വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് എഴുത്തുകാരി കെ.ആർ.മീര. വായിച്ചുതുടങ്ങിയ കാലംമുതൽ എം.ടി എന്ന എഴുത്തുകാരൻ ജീവിതത്തിലുണ്ടെന്ന് കെ.ആർ മീര പറഞ്ഞു. ഭാഷയുടെ കാര്യത്തിൽ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരിലൊരാളാണ് അദ്ദേഹം. ഒരു പുസ്തകം എടുത്ത് വായിക്കാനോ, സിനിമ കാണാനോ എം.ടി എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നുവെന്നും അതൊരു മിനിമം ഗ്യാരന്റിയായിരുന്നുവെന്നും കെ.ആർ. മീര പറഞ്ഞു.
വായിച്ചതിലും കൂടുതൽ എന്തെങ്കിലും സമ്മാനിക്കപ്പെടുന്ന ഉറപ്പോടെ വായിക്കാൻ കഴിയുന്ന പുസ്തകങ്ങളും കാണാൻ കഴിയുന്ന സിനിമകളുമായിരുന്നു അദ്ദേഹത്തിന്റേത്. എഴുതുന്നത് എന്തുതന്നെയായാലും അത് ആസ്വാദകർക്ക് ഒരുറപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥകൾ രണ്ടാമത് വായിക്കുമ്പോൾ അവയ്ക്ക് പ്രത്യേകമായ അസ്ഥിത്വമുണ്ടെന്ന് തോന്നുന്നവിധത്തിൽ സ്വതന്ത്രമായി നിലനിൽക്കുവെന്ന് ഉറപ്പുവരുന്ന തരത്തിലുള്ള മൂല്യം താനെഴുതുന്നതിനെല്ലാം അദ്ദേഹം കൊടുത്തിരുന്നു. ഇത്രയും പുരോഗമന ആശയങ്ങൾ കാലത്തിന് മുമ്പേ സമ്മാനിച്ച മറ്റെഴുത്തുകാരില്ലെന്നും അവര്‍ പറഞ്ഞു.
സോഷ്യൽ സ്റ്റിഗ്മയെ വളരെ നിസ്സാരമായി മനോഹരമായി, ഗൂഢമായി മറികടന്ന എഴുത്തുകാരനാണ് അദ്ദേഹമെന്നും മീര പറഞ്ഞു. അതതുകാലത്തെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുസൃതമായ കാര്യങ്ങളാണ് പുസ്തകങ്ങളിലൂടെ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഓരോ പുസ്തകങ്ങൾ കഴിയുംതോറും തന്റെ കാഴ്ചപ്പാടുകളെ ചെത്തിമിനുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങളെല്ലാം വളരെ റിയലിസ്റ്റിക്കായിരുന്നു. പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളിച്ച മാറ്റങ്ങൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും വന്നിരുന്നു. സ്ത്രീകളുടെ പദവിയെ സംബന്ധിച്ചും മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും പുരോഗമന ആശയങ്ങൾ വച്ചുപുലർത്തിയിരുന്ന അദ്ദേഹം പുതിയ എഴുത്തുകാരുടെ സൃഷ്ടികളെല്ലാം ശ്രദ്ധാപൂർവം വായിച്ചിരുന്നുവെന്നതും വ്യക്തമായിരുന്നു. പുതിയ എഴുത്തുകാരെയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന മറ്റേതെങ്കിലും എഴുത്തുകാനോ എഴുത്തുകാരിയോ ആ കാലത്തിലുള്ള ആളുകൾക്കിടയിലുണ്ടെന്ന് കരുതുന്നില്ലെന്നും മീര.
അസാമാന്യ സുഹൃദ്വലയവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരേസമയം വിട്ടുനിൽക്കാനും ജനങ്ങളോട് അടുത്തുനിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സാഹിത്യത്തിൽ ഏറ്റവും താരമൂല്യമുള്ള എഴുത്തുകാരനാണ് എം.ടി. അലസമായോ, അലക്ഷ്യമായോ എഴുതിയ ഒന്നും കാണാനാവില്ല. എന്തെടുത്തു നോക്കിയാലും അതിൽ ഒരു എം.ടി. ടച്ച് കാണാം. കേവലം പണത്തിനുവേണ്ടിയല്ല മറിച്ച് ഭാഷയുടെ സമഗ്രമായ വളർച്ച മുന്നിൽ കണ്ടിരുന്നുവെന്നും അതിന് തനിക്ക് നൽകാൻ പറ്റുന്നതെല്ലാം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നുവെന്നും വേണം മനസ്സിലാക്കാനെന്നും കെ.ആർ മീര കൂട്ടിച്ചേർത്തു.
Content Highlights: Writer KR Meera remembers renowned author MT Vasudevan Nair`s literary contributions
Published: 26 Dec 2024, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented