ന്യൂഡല്‍ഹി: ഈമാസം അവസാനം പാരീസ് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ വന്‍ പ്രഖ്യാപനവുമായി ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐ.ഒ.സി.) എട്ടരക്കോടി രൂപ സംഭാവന നല്‍കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

To advertise here,

'2024 പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന നമ്മുടെ  അത്‌ലറ്റുകളെ ബി.സി.സി.ഐ. പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാമ്പയിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഞങ്ങള്‍ എട്ടരക്കോടി രൂപ നല്‍കുന്നു. നമ്മുടെ എല്ലാ മത്സാരാര്‍ഥികള്‍ക്കും ഞങ്ങളുടെ ആശംസകള്‍. ഇന്ത്യയെ അഭിമാനത്തിലെത്തിക്കൂ. ജയ്ഹിന്ദ്' - ബി.സി.സി.ഐ. പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. 

117 പേരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പാരീസില്‍ മത്സരിക്കുക. ട്രാക്കിലും ഫീല്‍ഡിലുമായി 70 പുരുഷന്മാരും 47 വനിതകളുമാണ് മത്സരരംഗത്തുള്ളത്. 67 കോച്ചുമാരും 72 സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും ഇവര്‍ക്കൊപ്പം അനുഗമിക്കും. ജൂലായ് 26-ന് വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഒളിംപിക്‌സിന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് ഉദ്ഘാടന പരിപാടികള്‍.