ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മൺസൂൺ ശക്തിപ്രാപിക്കുന്നു. ഡൽഹിയിലും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും മഴക്കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

To advertise here,

വ്യാഴാഴ്ച രാത്രി ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതിയിൽ ഡൽഹിയിൽ മൂന്നുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

വരുംദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രവചന പ്രകാരം രാജസ്ഥാൻ, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി മൺസൂൺ എത്തിച്ചേരും.

ഉത്തരേന്ത്യയിൽ വരുംദിവസങ്ങളിൽ കാലവർഷം കനത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളിൽ വ്യാപക മഴയ്ക്കാണ് സാധ്യത കൽപിക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും മഴ പരക്കെ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ മഴക്കെടുതി ബാധിച്ച വിവിധയിടങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാപകമായ മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരുംദിവസങ്ങളിൽ കാലാവസ്ഥാ രീതികളിൽ പ്രകടമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വരുംദിവസങ്ങളിൽ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദ മേഖല സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 9 മുതൽ ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.