
മഴക്കാലമെത്തിയാല്‍ വീട്ടിലും വാഹനങ്ങളിലുമെല്ലാം പാമ്പുകളുടെ സാന്നിധ്യം കാണാറുണ്ട്. സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ഇടവും ഹെല്‍മറ്റും കാറിന്റെ ഡാഷ് ബോര്‍ഡുമൊക്കെ ഒളിത്താവളങ്ങളാക്കി മാറ്റിക്കളയും ഇവര്‍.
കണ്ണൂര്‍ പൊദുവാച്ചേരിയില്‍ കാറിനുള്ളിലാണ് പെരുമ്പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയതെങ്കില്‍ അഴീക്കോട് പൂതപ്പാറയില്‍ സ്‌കൂട്ടറിന്റെ യൂട്ടിലിറ്റി ബോക്‌സില്‍ നിന്നാണ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
മഴക്കാലത്ത് മാളങ്ങളില്‍ വെള്ളം നിറയുന്നതോടെയാണ് പാമ്പുകള്‍ അഭയം തേടി വരണ്ട സ്ഥലങ്ങളില്‍ എത്തുന്നത്. ശീതശരീര പ്രകൃതക്കാരായ പാമ്പുകള്‍ക്ക് നീന്താനാകുമെങ്കിലും അവയ്ക്ക് വെള്ളത്തില്‍ മുങ്ങി നില്‍ക്കാനാകില്ല. വീടുകളിലെ ഗ്രില്ല്, ഫ്‌ലോര്‍ മാറ്റ്, ഹെല്‍മെറ്റ്, ഷൂസ് തുടങ്ങി ചൂട് ലഭിക്കുന്ന സ്ഥലങ്ങളാണ് ഇവ തിരഞ്ഞെടുക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വാഹനങ്ങള്‍ ഉപയോഗിക്കാന്‍ എടുക്കുന്നതിനു മുമ്പ് ചുറ്റിനും പരിശോധിക്കാം. ഹെല്‍മെറ്റ്,ചുരുട്ടി വെച്ചിരിക്കുന്ന റെയിന്‍ കോട്ട് എന്നിവ കുടഞ്ഞ ശേഷം അണിയാം.
ഷൂസ് ഇടുന്നതിന് മുമ്പ് കുടയാം. പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പോകുന്നതിനാലാണ് കടിയേല്‍ക്കുന്നത്.
സേവനങ്ങള്‍ പ്രയോജനപ്പെടുത്താം
വിഷമില്ലാത്ത പെരുമ്പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ജനിക്കുന്ന ദിവസം മുതല്‍ വിഷമുള്ളവയാണ് അണലികള്‍. പെരുമ്പാമ്പാണെന്നു കരുതി അണലിയെ പിടിച്ച് അപകടത്തിലാകുന്നവര്‍ കുറവല്ല. തൃകോണാകൃതിയില്‍ തലയുള്ള ഇവയ്ക്ക് താരമ്യേന തടിച്ച ശരീരമാണ്.
അശാസ്ത്രീയമായ രീതിയിലുള്ള പാമ്പ് പിടുത്തമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. വീടുകളിലും പരിസരത്തും കാണുന്ന പാമ്പുകളെ സ്വയം പിടികൂടാന്‍ ശ്രമിക്കരുത്. അനുമതിയില്ലാതെ പാമ്പ് പിടിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരവും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റവുമാണ്. വനം വകുപ്പിന്റെ അംഗീകാരമുള്ള പാമ്പുപിടുത്തക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും പാമ്പുകളെ പിടിക്കുന്നതിന് അനുവാദമില്ല.
ഇത്തരം സാഹചര്യങ്ങളില്‍ സ്വയം കൈകാര്യം ചെയ്യാതെ ട്രെയിനിങ് ലഭിച്ചവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം. പാമ്പുകളെ കണ്ടാല്‍ സര്‍പ്പ ആപ്പ് വഴി വിവരം അറിയിച്ചാല്‍ ഉടന്‍ തന്ന റെസ്‌ക്യൂ സംഘം സ്ഥലത്തെത്തും.
അറിയാതെ പോകരുത് ഈ സഹായങ്ങള്‍
പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സക്ക് 75,000 രൂപ വരെ സഹായം വനംവകുപ്പില്‍ നിന്ന് ലഭിക്കും. പാമ്പ് കടിയേറ്റതു വഴി സ്ഥിരം അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
പാമ്പുകളെ അറിയാം, ഫോണിലൂടെ
പാമ്പുകളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഇനി വിരല്‍തുമ്പിലെത്തും. പാമ്പുകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ആപ്പുകള്‍ ഏതെല്ലാമെന്ന് നോക്കാം.
സര്‍പ്പ: ശാസ്ത്രീയമായി എങ്ങനെ പാമ്പ് പിടുത്തം നടത്താമെന്ന് വ്യക്തമാക്കുന്ന സംസ്ഥാന വനം വകുപ്പിന്റെ ആന്‍ഡ്രോയിഡ് ആപ്പാണ് സര്‍പ്പ. പാമ്പു കടിയേറ്റാൽ ചെയ്യണ്ട പ്രാഥമിക ശുശ്രൂഷകളും ഏറ്റവുമടുത്തുള്ള ചികിത്സ ലഭ്യമായ സ്ഥലവും ആപ്പില്‍ ലഭ്യമാണ്.
സ്‌നേക്ക് പീഡിയ: കേരളത്തിലെ പാമ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പാണ് സ്‌നേക്ക് പീഡിയ. കേരളത്തിലെ പാമ്പുകളുടെ ഫോട്ടോകളും ഗ്രാഫിക്കല്‍ വിവരണവും പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകരുടെ വിവരങ്ങള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവയും ഇതില്‍ ലഭ്യമാണ്. കൂടാതെ പാമ്പുകളെക്കുറിച്ചുള്ള രസകരമായ കഥകളും വസ്തുതകളും ആപ്പില്‍ നിന്നും വായിക്കാം.
സ്‌നേക്ക് ഹബ്: ഇന്ത്യയിലെ പാമ്പുകളെ പറ്റി അറിയാനുള്ള ആപ്പാണ് സ്‌നേക്ക് ഹബ്. ഇംഗ്ലീഷ്, മലയാളം, മറാത്തി എന്നീ മൂന്ന് ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. ഇന്ത്യയിലെ വ്യത്യസ്ത വര്‍ഗത്തില്‍പെട്ട പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തരംതിരിച്ച് ആപ്പില്‍ നല്‍കിയിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും പാമ്പുകളെ സംബന്ധിച്ച എന്ത് സംശയവും ചോദിക്കാനും ഇതില്‍ സൗകര്യമുണ്ട്.
Content Highlights: Monsoon Season & Snakes: Safety Precautions and Resources in Kerala
Published: 16 Jun 2025, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented