ആരോഗ്യകാര്യത്തിലെന്ന പോലെ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വേണ്ട സമയമാണ് മഴക്കാലം. വളരെ വേഗത്തിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഈ സമയത്തുണ്ട്. അതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഏതാനും ഭക്ഷ്യവസ്തുക്കൾ പരിചയപ്പെടാം.

To advertise here,

പച്ചക്കുരുമുളക്

പച്ചക്കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ എന്ന ആൽക്കലോയ്ഡിന് ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉണ്ട്. അതിൽ വിറ്റാമിൻ സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പച്ചക്കുരുമുളകിൽ ധാരാളമായി ആന്റിഓക്സിഡന്റും ഉണ്ട്. ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉത്പാദനം കുറച്ച് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

പഴങ്ങൾ

ചെറികൾ, ഞാവൽപ്പഴം, മാതളപ്പഴം എന്നിവയിലെല്ലാം വിറ്റാമിൻ സി, എ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വഴിയരികിൽ മുറിച്ചുവെച്ച പഴങ്ങൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

പാനീയങ്ങൾ

സൂപ്പ്, മസാല ടീ, ഗ്രീൻ ടീ എന്നിവയെല്ലാം ഇടവിട്ട് കുടിക്കാം. ഇവ നിർജലീകരണം തടയുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രോബയോട്ടിക്കുകൾ

തൈര്, മോര്, ഉപ്പിലിട്ടവ എന്നിവ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഇത് രോഗങ്ങൾക്ക് കാരണമായ ബാക്ടീരിയകൾക്കെതിരേ പോരാടാൻ സഹായിക്കുന്നു.

ഇഞ്ചിയും വെളുത്തുള്ളിയും

ജലദോഷം, പനി എന്നിവയ്ക്കെതിരേ പ്രവർത്തിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും സഹായിക്കുന്നു. വൈറസിനെതിരേ പ്രവർത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇഞ്ചി ഇട്ട് തയ്യാറാക്കുന്ന ചായ തൊണ്ട വേദന ശമിപ്പിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന മികച്ച ഭക്ഷ്യ ഉത്പന്നമാണ് വെളുത്തുള്ളി.

മഞ്ഞൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന ഘടകത്തിന് ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ ഫലങ്ങളുണ്ട്. മഞ്ഞൾ അൾസർപോലുള്ള വയറ്റിലെ പ്രശ്നങ്ങൾ തടയുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പാലിലോ തേനിലോ ചൂട് വെള്ളത്തിലോ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)