കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ടെ എം.ടിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചത്. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയേയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് നേരത്തേ അനുശോചനസന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

To advertise here,

കേരളത്തേയും മലയാളത്തേയും ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ എം.ടി. ചെയ്ത സേവനം മറക്കാവുന്നതല്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗവാസന കഴിവുതെളിയിച്ചിരുന്നത്. അദ്ദേഹം വിടപറഞ്ഞ ഘട്ടത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.' -മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തിൽ പറഞ്ഞു. 

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം.ടി. വാസുദേവന്‍ നായര്‍ വിട പറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.