ന്യൂഡല്‍ഹി: അച്ചടക്കലംഘനം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസില്‍നിന്ന് തിരിച്ചയച്ചു. അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്തെന്ന് കാട്ടിയാണ് നടപടി. അനിയത്തിക്ക് തന്റെ ഔദ്യോഗിക അക്രഡിറ്റേഷന്‍ കാർഡ് കൈമാറിയതാണ് നടപടിക്ക് ഇടയാക്കിയത്. വനിതാ 53 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അന്തിം പംഗല്‍ തുര്‍ക്കിയുടെ സൈനബ് യെറ്റാഗിലിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. 10-0 ന് ആയിരുന്നു തോല്‍വി. 

To advertise here,

ഗെയിംസ് വില്ലേജില്‍ സൂക്ഷിച്ച തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി അനിയത്തിക്ക് തന്‍റെ അക്രഡിറ്റേഷൻ കാർഡ് കൈമാറുകയായിരുന്നു. ഇതുമായി അനിയത്തി ഗെയിംസ് വില്ലേജില്‍ കടന്നു. പക്ഷേ, സാധനങ്ങളുമായി പുറത്തുകടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി. തുടര്‍ന്ന് ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ അന്തിം സ്റ്റേഷനില്‍ ഹാജരായതിനെ തുടർന്ന് ഇവരെ പിന്നീട് വിട്ടയച്ചു. 

പ്രീക്വാര്‍ട്ടറിലേറ്റ തോല്‍വിക്കു പിന്നാലെ അന്തിം ഹോട്ടലില്‍ പരിശീലകരായ ഭഗത് സിങ്ങിനും വികാസിനും അടുത്തെത്തി. ഇതിനിടെ അനിയത്തിയോട് സാധനങ്ങള്‍ ശേഖരിച്ചുവരാന്‍ പറഞ്ഞ് അക്രഡിറ്റേഷന്‍ കാർഡ് നല്‍കി വിട്ടു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇത് തിരിച്ചറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍നിന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നോട്ടീസ് ലഭിച്ചു. ഇതുപ്രകാരം അന്തിമിനോടും സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും രാജ്യത്തുനിന്ന് പുറത്തുപോകാന്‍ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയും ചെയ്തു.