
നായകന്മാരുടെ മാസ് ഇൻട്രോകൾ കാണാൻ ഇഷ്ടപ്പെടുന്ന ആരാധകർ ഏറെയാണ്. തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന മാസ് സീനുകൾക്കായി സംവിധായകർ പല മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. സ്ലോ മോഷനും ലെെറ്റ് ഇഫക്ടും ഏതെങ്കിലും താരങ്ങൾ നായകന്മാരെ പുകഴ്ത്തിപ്പറയുന്ന ഡയലോഗുകളുമൊക്കെ ഇത്തരത്തിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്.
നായകനെ മാസ്സ് ആക്കുന്ന മറ്റൊരു ഡയറക്ഷന്‍ സൂത്രമാണ് മഴ. ഇൻട്രോ സീനുകളിലും സംഘട്ടന രംഗങ്ങളിലുമൊക്കെ മഴയെ കൃത്യമായി ഉപയോഗിച്ച് പ്രേക്ഷകരെ ആവേശത്തിലാക്കിയ സീനുകൾ നിരവധിയാണ്. തിയേറ്ററുകളെ ആവേശക്കൊടുമുടിയിലാക്കിയ ചില രംഗങ്ങൾ നോക്കാം.
രാജമാണിക്യത്തിലെ ബെല്ലാരി രാജ
ബെല്ലാരി രാജയെന്ന പോത്തുകച്ചവടക്കാരനെ അറിയാത്ത സിനിമാപ്രേമിയുണ്ടാകില്ല. തിരുവന്തപുരം ഭാഷയും മാസ് ഫെെറ്റുകളുമൊക്കെയായി വന്ന രാജ, മലയാള സിനിമയിലെ സകല റെക്കോഡുകളും തകർത്ത് ഇൻഡസ്ട്രി ഹിറ്റായത് ചരിത്രം. സിനിമയിൽ ബെല്ലാരി രാജയുടെ ഇൻട്രോ സീൻ ഇന്നും ഓർക്കുമ്പോൾ രോമാഞ്ചം വരുന്ന ഒരുപാട് ആരാധകരുണ്ട്. തന്റെ കൂടെയുള്ളവർക്ക് ഒരു പ്രശ്നം വന്ന സമയത്ത്, മറ്റാരിലും പ്രതീക്ഷയില്ലാതിരിക്കുന്ന വേളയിലാണ് രക്ഷകനായി രാജയുടെ എൻട്രി.

എല്ലാവരും നായകന്റെ വരവിനായി കാത്തിരിക്കുകയാണ്. അപ്പോഴാണ് ആര്‍ത്തലച്ച് മഴ പെയ്തത്. ആ മഴയത്ത് കാറിൽ നിന്നും നായകൻ ഇറങ്ങുകയാണ്. കൂടെയുള്ളയാൾ കുട പിടിക്കുന്നു. അവിടെയാണ് നായകന്റെ മുഖം പ്രേക്ഷകൻ ആദ്യമായി കാണുന്നത്. പിന്നെയങ്ങോട്ട് നായകന്റെ ഹീറോയിസമാണ്. പഞ്ച് ഡയലോഗും സംഘട്ടനവുമൊക്കെയായി ഒരു ബെല്ലാരി രാജ ഷോ.
ആറാം തമ്പുരാനും ചെങ്കളം മാധവനും
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളിന്നാണ്, കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ. സംഘട്ടനങ്ങൾ കൊണ്ടും മാസ് ഡയലോഗുകൾ കൊണ്ടും സമ്പന്നമായിരുന്നു ആറാം തമ്പുരാൻ. ചിത്രത്തിൽ ഒരു സംഘട്ടനരംഗമുണ്ട്, ജഗന്നാഥനും ചെങ്കളം മാധവനും തമ്മിലുള്ള ഒരൊന്നൊന്നര ഫെെറ്റ്. ജഗന്നാഥനെ നാലാൾ കൂടുന്ന കവലയിലേയ്ക്ക് വരാൻ വെല്ലുവിളിക്കുകയാണ് മാധവൻ.

കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് മാധവന്റെ വരവ്. ഒരു പക്കാ മാസ് സീനിന്റെ ബിൽഡ് അപ്പ്, കൂട്ടിന് ഉഗ്രൻ മഴയും. മാധവന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ബുള്ളറ്റിൽ തലയിൽകെട്ടുമായി കവലയിലേയ്ക്ക് ജഗന്നാഥൻ വരുമ്പോൾ പ്രേക്ഷകർ ആഘോഷം തുടങ്ങുകയായി. മഴയത്ത് ഒരുഗ്രൻ സംഘട്ടനം, മലയാളികളെന്നും ഓർത്തിരിക്കുന്ന രംഗത്തിന്റെ പിറവിയായിരുന്നു അത്.
സ്റ്റെെലിഷായി ബിലാൽ
മലയാളത്തിലെ മാസ് ചിത്രങ്ങളുടെ ഫോർമാറ്റ് തന്നെ തിരുത്തിക്കുറിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ചിത്രമായിരുന്നു അമൽ നീരദിന്റെ ബിഗ് ബി. മമ്മൂട്ടി ബിലാലായി അവതരിച്ചപ്പോൾ മാസിന് പുതിയൊരു മുഖം കൂടി ലഭിച്ചു. ചടുലമായ രംഗങ്ങളും നെടുനീളൻ ഡയലോഗുകളുമായി നായകന്മാർ കെെയടി നേടിക്കൊണ്ടിരിക്കെയാണ് ബിലാലിന്റെ വരവ്. സ്ലോ മോഷനിലുള്ള നടത്തം, മിതമായ സംസാരം. ബിഗ് ബി ട്രെന്റായി മാറാൻ അധികനേരം വേണ്ടി വന്നില്ല. കഥ വളരെ ഇമോഷണലായ സമയത്താണ് ബിലാലിന്റെ വരവ്.

വളർത്തമ്മയുടെ സംസ്കാര ചടങ്ങുകൾക്കായി ബിലാൽ എത്തുമ്പോൾ ബാക്ഗ്രൗണ്ടിൽ കഥാപാത്രത്തെക്കുറിച്ചുള്ള ബിൽഡ് അപ്പ് തുടങ്ങിക്കഴിഞ്ഞു. മഴയത്ത് തലയിൽക്കെട്ടുമായി കെെയിൽ കുടയുമായാണ് ബിലാലിന്റെ വരവ്. ഇമോഷണൽ രംഗമായതുകൊണ്ട് തന്നെ എന്റർടെയിൻ ചെയ്യിക്കുന്ന വരവായിരുന്നില്ല ബിലാലിന്റേത്. എന്നാൽ മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസും മേക്കിങ്ങും മഴയും എല്ലാം ചേർന്നപ്പോൾ ബിലാലിന് ഒരു മാസ് പരിവേഷം ലഭിച്ചിരുന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം.
വരത്തന്റെ ക്ലെെമാക്സിലെ ആറാട്ട്
മെല്ലെ തുടങ്ങി അവസാനം ആളിക്കത്തിയ ചിത്രമാണ് അമൽ നീരദിന്റെ വരത്തൻ. ഫഹദും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളവതരിപ്പിച്ച ചിത്രം നല്ലൊരു പ്രമേയവുമായാണ് എത്തിയത്. കെെയ്യൂക്ക് കാണിക്കുന്ന വില്ലന് നേരെ പ്രതികരിക്കാത്ത എബിൻ എന്ന നായകൻ അവസാനം ആക്ഷൻ രംഗങ്ങൾ കൊണ്ട് ആടിത്തിമിർത്തു.

വീട്ടിനകത്തെ ഒളിച്ചുകളിയും സംഘട്ടനവും പുറത്തേയ്ക്ക് എത്തിയപ്പോൾ, മാസ് രംഗത്തിന് കൂട്ടായി മഴയുമുണ്ടായിരുന്നു. ഒടുവിൽ തോക്കെടുത്ത് നായിക കഥാപാത്രമായ പ്രിയ വില്ലനെ വെടിവെച്ച് വീഴ്ത്തുന്നത് വരെ ആ മാസ് തുടരുന്നുണ്ട്.
മകൾക്കായി ഒരു ഗ്രേറ്റ് ഫാദർ
മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു അച്ഛൻ അവളെ വേദനിപ്പിച്ചവർക്ക് വേണ്ടി വിശ്വരൂപം കെെക്കൊള്ളുന്ന ചിത്രം, മമ്മൂട്ടി നായകനായ ഹനീഫ് അദേനി ചിത്രം. മാസ് രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ടും സമ്പന്നമാണ് ചിത്രം. ഗ്രേറ്റ് ഫാദറിൽ സ്കൂളിന് മുന്നിൽ വെച്ചൊരു രംഗമുണ്ട്. സ്കൂൾ കഴിഞ്ഞ് വരുന്ന മകളെ കാത്തുനിൽക്കുന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ്. കുറച്ചകലെ ഒരു വാനിൽ ഗുണ്ടാസംഘം. പെരുംമഴ, കുടയും ചൂടി വരുന്ന മകൾ. എന്തും സംഭവിക്കാമെന്ന പ്രതീതി നൽകുന്ന ഒരു രംഗം.

തൊപ്പിയും വെച്ച് ഡേവിഡ് കാറിൽ നിന്ന് ഇറങ്ങുകയാണ്. മകളെ കാറിലേയ്ക്ക് കയറ്റുന്നു. ഇവരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയാണ് സംഘം. ഇവർക്കുനേരെ നടന്നടുക്കുന്ന ഡേവിഡ് തോക്കെടുത്ത് ഇവരെ ചൂണ്ടിക്കൊണ്ട് രൂക്ഷമായി നോക്കുന്നു. ഡേവിഡിന്റെ ആ പ്രവർത്തിയിൽ ഞെട്ടുന്ന ഐ.എം വിജയൻ നേതൃത്വം നൽകുന്ന ഗുണ്ടകൾ തിരിഞ്ഞോടുകയാണ്. ഗംഭീര ബി.ജി.എമ്മിന്റെ അകമ്പടിയോടെ എത്തുന്ന ആ രംഗത്തിൽ മഴയെ ഒരിക്കലും ഒഴിച്ചുനിർത്താനാകുമെന്ന് തോന്നുന്നില്ല. ഡേവിഡ് ആരാണെന്ന് ശരിക്കും മകളുൾപ്പടെ ഉള്ളവർ തിരിച്ചറിയുന്ന ആ രംഗത്തിൽ മഴയ്ക്ക് അത്രയേറെ പ്രാധാന്യമുണ്ടായിരുന്നു.
പ്രതികാരത്തിന്റെയും സ്നേഹത്തിന്റെയും പറവ
ഷെയിൻ നിഗം, അർജുൻ അശോകൻ, ദുൽഖർ, ശ്രീനാഥ് ഭാസി, സൗബിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ പ്രേക്ഷകന് മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ്. തുടക്കം മുതൽ കൂട്ടുകാരെ പിരിഞ്ഞ് നിൽക്കുന്ന നായകൻ അവസാനം ലഹരിക്കടിമയായ വില്ലന്മാരെ നേരിടാൻ എത്തുന്നു. ദേഷ്യവും സങ്കടവും കൊണ്ട് ഷെയിനിന്റെ കഥാപാത്രം പൊട്ടിത്തെറിക്കുമ്പോൾ മഴയെ സമർഥമായി സംവിധായകൻ സൗബിൻ ഉപയോഗിച്ചു.

സംഘട്ടനം തുടങ്ങുമ്പോൾ നായകന് കൂട്ടായി കൂട്ടുകാരെത്തുന്നു, ഒരു ഒത്തുചേരൽ. ഒരുപക്ഷേ, ഇവരുടെ സങ്കടങ്ങളാകാം മഴയായി പെയ്തൊഴിഞ്ഞത്. പ്രേക്ഷകനെ രോമാഞ്ചം കൊള്ളിച്ച ആ രംഗത്തിലേയക്ക് ഇവരുടെ അച്ഛന്മാരും എത്തുന്നുണ്ട്. പൊട്ടിത്തെറിക്കാറായ സങ്കടക്കടലും പേറി സിദ്ദിഖും അശോകനും എത്തുമ്പോൾ അവിടെ മഴയില്ലാതിരുന്നെങ്കിൽ ആ രംഗം പൂർണമാകുമായിരുന്നോ എന്ന് സംശയമാണ്.
പ്രജാപതി, പതിനെട്ടാം പടി തുടങ്ങി മലയാള സിനിമകളിൽ ഇനിയുമേറെയുണ്ട് ഇത്തരത്തിലുള്ള മഴയെ സാക്ഷിയാക്കിയ മാസ് രംഗങ്ങൾ. നിരാശയിലും സങ്കടത്തിലും സന്തോഷത്തിലും ഭീതിയിലും ഒക്കെ മഴയെ സംവിധായകർ വിദഗ്ധമായി ഉപയോഗിക്കാറുണ്ട്. രജനീകാന്തിന്റെ കാലാ, റിഷഭ് ഷെട്ടിയുടെ കാന്താര, യാഷിന്റെ കെ.ജി.ഫ്, വിജയ് ചിത്രം തെരി, അജിത്തിന്റെ വിശ്വാസം, പ്രഭാസിന്റെ ബാഹുബലി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങളിലും മഴയെ ഭംഗിയായി മാസ് രംഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

മാസ് രംഗമോ ക്ലാസ് രംഗമോ ആയാലും, വിരഹമോ പ്രണയമോ ഏകാന്തതയോ സങ്കടമോ ആണെങ്കിലും കൂട്ടിന് മഴ വരുമ്പോൾ ആ രംഗത്തിന്റെ തീവ്രത കൂടുന്നതായി കാണാം. അതെ, മഴ ഒരു വികാരമാണ്, പലർക്കും അവരുടെ ജീവിത സാഹചര്യങ്ങളനുസരിച്ച് മാറിമറിയുന്ന വികാരം.
Content Highlights: rain special story mammootty mohanlal malayala cinema mass scenes in rain
Published: 17 Jun 2023, 05:59 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented