പാരീസ്: ഒളിമ്പിക് ബോക്‌സിങ്ങില്‍ ലിംഗവിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ വനിതാ ബോക്സര്‍ ഇമാന്‍ ഖലീഫിന് സ്വര്‍ണം. ചൈനയുടെ യാങ് ലിയുവിനെയാണ് 66 കിലോ വിഭാഗം ഫൈനലില്‍ ഇമാന്‍ തോല്‍പ്പിച്ചത് (5-0). ഒളിമ്പിക് ബോക്സിങ് സ്വര്‍ണം നേടുന്ന ആദ്യ അല്‍ജീരിയന്‍ വനിതയാണ് ഇമാന്‍.

To advertise here,

താന്‍ സ്ത്രീയായി ജനിച്ച് സ്ത്രീയായി ജീവിച്ചയാളാണെന്ന് മത്സര ശേഷം ഇമാന്‍ പ്രതികരിച്ചു. ഗെയിംസില്‍ ഇറ്റലിയുടെ ആഞ്ജല കരിനിയുമായുള്ള മത്സരത്തിനു പിന്നാലെയാണ് ഇമാന്‍ ഖലീഫ് വിവാദത്തില്‍പ്പെടുന്നത്. മത്സരത്തില്‍ ഇമാനില്‍നിന്നേറ്റ കനത്ത പഞ്ചില്‍ ആഞ്ജലയുടെ മൂക്ക് തകര്‍ന്നിരുന്നു. മത്സരം തുടങ്ങിയ ഉടനെയായിരുന്നു ഇത്. ഇതോടെ 46-ാം സെക്കന്‍ഡില്‍തന്നെ ആഞ്ജല മത്സരത്തില്‍നിന്ന് പിന്മാറി.

കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍നടന്ന അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ (ഐ.ബി.എ.) ലോകചാമ്പ്യന്‍ഷിപ്പില്‍ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ട ഇമാനെയും തയ്വാന്റെ ലിന്‍ യു ടിങ്ങിനെയും പുറത്താക്കിയിരുന്നു. പുരുഷന്‍മാര്‍ക്കുള്ള എക്‌സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. എന്നാല്‍ ഐബിഎയെ അംഗീകരിക്കാത്ത അന്താരാഷ്ട്ര ഒളിമ്പിക് സമിതി (ഐ.ഒ.സി.) ഇരുവരെയും പാരീസില്‍ മത്സരിക്കാന്‍ അനുവദിച്ചു. വനിതകളായാണ് ഇവരെ വളര്‍ത്തിയതെന്നും പാസ്പോര്‍ട്ടില്‍ ഇത് വ്യക്തമാണെന്നുമാണ് ഐ.ഒ.സി. നിലപാട്. ഇതോടെ പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് പാരീസ് ഒളിമ്പിക്‌സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തു.

ആഞ്ജലയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ഇമാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വേട്ടയാടലുകള്‍ക്ക് വിധേയയായിരുന്നു. ഇതിനെല്ലാം ഇപ്പോള്‍ സ്വര്‍ണംകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം.