മഴക്കാലം എത്തി വീടുകൾക്ക് ഏറ്റവും പരിചരണം വേണ്ട സമയമാണിത്. മഴക്കാലമെന്നാൽ തണുപ്പിന്റെയും നനവിന്റെയുമൊക്കെ കാലമാണ്. വീട്ടിൽ വെറുതെ ചടഞ്ഞു കൂടി ഇരിക്കാനും, ഒരു കപ്പ് കട്ടൻചായയുമായി മഴ ആസ്വദിക്കാനും പറ്റിയ കാലം വേറെയില്ല. മഴയുടെ എല്ലാ ഭാവങ്ങളും അനുഭവിക്കാൻ, വെറുതേയിരുന്ന് മഴ കാണാൻ സാധിക്കുന്നൊരു വീടൊരുക്കാൻ ആഗ്രഹിക്കാത്തവരില്ല. എന്നാൽ നമ്മുടെ വീടുകളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മഴക്കാലത്ത് പുതിയൊരു കുളിർമയേകാം.
കർട്ടനുകളിൽ ചെറിയ മാറ്റങ്ങൾ ആവാം
സാധാരണ ഉപയോഗിക്കാറുള്ള ഇരുണ്ട നിറത്തിലുള്ള കർട്ടനുകളും, അവ്യക്തമായ വരകളും ചിത്രങ്ങളുമുള്ളകർട്ടനുകളും ആദ്യം തന്നെ പെട്ടിയിലാക്കാം. ഇളം നിറങ്ങളിൽ വലിയ പൂക്കളുള്ള കർട്ടനുകളും, നേർത്ത കർട്ടനുകളും പരീക്ഷിക്കാം. ചുമപ്പ്, പച്ച നിറങ്ങൾ മഴക്കാലത്ത വീടിനെ അലങ്കരിക്കുന്ന നിറങ്ങളാണ്. നനവ് പറ്റിയാൽ എളുപ്പം ഉണങ്ങുന്നതും, നനവ് അധികം ഏൽക്കാത്ത തരത്തിലുള്ളതുമായ തുണികളാണ് നല്ലത്.
അകത്തളത്തിലൊരു ഉദ്യാനം
പച്ചപ്പ് എന്നും മനസിന് കുളിർമയേകുന്നതാണ്. മഴക്കാലം ചെടികൾ വളർത്താൻ ഏറ്റവും നല്ല സമയമാണ്. അന്തരീക്ഷത്തിലെ തണുപ്പും, വെള്ളവും, പിന്നെ അല്പം കരുതലും കൂടി ചേരുമ്പോൾ കണ്ണിനും മനസ്സിനും ഒരു പോലെ ആസ്വാദ്യകരമാണ്. ഇതിനായി വീടിന്റെ ബാൽക്കെണികളിൽ ചെറിയ ചെടികൾ നട്ടുവളർത്താം. അതോടൊപ്പം വീടിനുള്ളിലും ചെറിയ ഉദ്യാനമൊരുക്കാം അകത്തളത്തിലെ ഉദ്യാനത്തിനായി ഇലച്ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അധികം വളർന്നുപടരാത്ത ഇലച്ചെടികൾ നൽകുന്ന പച്ചപ്പ് മാനസിക സമ്മർദം കുറയ്ക്കുമെന്ന് പഠനങ്ങളുണ്ട്. മണിപ്ലാന്റ്, മുള എന്നിവ വീടിനുള്ളിൽ വളർത്താവുന്നതാണ്.
കാർപ്പെറ്റുകളോട് പറയാം ഗുഡ് ബൈ
മഴക്കാലത്ത് വീട്ടിലെ കട്ടി കൂടിയ കാർപ്പെറ്റുകൾ ഒഴിവാക്കാം. കാർപ്പെറ്റുകളിലെ ഈർപ്പവും പൊടിയും ചേർന്ന് രോഗാണുക്കൾക്ക് വളരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കട്ടി കുറഞ്ഞ ചണത്തിന്റെ ചവിട്ടികളും. എളുപ്പം ഉണങ്ങുന്ന തരത്തിലുള്ള ചവിട്ടികളും മഴക്കാലത്ത് വീടിനെ ആരോഗ്യകരമാക്കും.
മുളകൾ കൊണ്ട് ബാൽക്കണിയിലൊരു ഊഞ്ഞാൽ
മഴ തിമിർത്ത് പെയ്യുമ്പോൾ മുള ഊഞ്ഞാലിൽ ഇരുന്ന് മഴ ആസ്വദിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്. പ്രകൃതിയോടിണങ്ങി മഴ കാണാൻ പ്‌ളാസ്റ്റിക് കസേരകൾ ഒഴിവാക്കാം. ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കാനും, വെറുതേയിരുന്ന സ്വപ്നം കാണാനും ഇവിടെ ഇരിക്കാം. നാട്ടിൻ പുറത്തെ മഴ ഓർമ്മകളിലേക്ക് ഒന്ന് തിരികെ പോകാൻ ഒരു പക്ഷേ നിങ്ങൾക്കായേക്കും.
Content Highlights: Monsoon-Ready Home: Refreshing Your Space for the Rainy Season
Published: 05 Jun 2025, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented