മഴക്കാലമായാല്‍ മലയാളികള്‍ പതിവായി ധരിക്കാറുള്ള ഷൂസുകള്‍ക്കും ചെരിപ്പുകള്‍ക്കും വിശ്രമകാലമാണ്. മഴ തുടര്‍ച്ചയായി പെയ്താല്‍ എത്ര മുന്തിയ ഷൂസുകളായാലും കാര്യമില്ല, മഴച്ചെരിപ്പുകളായിരിക്കും പിന്നെ കളം നിറയുക... മഴയത്ത് ഇടാന്‍ ഒരു ജോഡി ചെരിപ്പ് എന്നതില്‍നിന്ന് മാറി ഫാഷനും ഒത്തുനോക്കിയാണ് മലയാളികള്‍ ഇപ്പോള്‍ മഴച്ചെരിപ്പുകള്‍ തിരഞ്ഞെടുക്കുന്നത്. ഈ പ്രവണത മഴച്ചെരിപ്പു വിപണിയെയും സ്വാധീനിച്ചിട്ടുണ്ട്.

To advertise here,

ഇത്തവണ ജൂണിന് മുന്‍പുതന്നെ മഴയെത്തിയതോടെ മഴച്ചെരിപ്പുകളുടെ വില്‍പ്പനയും ഉയര്‍ന്നു. ഇത്തവണ കച്ചവടം 10 കോടി രൂപയെങ്കിലും കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലോഗാണ് താരം

പാദം മുഴുവന്‍ മൂടുന്ന ഇനം ചെരിപ്പുകളാണ് ക്ലോഗുകള്‍. ആഗോള ഫുട്വെയര്‍ ബ്രാന്‍ഡായ ക്രോക്‌സിന്റേതിന് സമാനമായ മോഡലുകളാണ് ഇവ. ഇത്തരത്തിലുള്ള ചെരിപ്പുകളാണ് മഴക്കാലത്ത് വിപണിയിലെ താരങ്ങള്‍. കുട്ടികള്‍ക്കും യുവതലമുറയ്ക്കുമാണ് ഇവയോട് കൂടുതല്‍ പ്രിയം. 299 മുതല്‍ 1,000 രൂപവരെ പുരുഷന്‍മാരുടെയും സ്ത്രീകള്‍ക്കുമുള്ള ക്ലോഗ്‌സ് ലഭിക്കും. പൂമ്പാറ്റകളും യൂണീകോണുമൊക്കെ പിടിപ്പിച്ച ക്ലോഗുകളോട് കുട്ടികള്‍ക്ക് കൂടുതല്‍ പ്രിയം. മഴക്കാലത്തും ഷൂസ് ഒഴിവാക്കാനാകാത്തവര്‍ക്ക് 500 രൂപ മുതല്‍ റബ്ബര്‍ ഷൂസും ലഭിക്കും.

ഏതൊക്കെ ട്രെന്‍ഡുകള്‍ വന്നാലും സ്ഥിരമായി ഉപയോഗിക്കുന്ന മോഡലുകള്‍ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട്. പ്രായമായവരില്‍ ഏറെയും വികെസി, ഒഡീസിയ, ബാറ്റ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളുടെ മഴച്ചെരിപ്പുകളാണ് ചോദിച്ചുവാങ്ങുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. 399 രൂപ മുതല്‍ 1,200 രൂപവരെയാണ് ഇവയുടെ വില. കൂടാതെ വില അല്പം കൂടുതലാണെങ്കിലും മഴയത്ത് ഉപയോഗിക്കാവുന്ന ലെതര്‍ ചെരിപ്പുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. വാതത്തിന് ഉപയോഗിക്കുന്ന ചെരിപ്പുകള്‍ക്കും മഴക്കാലത്ത് വില്‍പ്പന ഉയരും.

എവര്‍ഗ്രീന്‍ റെയിന്‍കോട്ട്

മഴച്ചെരിപ്പിനോടൊപ്പം തന്നെ 100 രൂപ കോട്ട് എന്ന പേരില്‍ വിപണി കീഴടക്കിയ ഡിസ്‌പോസിബിള്‍ റെയിന്‍കോട്ടുകളും വലിയ തോതില്‍ വിറ്റുപോകുന്നുണ്ട്്. ഇടുന്ന വസ്ത്രത്തിന്റെ നിറത്തിനനുസരിച്ച് ഒന്നിലധികം എണ്ണം വാങ്ങുന്നവരുമുണ്ട്. 

ചെറിയ കീറലുകള്‍ വീണാലും കൈമോശം വന്നാലും അധികം നഷ്ടമില്ല എന്നതുകൂടി കണക്കാക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഗുണമേന്മ നോക്കി യെത്തുന്നവര്‍ കൂടുതലായും ബ്രാന്‍ഡഡ് റെ യിന്‍കോട്ടുകളാണ് വാങ്ങുന്നത്. ഇവയ്ക്ക് ശരാശ രി 500 രൂപ മുതലാണ് വില.