*ജൂനിയര്‍ ടീമിന്റെ കോച്ചാകാന്‍ ക്ഷണം കിട്ടിയല്ലോ. ഇതിന്റെ ആലോചന നേരത്തേയുണ്ടായിരുന്നോ?

To advertise here,

- കോച്ചിങ് നേരത്തേതന്നെ എന്റെ മനസ്സിലുള്ളകാര്യമാണ്. ഒരുപാടുകാലം കളിച്ചു. ഒട്ടേറെ അനുഭവങ്ങളുണ്ട്. അതെല്ലാം അടുത്ത തലമുറയെ പഠിപ്പിച്ചില്ലെങ്കില്‍ പിന്നെയാരാണ് പഠിപ്പിക്കുക? കളി കഴിഞ്ഞയുടന്‍ എന്നെ കണ്ട ഹോക്കി ഇന്ത്യ സെക്രട്ടറി ബോലനാഥ് സാര്‍ പറഞ്ഞു ശ്രീജേഷിനെയാണ് ഞങ്ങള്‍ ജൂനിയര്‍ ടീമിന്റെ കോച്ചായി കാണുന്നതെന്ന്. ഞനൊന്ന് വീട്ടില്‍പ്പൊയ്ക്കോട്ടെ... വീട്ടുകാരുമായി സംസാരിച്ച് പതിയെ തീരുമാനമെടുക്കാം, ഞാന്‍ പറയാം എന്ന് മറുപടി നല്‍കി. കോച്ചിങ്ങില്‍ എനിക്കും താത്പര്യമുണ്ട്.

*നാട്ടില്‍ അക്കാദമിയോ മറ്റോ തുടങ്ങാന്‍ പദ്ധതിയുണ്ടോ?

- ഹോക്കി അക്കാദമി തുടങ്ങുന്നത് ഞാന്‍ ഒറ്റയ്ക്കു കൂട്ടിയാല്‍ കൂടില്ല. അതിന് സര്‍ക്കാരിന്റെയും അസോസിയേഷന്റെയും സഹായം വേണം. രക്ഷിതാക്കളുടെ പിന്തുണവേണം. ഞാന്‍ കളിച്ചുതുടങ്ങുമ്പോള്‍ എന്റെ വീട്ടിലുള്ളവര്‍ക്കുതന്നെ ആശങ്കയുണ്ടായിരുന്നു. ഇപ്പോഴും ഹോക്കിയോടുള്ള സമീപനം മാറിയിട്ടില്ല. നല്ല അടിസ്ഥാനസൗകര്യമുണ്ടെങ്കിലേ അക്കാദമിയുമായി മുന്നോട്ടുപോകാനാകൂ. അതിനു തയ്യാറുള്ള ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഞാന്‍ കൂടെയുണ്ടാകും. ഹോക്കിയാണ് എന്റെ ചോറ്. അത് പഠിപ്പിക്കാനും സന്തോഷമേയുള്ളൂ.

*ഒളിമ്പിക് മെഡല്‍ നേടിയതിന്റെ ആഘോഷം എങ്ങനെയായിരുന്നു

-സത്യത്തില്‍ ഇവിടെ നില്‍ക്കുമ്പോള്‍ നമുക്കറിയില്ല, നമ്മുടെ നേട്ടങ്ങളുടെ വലിപ്പം എത്രയെന്ന്. ഗെയിംസ് വില്ലേജില്‍ കാണുന്ന രണ്ടില്‍ ഒരാളുടെ കൈയില്‍ മെഡലുണ്ടാകും. മത്സരവും മെഡലുമെല്ലാം ഇവിടെ സാധാരണ കാര്യമാണ്. നമ്മുടെ നേട്ടത്തിന്റെ വലിപ്പം അറിയണമെങ്കില്‍ നാട്ടിലെത്തണം.

*വെങ്കലമെഡല്‍ നേടിയതിനു മുന്‍പും ശേഷവുമുള്ള രാത്രികള്‍

- സാധാരണ മത്സരത്തലേന്ന് ഉറങ്ങുംമുന്‍പ് ഫോണില്‍ എന്തെങ്കിലും കോമഡി പരിപാടികള്‍ കാണും. കുറച്ചുനേരം വായിക്കും. സ്വസ്ഥമായി ഉറങ്ങും. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുമുതല്‍ മത്സരത്തെക്കുറിച്ചുള്ള ആലോചനയിലാകും. ടീം മീറ്റിങ്, എതിരാളികളെക്കുറിച്ചുള്ള പഠനവും പരിശീലനവും. മാച്ച് കഴിയുമ്പോഴാണ് ആശ്വാസം തോന്നുക. സാധാരണ ഓരോ മത്സരവും കഴിയുമ്പോഴും അടുത്ത മത്സരം, ടൂര്‍ണമെന്റ് എന്താണ്, എങ്ങനെയാണെന്ന ആലോചനയുണ്ടാകും. മത്സരങ്ങളില്‍നിന്ന് വിരമിച്ചതിനാല്‍ ഇക്കുറി അത്തരം വേവലാതികളൊന്നുമില്ല. വെങ്കലമെഡല്‍ മത്സരം കഴിഞ്ഞപ്പോള്‍ കുറെ അഭിമുഖങ്ങളും അഭിനന്ദനങ്ങളുമുണ്ടായിരുന്നു. അതിനുശേഷം ഇവിടെവന്നു, കുളിച്ച് മെഡല്‍ദാനച്ചടങ്ങിനുപോയി.

*ഇനി

- സമാപനച്ചടങ്ങുകഴിഞ്ഞ് ഡല്‍ഹിയിലേക്ക്. പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങുണ്ടാകും. തുടര്‍ന്ന് ഒളിമ്പിക് അസോസിയേഷന്റെയും സ്വീകരണമുണ്ടാകും. അതിനുശേഷം നാട്ടിലേക്കു മടങ്ങും. കുറച്ചുദിവസം സ്വസ്ഥമായി നാട്ടില്‍ കഴിയണം...