ലയാളത്തിൻ്റെ അതുല്യകലാകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് നടൻ ജയറാം. 

To advertise here,

'എന്റെ ജീവിതത്തിലെ എംടി സാറുമായുള്ള മൂന്ന് അനുഭവങ്ങള്‍ പങ്കുവെയ്ക്കാം. ആ മൂന്ന് അനുഭവങ്ങള്‍ ഒരു പക്ഷേ എന്നെ പോലെയൊരു നടന് കിട്ടാവുന്നതില്‍ ഏറ്റവും അങ്ങേ അറ്റത്ത് തന്നെയായിരിക്കും. ഞാനാദ്യമായിട്ട് ഒരു പുസ്തകമെഴുതി. ആള്‍ക്കൂട്ടത്തില്‍ ഒരു ആനപ്പൊക്കം എന്നായിരുന്നു അതിന്റെ പേര്. ജയറാമിന്റെ ഈ കഥകള്‍ വായിച്ചുതീരണമെങ്കില്‍ ഒരു ദിവസമൊന്നും പോരാ ആയിരക്കണക്കിന് രാത്രികള്‍ വേണം അതൊന്ന് വായിച്ച് കൊതിതീരാൻ എന്നാണ് അദ്ദേഹം എഴുതിതന്നത്. അത് എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തില്‍ കിട്ടിയ മഹാഭാഗ്യമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ തീര്‍ത്ഥാടനം. മൂകാംബിക കുടജാദ്രിയില്‍ വെച്ചുനടക്കുന്ന ഒരു വലിയ പ്രണയകഥ. അതില്‍ പ്രധാനവേഷം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായില്ലേ. അതില്‍ ഏകദേശം 25 ദിവസത്തോളം അദ്ദേഹത്തോടൊപ്പം ഒരുമുറി പങ്കുവെച്ച് കൂടെ താമസിക്കാനുള്ള ഭാഗ്യമുണ്ടായി.

മൂന്നാമത്തത് തുഞ്ചന്‍പറമ്പില്‍ അദ്ദേഹം എന്നെ അതിഥിയായി വിളിച്ചിരുന്നു. ഒരു സമ്മാനം ഞാന്‍ കരുതിവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതെന്തായിരിക്കും എന്ന് കരുതി അവിടെ ചെന്നപ്പോള്‍ പൊതുവേദിയില്‍ വെച്ചാണ് അദ്ദേഹം ആ സമ്മാനം തന്നത്. എന്റെ വലിയച്ഛന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ അദ്ദേഹത്തിനയച്ച  ഒരു കത്തും എന്റെ ഒരു ഫോട്ടോയുമായിരുന്നു അത്. എന്റെ അനന്തരവൻ സിനിമാമോഹമായിട്ട് നടക്കുന്നുണ്ട് എന്തെങ്കിലും ഒരു വേഷം കൊടുത്ത് സഹായിച്ചാല്‍ നന്ന്  എന്നായിരുന്നു ആ കത്തില്‍. ആ കത്തും ഫോട്ടോയും അദ്ദേഹം ഇത്രയും കാലം ആ ബുക്കിനകത്ത് സൂക്ഷിച്ച് വെച്ചിട്ട് അത് എനിക്ക് സമ്മാനമായി തന്നു. എനിക്കൊരു വേഷം തരാന്‍ സാധിച്ചു എങ്കിലും ദാ ഇത് വെച്ചോളൂ എന്ന് പറഞ്ഞാണ് തന്നത്. ഈ മൂന്ന് ഭാഗ്യങ്ങളില്‍ കൂടുതല്‍ വേറെ എന്താണ് വേണ്ടത്', ജയറാം ഓര്‍ത്തു.