഒളിമ്പിക്‌സില്‍ സൗഹൃദത്തിന്റെ പുതിയ ചരിത്രം കുറിച്ച്, ഹൈജമ്പില്‍ ഖത്തറിന്റെ മുതാസ് ബാര്‍ഷിം ഇബ്രാഹിമും ഇറ്റലിയുടെ ജിയാന്‍മാര്‍കോ താംബെരിയും സ്വര്‍ണം പങ്കിട്ടിരുന്നു. ചാമ്പ്യനെ കണ്ടെത്താന്‍ ചാട്ടം തുടരണോ എന്ന് മാച്ച് ഒഫീഷ്യല്‍ ചോദിച്ചപ്പോള്‍ മുതാസയാണ് 'സ്വര്‍ണം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമായി തരാമോ...' എന്ന് ചോദിച്ചതും രണ്ടു ചാമ്പ്യന്‍മാര്‍ ഉണ്ടായതും. ടോക്യോയുടെ തനിയാവര്‍ത്തനത്തിന്റെ വക്കിലായിരുന്നു പാരീസിലെ വേദി. ഷെല്‍ബിയും ഹാമിഷും 2.36 മീറ്റര്‍ ഉയരം ചാടിയതോടെ ഹൈജമ്പ് ബാര്‍ 2.38 മീറ്ററായി ഉയര്‍ത്തി. രണ്ടുപേരുടെയും മൂന്നു ശ്രമങ്ങളും പരാജയം. അപ്പോഴാണ് മാച്ച് ഒഫീഷ്യലുകള്‍ സ്വര്‍ണം പങ്കിടുന്നോ എന്ന് ചോദിച്ചത്. ഇല്ലെന്ന് ഉത്തരം കിട്ടിയതോടെ അവര്‍ 'ജമ്പ് ഓഫി'നായി ഉയരം കുറച്ച് 2.36 ആക്കി. നേരത്തെ മറികടന്ന ഉയരമാണെങ്കിലും രണ്ടുപേര്‍ക്കും മറികടക്കാനായില്ല. ഉയരം 2.34 മീറ്ററാക്കി. ഹാമിഷ് മറികടന്നു.